‘റോക്കിയും മാർക്കോയും ഇനി വിയർക്കും’; ചോരയിൽ കുളിച്ച് ‘ബാഡാസ് രവികുമാർ’; ട്രെയിലർ തരംഗം
Mail This Article
ബോളിവുഡിനെ ഇളക്കി മറിച്ച് ഹിമേഷ് രേഷാമിയയുടെ ‘ബാഡാസ് രവി കുമാർ’ ട്രെയിലർ. ഇന്ത്യയിലെ വയലൻസ് സിനിമകളുടെ തലത്തൊട്ടപ്പന്മാരായ അനിമലിനും മാർക്കോയ്ക്കും വെല്ലുവിളി ഉയർത്തിയാണ് രേഷാമിയ ‘രവി കുമാറു’മായി എത്തുന്നത്. വയലൻസിന്റെ അതിപ്രസരമാണ് ട്രെയിലറിൽ നിറയെ. എന്നാൽ ഈ രംഗങ്ങൾ കണ്ടാൽ ചിരി വരും എന്നതാണ് ‘രവി കുമാറി’നെ വ്യത്യസ്തമാക്കുന്നത്.
1980കളിലെ ബോളിവുഡ് ആണ് കഥാ പശ്ചാത്തലം. 2014ൽ ആനന്ദ് മഹാദേവൻ സംവിധാനം ചെയ്ത ദ് എക്സ്പോസ് എന്ന സിനിമയുടെ അതേ യൂണിവേഴ്സിൽ മറ്റൊരു കഥ പറയുകയാണ് ബാഡാസ് രവികുമാർ. എക്സ്പോസ് സിനിമയിലെ അതേ കഥാപാത്രമായാണ് ഹിമേഷ് രേഷാമിയ ഈ സിനിമയിലെത്തുന്നത്. റെട്രോ സ്റ്റൈലിലുള്ള ട്രെയിലർ സമൂഹ മാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു.
െകയ്ത്ത് ഗോംസ് ആണ് സംവിധാനം. തിരക്കഥയും നിർമാണവും രേഷാമിയ തന്നെ. ഇതിനു പുറമെ സംഗീതവും പശ്ചാത്തല സംഗീതവും കക്ഷി തന്നെയാണ്. പ്രഭുദേവ, കിർതി കുൽഹരി, സണ്ണി ലിയോണി, സഞ്ജയ് മിശ്ര, ജോണി ലിവൽ, അനിൽ ജോർജ്, രാജേഷ് ശര്‍മ, പ്രശാന്ത് നാരായണൻ, സൗരഭ് സച്ച്ദേവ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
ട്രെയിലറിലെ രംഗങ്ങൾ കട്ട് ചെയ്ത് ട്രോളന്മാർ സംഭവം ആഘോഷമാക്കുകയാണ്. ‘അനിമൽ തീര്‍ന്നു, ഇനി രവി കുമാർ ഭരിക്കും’, കെജിഎഫിനു വെല്ലുവിളി എന്നൊക്കെയാണ് പ്രേക്ഷക കമന്റുകൾ.
സ്പൂഫ് സിനിമയായാണോ, അതോ യഥാർഥത്തിൽ സീരിയസ് ആയി ചെയ്യുന്നതാണോ ഈ സിനിമയെന്ന സംശയം പ്രകടിപ്പിക്കുന്നവരുമുണ്ട്.