രാജ്യാന്തര മേളകളില്‍ തിളങ്ങി ‘ദിനോസറിന്റെ മുട്ട’
Mail This Article
ഏഴാമത് അണ്ണാബു സാതെ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ നേട്ടം കൊയ്ത് കോട്ടയം കെ.ആർ. നാരായണൻ നാഷനൽ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ. പുനെയിൽ വച്ച് നടന്ന ഫെസ്റ്റിവലില്‍ വിദ്യാർഥികൾ ഒരുക്കിയ ‘ദിനോസറിന്റെ മുട്ട’ മികച്ച എക്സ്പിരിമെന്റൽ ഡോക്യുമെന്ററിയായും, എം.എസ്.അഭിറാം മികച്ച എഡിറ്ററായും മുഹമ്മദ് താമിർ എം.കെ. മികച്ച ശബ്ദ ലേഖനത്തിനും ശബ്ദ മിശ്രണത്തിനുമുള്ള അവാർഡും കരസ്ഥമാക്കി. മികച്ച ഡോക്യുമെന്ററിയും കോളജിലെ വിദ്യാർഥികൾ നിർമിച്ച ‘രാച്ചമ്മ’യാണ്.
കോട്ടയം കെ.ആർ.നാരായണ നാഷനൽ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ അവസാന വർഷ ഫിലിം എഡിറ്റിങ് വിദ്യാർഥിയാണ് കോട്ടയം മറിയപ്പള്ളി സ്വദേശിയായ എം.എസ്. അഭിറാം. വയനാട് കണിയാമ്പറ്റ സ്വദേശിയായ മുഹമ്മദ് താമിർ അവസാന വർഷ ഓഡിയോഗ്രഫി വിദ്യാർഥിയാണ്.
ശ്രുതിൽ മാത്യുവാണ് ഡോക്യുമെന്ററിയുടെ സംവിധായകന്‍. ഭവ്യ ബാബുരാജ് ഛായാഗ്രഹണം, അരവിന്ദ് നാരായണൻ, സത്യാനന്ദ് എന്.എസ്. ആനിമേഷൻ, വൈശാഖ് സോമനാഥ് സംഗീതം.
തിരുവിതാംകൂർ-മലബാർ കുടിയേറ്റത്തിന്റെ കഥപറയുന്ന ഡോക്യുമെന്ററി ഇതിനോടകം നിരവധി അവാർഡുകളും കരസ്ഥമാക്കിയിട്ടുണ്ട്. മോസ്കോയിൽ നടന്ന വിജിഐകെ സ്റ്റുഡൻസ് ഫെസ്റ്റിവൽ, അഹമ്മദാബാദിൽ വച്ച് നടന്ന അൽപ വിരാമ ഫിലിം ഫെസ്റ്റിവൽ, ചെക്ക് റിപ്പബ്ലിക്കിൽ വച്ച് നടന്ന ജി ഹ്ലാവ ഐഡിഎഫ്എഫിലും ദിനോസറിന്റെ മുട്ട മികച്ച നേട്ടം സ്വന്തമാക്കി.