ADVERTISEMENT

പുതുവർഷത്തിലെ പുതിയ തീരുമാനങ്ങൾ എന്തൊക്കെയെന്ന ചോദ്യത്തിന് അങ്ങനെ തീരുമാനങ്ങളെടുക്കുന്ന ശീലമില്ലെന്നായിരുന്നു നടി അനശ്വര രാജന്റെ ചിരിച്ചു കൊണ്ടുള്ള മറുപടി. കൈനിറയെ ചിത്രങ്ങളുമായാണ് അനശ്വരയെ തേടി പുതുവർഷമെത്തുന്നത്. ഒപ്പം തെലുങ്കിൽ അരങ്ങേറ്റം കുറിക്കുന്നതിന്റെ സന്തോഷവുമുണ്ട്. ‘രേഖാചിത്രം’ ഒൻപതിനും ‘എന്ന്‌ സ്വന്തം പുണ്യാളൻ’ പത്തിനും തിയറ്ററിലെത്തും. യാത്രകൾ ഇഷ്ടപ്പെടുന്ന അനശ്വരയുടെ പുതുവർഷ യാത്ര വാഗമണ്ണിലേക്കായിരുന്നു.

സന്തോഷത്തുടക്കം

അർജുൻ അശോകനൊപ്പം മുഴുനീള കോംബിനേഷൻ സീനുകൾ‍ വരുന്ന എന്റെ രണ്ടാമത്തെ ചിത്രമാണ് മഹേഷ് മധു സംവിധാനം ചെയ്യുന്ന ‘എന്ന് സ്വന്തം പുണ്യാളൻ’. ഒരു പള്ളിയിലെ അച്ചനും അവിടേക്കെത്തുന്ന പെൺകുട്ടിയും ഒരു കള്ളനും ഒരു മുറിയിൽ പെട്ടുപോകുന്ന അവസ്ഥ നർമത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുകയാണ് ചിത്രത്തിലൂടെ. ബാലു വർഗീസാണു മറ്റൊരു പ്രധാന കഥാപാത്രം. ബാലു ചേട്ടനെ സെറ്റിൽ വച്ചാണു പരിചയപ്പെടുന്നത്. ഒപ്പം അഭിനയിക്കാൻ വളരെ കംഫർട്ടബിളായ ആളാണ് അർജുൻ ചേട്ടൻ. ആസ്വദിച്ചാണ് അവർക്കൊപ്പമുള്ള സീനുകളെല്ലാം അഭിനയിച്ചത്.

‘എന്ന് സ്വന്തം പുണ്യാളൻ’ ഒരു ഫാന്റസി കോമഡി ത്രില്ലറാണെങ്കിൽ ‘രേഖാചിത്രം’ ഒരു മിസ്റ്ററി ത്രില്ലറാണ്. ആസിഫ് അലിയെ പരിചയമുണ്ടെങ്കിലും അദ്ദേഹത്തിനൊപ്പമുള്ള എന്റെ ആദ്യ ചിത്രമാണിത്. സിനിമയുടെ ആദ്യ ഇരുപതു മിനിറ്റിനുള്ളിൽ കുറ്റകൃത്യവും എന്തിനെ പറ്റിയാണ് അന്വേഷിക്കുന്നതെന്നും പ്രേക്ഷകനു മനസ്സിലാകും. പക്ഷേ, സിനിമയെ വ്യത്യസ്തമാക്കുന്നതു കഥാഖ്യാന രീതിയാണ്. അതിന്റെ വൈകാരികതയാണ്.

