ഗെയിം ചെയ്ഞ്ചർ റിലീസ് തടയണം: ശങ്കറിനെതിരെ ലൈക്ക പ്രൊഡക്‌ഷൻസ്
Mail This Article
ശങ്കർ ചിത്രം ഗെയിം ചെയ്ഞ്ചറിന്റെ (തമിഴ് പതിപ്പ്) റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ലൈക്ക പ്രൊഡക്‌ഷൻസ് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിലിൽ പരാതി നൽകിയതായി റിപ്പോർട്ട്. ഇന്ത്യൻ-3യുടെ ചിത്രീകരണം പൂർത്തിയായതിന് ശേഷം മാത്രമേ ഗെയിം ചെയ്ഞ്ചർ റിലീസ് അനുവദിക്കാവൂ എന്നാണ് ലൈക്കയുടെ ആവശ്യം.
ഇന്ത്യൻ 2വിനൊപ്പം തന്നെ ഇന്ത്യൻ 3യുടെ പ്രധാന ഭാഗങ്ങളും ശങ്കർ പൂർത്തിയാക്കിയിരുന്നു. ഇന്ത്യന്‍ 2വിന്റെ അവസാനം ഇന്ത്യൻ 3യുടെ ടീസറും പുറത്തുവിട്ടിരുന്നു. എന്നാൽ ഇന്ത്യൻ 2 പരാജയമായതോടെ ഈ പ്രോജ്ക്ട് നീണ്ടുപോകുകയായിരുന്നു. അതിനിടെ ഇന്ത്യൻ 3 നേരിട്ട് ഒടിടിയിൽ റിലീസ് ചെയ്യുമെന്ന വാർത്തകൾ അണിയറക്കാർ തള്ളിയിരുന്നു.
വമ്പൻ മുതൽ മുടക്കിൽ നിർമിച്ച ഇന്ത്യൻ 2 കനത്ത പരാജയമാണ് ലൈക പ്രൊഡക്‌ഷന് സമ്മാനിച്ചത്. മാത്രമല്ല ഇതേ പ്രൊഡക്‌ഷനിൽ എത്തിയ രജനി ചിത്രം വേട്ടയ്യനും ബോക്സ്ഓഫിസിൽ പരാജയമായി.
കരിയറിൽ തുടർച്ചയായി തിരിച്ചടികൾ നേരിട്ടുകൊണ്ടിരിക്കുന്ന ശങ്കറിന്റെ അവസാന പിടിവള്ളിയാണ് ഗെയിം ചെയ്ഞ്ചർ. 2025 ജനുവരി 10-നാണ് ആഗോള റിലീസ്. കേരളത്തിൽ ഈ വമ്പൻചിത്രം റിലീസിന് എത്തിക്കുന്നത് ഇ ഫോർ എന്റർടെയ്ൻമെന്റ് ആണ്. രാം ചരൺ നായകനാകുന്ന സിനിമയിൽ കിയാര അദ്വാനി, എസ്. ജെ. സൂര്യ, സമുദ്രക്കനി, അഞ്ജലി, നവീൻ ചന്ദ്ര, സുനിൽ, ശ്രീകാന്ത്, ജയറാം എന്നിവരും പ്രത്യക്ഷപ്പെടുന്നു. തെലുങ്കിൽ ഒരുങ്ങുന്ന ചിത്രം തമിഴ്, കന്നഡ ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്.