അപ്പയെ ഇനിയും അനുകരിക്കണം, ഇത് അഭ്യർഥനയാണ്: കോട്ടയം നസീറിനോട് ചാണ്ടി ഉമ്മൻ
Mail This Article
കോട്ടയം നസീറിനോട് ഉമ്മൻ ചാണ്ടിയെ ഇനിയും അനുകരിക്കണമെന്ന് അഭ്യർഥിച്ച് ചാണ്ടി ഉമ്മൻ. തന്റെ അപ്പയെ മനോഹരമായി അനുകരിക്കുന്ന വ്യക്തിയാണ് കോട്ടയം നസീറെന്നും അതു കാണുന്നത് തനിക്കു സന്തോഷമാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഉബൈനി സംവിധാനം ചെയ്യുന്ന ‘ശുക്രൻ’ എന്ന സിനിമയുടെ പൂജാ ചടങ്ങിലാണ് ചാണ്ടി ഉമ്മന്റെ പ്രതികരണം. ബിബിൻ ജോർജും ചന്തുനാഥും പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയാണ് ശുക്രൻ. ചിത്രത്തിൽ കോട്ടയം നസീറും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ചാണ്ടി ഉമ്മന്റെ വാക്കുകൾ: ‘‘അപ്പയെ മനോഹരമായി അനുകരിക്കുന്ന കലാകാരനാണ് കോട്ടയം നസീർ. കുറച്ചു നാൾ മുമ്പ് നസീർ നടത്തിയ ഒരു പ്രസ്താവനയാണ് ഇപ്പോൾ എന്റെ ശ്രദ്ധയിൽ വരുന്നത്. ‘ഞാനിനി ഉമ്മൻ ചാണ്ടി സാറിനെ അനുകരിക്കില്ല’ എന്ന് നസീർ പറഞ്ഞിരുന്നു. അതിനു ശേഷം നസീറിനെ നേരിട്ട് കാണുന്നത് ഇപ്പോഴാണ്. എന്റെ അപ്പയെ ഇനിയും നിങ്ങൾ അനുകരിക്കണം. അഭ്യർഥനയാണ്. മനുഷ്യ മനസ്സിൽ ഇന്നും ജീവിക്കുന്ന മനുഷ്യനാണ് എന്റെ അപ്പ. അദ്ദേഹത്തെ അനുകരിക്കുന്നതു കാണുന്നത് ഏറെ സന്തോഷമാണ്.’’
കോട്ടയം നസീറിനെ ചേർത്തു പിടിച്ചുകൊണ്ടായിരുന്നു ചാണ്ടി ഉമ്മന്റെ വാക്കുകൾ. കോട്ടയം പനച്ചിക്കാട്ട് തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും ചാണ്ടി ഉമ്മന്റെയും സാന്നിധ്യത്തിലാണ് പുതിയ ചിത്രത്തിന് തുടക്കമിട്ടത്. നീൽ സിനിമാസ് ആൻഡ് സൂര്യ ഭാരതി ക്രിയേഷൻസിന്റെ ബാനറിൽ മനോജ് കുമാർ, കെ. പി. ഷാജി, കെ.ജോർജ്, ഷിജു. കെ. ടോം എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ജീമോൻ ജോർജ്, ഗിരീഷ് പാലമൂട്ടിൽ, സഞ്ജു നെടുംകുന്നേൽ എന്നിവരാണ് സഹനിർമാതാക്കൾ.
ഒരേ ലക്ഷ്യം നിറവേറ്റാൻ രണ്ടു സുഹൃത്തുക്കൾ നടത്തുന്ന ശ്രമങ്ങളുടെ രസകരമായ ചലച്ചിത്രാവിഷ്ക്കാരണമാണ് ശുക്രൻ. ബിബിൻ ജോർജും ചന്തുനാഥുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റൊമാന്റിക്ക് കോമഡി ത്രില്ലറാണ് ചിത്രം. ഷൈൻ ടോം ചാക്കോയും, ലാലു അലക്സും ശ്രദ്ധേയമായ കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. ആദ്യപ്രഭയാണ് നായിക. അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂർ, ബിനു തൃക്കാക്കര, അജയ് വാസുദേവ്, മധു പുന്നപ്ര, കലാഭവൻ റഹ്മാൻ, ഷാജി.കെ. ജോർജ്, ജീമോൻ ജോർജ്, ഷിജു കെ. ടോം, സഞ്ജു നെടുംകുന്നേൽ, ദിലീപ് റഹ്മാൻ, ഷാജു ഏബ്രഹാം, തുഷാര പിള്ള, സ്മിനു സിജോ, ദിവ്യാ എം. നായർ, ലേഖാ നായർ, ജയ, ബേബി ഇശൽ, മാസ്റ്റർ നവനീത്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. പിആർഓ വാഴൂർ ജോസ്.