‘സൂപ്പർസ്റ്റാർ ഉണ്ണി മുകുന്ദൻ’, ഈ നേട്ടം അവിചാരിതമോ ഭാഗ്യമോ അല്ല: സ്വാസിക പറയുന്നു
Mail This Article
ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന സൂപ്പർതാരമായി ഉണ്ണി മുകുന്ദൻ മാറിയതിൽ അതിയായ സന്തോഷമുണ്ടെന്ന് നടി സ്വാസിക വിജയ്. ഇന്ന് ഉണ്ണിക്കു കിട്ടുന്ന ഓരോ കയ്യടികളും പല പ്രതിസന്ധികളെയും അതിജീവിച്ചു നേടിയെടുത്തതാണെന്നും സ്വാസിക പറയുന്നു.
‘‘ഉണ്ണി ഇന്ന് നേടിയെടുത്തത് ഒന്നും അവിചാരിതമായോ ഭാഗ്യം കൊണ്ടോ വന്നതല്ല. ഇന്ന് ഉണ്ണിക്ക് കിട്ടുന്ന ഓരോ കയ്യടികളും ഉണ്ണി പല പ്രതിസന്ധികളെയും അതിജീവിച്ചു നേടിയെടുത്തതാണ്, വേറൊരു വ്യക്തിക്കും അദ്ദേഹം അതിജീവിച്ചത് പോലെ പ്രശ്നങ്ങളെ അതിജീവിക്കാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല. ഉണ്ണിയുടെ വിഷൻ എന്തായിരുന്നു എന്ന് തുടക്കം തൊട്ട് അറിയാവുന്ന ആൾ ആയിരുന്നു ഞാൻ. ഇന്ന് ഇന്ത്യ ഒട്ടാകെ അറിയുന്ന സൂപ്പർസ്റ്റാർ ആയി ഉണ്ണി മാറിയതിൽ എന്തെന്നില്ലാത്ത സന്തോഷം.’’–സ്വാസികയുടെ വാക്കുകൾ.
ഒറീസ എന്ന സിനിമയിലാണ് താനും ഉണ്ണി മുകുന്ദനും ഒന്നിച്ച് അഭിനയിച്ചതെന്ന് സ്വാസിക മനോരമ ഓൺലൈനോടു പറഞ്ഞു. "അന്ന് കുറെ ദിവസം ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. അന്നു തന്നെ അഭിനയിക്കാനുള്ള ഇഷ്ടത്തെക്കുറിച്ചും ചെയ്യാൻ ആഗ്രഹമുള്ള കഥാപാത്രങ്ങളെക്കുറിച്ചും ഉണ്ണി പറയുമായിരുന്നു. കരിയറിൽ നേടാനാഗ്രഹിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഉണ്ണിക്ക് വ്യക്തമായ ധാരണ ഉണ്ടായിരുന്നു. അതിനുവേണ്ടി കഠിനാധ്വാനം ചെയ്യാൻ ഉണ്ണിക്ക് യാതൊരു മടിയും ഉണ്ടായിരുന്നില്ല. ഏതു കഥാപാത്രം കൊടുത്താലും ഉണ്ണി അതിനോടു 100 ശതമാനം നീതി പുലർത്താറുണ്ട്. എന്താണ് തന്റെ കരുത്തും ബലഹീനതയും എന്ന് ഉണ്ണിക്ക് തന്നെ അറിയാം. അതനുസരിച്ച് കഥാപാത്രങ്ങളെ തിരഞ്ഞെടുക്കാൻ ഉണ്ണി തുടങ്ങി. സ്വന്തം ഇടം സൃഷ്ടിക്കാൻ രാപ്പകൽ ഇല്ലാതെ അധ്വാനിച്ചു. കഠിനാധ്വാനം എന്നു പറയുന്നത് ശാരീരിക അധ്വാനം മാത്രമല്ല, മാനസികവും കൂടി ആണ്. അതൊരു ദിനചര്യ പോലെയാണ്. ഒറീസ എന്ന സിനിമയ്ക്കു ശേഷം അങ്ങനെ ഉണ്ണിയുടെ കൂടെ അഭിനയിക്കുകയോ സമയം ചെലവഴിക്കുകയോ ചെയ്തിട്ടില്ല. പക്ഷേ, അന്ന് എന്നോടു സംസാരിച്ച കാര്യങ്ങളാണ് ഉണ്ണിയുടെ ജീവിതത്തിൽ പിന്നീട് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലാക്കാൻ പറ്റി."
