‘താങ്കൾ പണത്തിന്റെ ഹുങ്കിൽ വിശ്വസിക്കൂ, ഞാൻ നിയമവ്യവസ്ഥയിലും’; ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ്
Mail This Article
തുടർച്ചയായി അശ്ലീല പരാമർശം നടത്തിയതിനെ തുടർന്ന് ബിസിനസ്സുകാരനും ഇൻഫ്ലുവൻസറുമായ ബോബി ചെമ്മണ്ണൂരിനെതിരെ നടി ഹണി റോസ്. ബോബി ചെമ്മണ്ണൂരിനെതിരെ കേസ് കൊടുത്ത താരം വിഷയത്തിൽ തന്റെ നിലപാട് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.
‘ബോബി ചെമ്മണ്ണൂർ... താങ്കൾ എനിക്കെതിരെ തുടർച്ചയായി നടത്തിയ അശ്ളീല അധിക്ഷേപങ്ങൾക്കെതിരെ ഞാൻ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട്. താങ്കളുടെ തന്നെ മാനസികനിലയുള്ള താങ്കളുടെ കൂട്ടാളികൾക്കെതിരെയുള്ള പരാതികൾ പുറകെ ഉണ്ടാവും. താങ്കൾ താങ്കളുടെ പണത്തിന്റെ ഹുങ്കിൽ വിശ്വസിക്കൂ, ഞാൻ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയിൽ വിശ്വസിക്കുന്നു,’ ഹണി റോസ് പറഞ്ഞു.
സ്ത്രീകൾക്കെതിരെ അസഭ്യപരാമർശം നടത്തുന്നവരോടു യുദ്ധം പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം ഹണി റോസ് രംഗത്തെത്തിയിരുന്നു. ഇന്ത്യയിലെ നിയമസംവിധാനം അനുവദിക്കാത്ത വസ്ത്രം ധരിച്ച് വേദിയിൽ എത്താറില്ലെന്നും ഓരോരുത്തരും അവരവരുടെ നിലവാരമനുസരിച്ച് പ്രതികരണം രേഖപ്പെടുത്തുന്നതിൽ താൻ ഉത്തരവാദി അല്ലെന്നും ഹണി വ്യക്തമാക്കി.
ഒരു അഭിനേത്രി എന്ന നിലയിൽ വിളിക്കുന്ന ചടങ്ങുകൾക്ക് പോകുന്നത് ജോലിയുടെ ഭാഗമാണ്. വസ്ത്രധാരണത്തെപ്പറ്റി ക്രിയാത്മകമായ കമന്റുകൾ പറയുന്നതിൽ കുഴപ്പമില്ല. പക്ഷേ അതിന്റെ പരിധി എത്രത്തോളമുണ്ടെന്നതിൽ ഒരു അതിരു വേണം. അതിനാൽ തന്റെ നേരെയുള്ള വിമർശനങ്ങളിൽ അസഭ്യഅശ്ലീലപരാമർശങ്ങൾ ഉണ്ടെങ്കിൽ ഭാരതീയ ന്യായ സംഹിത അനുസരിച്ച് സ്ത്രീക്ക് തരുന്ന എല്ലാ സംരക്ഷണസാധ്യതകളും പഠിച്ച് കമന്റിടുന്നവർക്കെതിരെ വരുമെന്നും ഹണി റോസ് വ്യക്തമാക്കിയിരുന്നു. തുടർന്ന് തന്റെ പോസ്റ്റിൽ അശ്ലീല കമന്റ് ഇട്ടവർക്കെതിരെ പരാതിയും നൽകി. ‘ഇതൊരു യുദ്ധം’ ആണെന്ന് പ്രഖ്യാപിച്ചു കൊണ്ടായിരുന്നു ഹണിയുടെ പ്രസ്താവനയും തുടർ നടപടികളും.