ഫെബ്രുവരി 14ന് ആണ് പൈങ്കിളിയുടെ റിലീസ്. നടൻ ശ്രീജിത്ത് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ‘ആവേശ’ത്തിന്റെ സംവിധായകൻ ജിത്തു മാധവനാണ്. ആവേശത്തിലെ അമ്പാൻ–സജിൻ ഗോപുവാണു നായകൻ. ‘സെവൻ ജി റെയിൻബോ കോളനി 2’ ആണ് തമിഴിൽ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. തെലുങ്കിലെ എന്റെ ആദ്യ ചിത്രവും ഈ വർഷം പുറത്തിറങ്ങും. മലയാള സിനിമയെ ഏറെ ഇഷ്ടമുള്ള, അതേക്കുറിച്ച് എപ്പോഴും സംസാരിക്കുന്ന ആളുകളാണ് തമിഴ്, തെലുങ്ക് ഇൻഡസ്ട്രികളിലുള്ളത്. തെലുങ്ക് ഭാഷ പഠിക്കാൻ സെറ്റിലുള്ളവർ ഏറെ സഹായിച്ചു. മലയാളം സംസാരിക്കുന്നവർക്കു തെലുങ്ക് ബുദ്ധിമുട്ടാകില്ലെന്നാണ് സെറ്റിലുള്ളവർ പറയുക.

തമാശകളുണ്ട്, മാറ്റമുൾക്കൊണ്ട്

കോമഡി ചെയ്തു ഫലിപ്പിക്കാൻ പ്രയാസമാണ്. മലയാളത്തിലെ കോമഡി ആർട്ടിസ്റ്റുകൾ ലെജൻഡ്സാണ്. അവർ ചെയ്തുവച്ച കഥാപാത്രങ്ങളുമായി ഇന്നത്തെ കഥാപാത്രങ്ങൾക്കു താരതമ്യമില്ല. അതിനർഥം നമുക്കിടയിൽ നല്ല അഭിനേതാക്കൾ ഇല്ലെന്നല്ല. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ ഉൾക്കൊണ്ട, തമാശകൾ നിറഞ്ഞ സിനിമകൾ ഇപ്പോഴും മലയാളത്തിൽ വരുന്നുമുണ്ട്.

എല്ലാം സ്വീകരിക്കും ബീറ്റ

എല്ലാ കാര്യത്തെക്കുറിച്ചും അറിവുള്ള, എല്ലാവരെയും സ്വീകരിക്കാൻ കഴിയുന്ന ഒരു തലമുറയായിരിക്കും ബീറ്റ. അതുകൊണ്ട് സൈബർ ആക്രമണങ്ങൾ ഇല്ലാതാകുമെന്നു കരുതുന്നില്ല. ഏതു കാര്യത്തിനും നല്ലതും ചീത്തയുമുണ്ടല്ലോ. കുറേപ്പേർ എല്ലാറ്റിനെയും കുറ്റം പറഞ്ഞു കൊണ്ടേയിരിക്കും. പക്ഷേ, അതൊന്നും ഗൗനിക്കാത്ത ആളുകളുടെ എണ്ണം കൂടാനാണു സാധ്യത.

ഇഷ്ടങ്ങളേറെ

നാടിനെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്. പ്രകൃതിയെ ഇഷ്ടമുള്ള ആർക്കും കണ്ണൂരിനെയും ഇഷ്ടപ്പെടും. അവധിക്കാലം ആഘോഷിക്കാൻ പോകുന്നവർക്കു പറ്റിയ ഇടമാണ് കണ്ണൂർ. തെയ്യം കണ്ടിട്ടു രണ്ടു മൂന്നു വർഷമായി. കൊറിയൻ സിനിമകൾ, സീരീസുകൾ, ബാൻഡുകൾ എന്നിവയെല്ലാം എന്റെ ഇഷ്ടമേഖലകളാണ്. കോവിഡ് കാലത്ത് കട്ട ബിടിഎസ് ഫാനായിരുന്നു.  യാത്ര ചെയ്യാൻ ഏറെ ഇഷ്ടമാണ്. പുതുവർഷ യാത്ര വാഗമണ്ണിലേക്കായിരുന്നു. നഗരങ്ങളെക്കാളും വല്ല മല മുകളിലോ കാടിനു നടുവിലോ ചെന്നിരിക്കാനാണ് ഇഷ്ടം. ഹിമാചൽ പ്രദേശിലെ സ്പിതി വാലി മറക്കാനാകില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com