"അച്ചടക്കത്തോടെയുള്ള ജീവിതം– അതുണ്ടെങ്കിൽ കരിയറിലും വ്യക്തിജീവിതത്തിലും തീർച്ചയായും വിജയം കൈവരിക്കാൻ കഴിയും. ഉണ്ണിയുടേത് തീർച്ചയായും നല്ല അച്ചടക്കത്തോടെയുള്ള ജീവിതശൈലി ആണ്. ആ അച്ചടക്കം ഒരു നടൻ എന്ന നിലയിൽ ഉണ്ണിയെ സഹായിക്കുന്നുണ്ടാകണം. അതുകൊണ്ടാണ്, പടി പടിയായുള്ള ഉയർച്ചയുണ്ടാകുന്നത്. കഠിനാധ്വാനവും ഉറച്ച തീരുമാനങ്ങളും ഉണ്ടെങ്കിൽ തീർച്ചയായും ഫലം കാണും. അതിന്റെ ഉദാഹരണമാണ് ഉണ്ണി. പലരും അയ്യപ്പനെ വച്ച് ഉണ്ണിയെ വിമർശിക്കുന്നുണ്ട്. ഒരാൾ ദൈവവിശ്വാസി ആകുന്നതിൽ ഒരു തെറ്റുമില്ല. ഇന്ത്യൻ ഭരണഘടന അനുസരിച്ച് വിശ്വാസം ഉള്ളവർക്കും ഇല്ലാത്തവർക്കും ഇവിടെ ജീവിക്കാം. ഉണ്ണിക്ക് ദൈവവിശ്വാസം ഉണ്ട്. അത് അങ്ങനെ തന്നെ തുടരുന്നതിൽ എന്താണ് തെറ്റ്? അതും പറഞ്ഞ് കളിയാക്കുന്നവരുണ്ട്. എല്ലാ കളിയാക്കലുകളും പ്രശ്നങ്ങളും മറി കടന്ന് ഉണ്ണി ഈ വിജയം നേടിയെടുത്തത് ഈ കഠിനാധ്വാനവും അച്ചടക്കവും ദൈവവിശ്വാസവും ഉള്ളതുകൊണ്ടാണ്. അത് അറിയുന്ന വ്യക്തി എന്ന നിലയിൽ ഉണ്ണിയുടെ വിജയം കാണുമ്പോൾ ഞാൻ ഹാപ്പിയാണ്," സ്വാസിക പറഞ്ഞു.
2025ൽ നൂറ് കോടി ക്ലബ്ബിൽ ഇടംപിടിക്കുന്ന ആദ്യ മലയാള സിനിമയായി മാർക്കോ മാറിയിരുന്നു. മാളികപ്പുറത്തിനുശേഷം ഉണ്ണി മുകുന്ദന്റേതായി നൂറ് കോടി ക്ലബ്ബിൽ ഇടംപിടിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്. അതേസമയം റിലീസ് ചെയ്ത മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലെല്ലാം നിറഞ്ഞ സദസ്സിൽ മാർക്കോ പ്രദർശനം തുടരുകയാണ്.
ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ഡിസംബർ 20നാണ് കേരളത്തിൽ റിലീസിനെത്തിയത്. മലയാളത്തിൽ ഇറങ്ങിയിട്ടുള്ള ഏറ്റവും വലിയ വയലന്‍റ് ചിത്രമായ 'മാർക്കോ'യ്ക്ക് ബോളിവുഡ് ചിത്രങ്ങളായ അനിമൽ, കിൽ തുടങ്ങിയ ചിത്രങ്ങൾക്ക് സമാനമായി എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരുന്നത്. ഒരു എ സർട്ടിഫിക്കറ്റ് ചിത്രമായിട്ടുകൂടി വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്.
പരുക്കൻ ഗെറ്റപ്പിൽ എല്ലാം തികഞ്ഞൊരു ഗ്യാങ്സ്റ്റർ ലുക്കിലാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിലുള്ളത്. ഉണ്ണിയുടേയും ജഗദീഷിന്‍റേയും അസാധ്യമായ അഭിനയമുഹൂർത്തങ്ങള്‍ സിനിമയിലുണ്ട്. അസാധാരണമായ വയലൻസ് രംഗങ്ങളും ഹെവി മാസ് ആക്ഷനുമാണ് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റൺ ചിത്രത്തിൽ ഒരുക്കിയിട്ടുള്ളത്.