‘ഗോട്ട്’ ചെയ്ത് ഡിപ്രഷനിലായി, നിരന്തരം ട്രോളുകളും: വെളിപ്പെടുത്തി മീനാക്ഷി ചൗധരി
Mail This Article
വിജയ്‌യുടെ ‘ഗോ’ട്ടിൽ അഭിനയിച്ചതിന് ശേഷം താൻ വിഷാദത്തിലൂടെ കടന്നുപോയി എന്ന് വെളിപ്പെടുത്തി നടി മീനാക്ഷി ചൗധരി. അടുത്തിടെ ഗലാട്ട തെലുങ്കിനു നൽകിയ അഭിമുഖത്തിലാണ് ജീവിതത്തിലേറ്റവും കൂടുതൽ മനസികവിഷമം നേരിട്ട സംഭവത്തെക്കുറിച്ച് മീനാക്ഷി വെളിപ്പെടുത്തിയത്. വിജയ്‌യുടെ ഗോട്ട് എന്ന സിനിമയിലെ തന്റെ പ്രകടനത്തിന് സമാനതകളില്ലാത്ത സൈബർ ലിഞ്ചിങ് നേരിട്ടുവെന്ന് മീനാക്ഷി പറയുന്നു. ദുൽഖർ നായകനായ ലക്കി ഭാസ്കർ പുറത്തിറങ്ങിയതിന് ശേഷം തനിക്ക് വളരെയധികം അഭിനന്ദനങ്ങൾ ലഭിച്ചുവെന്നും ശരിയായ പ്രോജക്റ്റുകൾ തിരഞ്ഞെടുക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കി എന്നും മീനാക്ഷി ചൗധരി വെളിപ്പെടുത്തി.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’ (ഗോട്ട്) എന്ന വിജയ് ചിത്രത്തിൽ സ്നേഹ, തൃഷ, മീനാക്ഷി ചൗധരി എന്നിവരാണ് നായികമാരായെത്തിയത്. ചിത്രത്തിൽ ഇരട്ടവേഷത്തിലായിരുന്നു വിജയ്. ദളപതി വിജയ്‌യുടെ ഗോട്ടിന് വലിയ രീതിയിലുള്ള വിമർശനങ്ങളും ട്രോളുകളും നേരിടേണ്ടി വന്നിരുന്നു. ഒപ്പം മീനാക്ഷിയുടെ പ്രകടനത്തിനും വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ലഭിച്ചത്. തന്റെ പ്രകടനത്തെ ആരാധകർ ഒട്ടും ദയയില്ലാതെ ട്രോളിയതായി മീനാക്ഷി വെളിപ്പെടുത്തി. വിമർശനം മീനാക്ഷിയെ ഒരാഴ്ചയോളം വിഷാദത്തിലേക്ക് നയിച്ചു. എന്നാൽ ദുൽഖർ സൽമാൻ നായകനായ തെലുങ്ക് ബ്ലോക്ക്ബസ്റ്റർ ലക്കി ഭാസ്‌കറിന്റെ മികച്ച വിജയത്തിന് ശേഷം തനിക്ക് വളരെയധികം അഭിനന്ദനങ്ങൾ ലഭിച്ചുവെന്ന് താരം പറയുന്നു. ശരിയായ പ്രോജക്റ്റുകൾ തിരഞ്ഞെടുക്കേണ്ടതിന്റെ പ്രാധാന്യം അതിലൂടെ മനസ്സിലാക്കിയെന്നും മീനാക്ഷി പറഞ്ഞു.
തെലുങ്ക്, തമിഴ് സിനിമകളിൽ അഭിനയിക്കുന്ന നടിയും, മോഡലും, പ്രശസ്ത സൗന്ദര്യമത്സര ജേതാവുമാണ് മീനാക്ഷി ചൗധരി. 2018ൽ നടന്ന ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ ഹരിയാന സംസ്ഥാനത്തെ പ്രതിനിധീകരിച്ച് അവർ ഫെമിന മിസ് ഇന്ത്യ ഗ്രാൻഡ് ഇന്റർനാഷണൽ ആയി കിരീടമണിഞ്ഞിരുന്നു. ‘ഔട്ട് ഓഫ് ലവ്’ എന്ന വെബ് സീരീസിലൂടെയാണ് മീനാക്ഷി ആദ്യമായി അഭിനയരംഗത്തെത്തുന്നത്. 2020ൽ അവർ ഒരു തെലുങ്ക് സിനിമയിൽ സുശാന്തിനൊപ്പം നായികയായി.
പിന്നീട്, ഹിറ്റ്: ദി സെക്കൻഡ് കേസ് എന്ന തെലുങ്ക് മിസ്റ്ററി-ത്രില്ലർ ചിത്രത്തിലും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചു. വെങ്കിടേഷിനെ നായകനാക്കി അനിൽ രവിപുഡി സംവിധാനം ചെയ്ത സംക്രാന്തികി വാസ്തുന്നം എന്ന ചിത്രമാണ് മീനാക്ഷിയുടേതായി അടുത്തതായി പുറത്തിറങ്ങുന്നത്. ചിത്രം ജനുവരി 14ന് തിയറ്ററുകളിലെത്തും. നവീൻ പോളിഷെട്ടി പ്രധാന വേഷത്തിൽ അഭിനയിക്കുന്ന അനഗനാഗ ഒക രാജുവിലും മീനാക്ഷി ചൗധരി അഭിനയിക്കുന്നുണ്ട്.