സ്ക്വിഡ് ഗെയിമിൽ രജനിയും മമ്മൂട്ടിയും മോഹൻലാലും; വൈറലായി എഐ വിഡിയോ
Mail This Article
പ്രചുരപ്രചാരം നേടിയ സ്ക്വിഡ് ഗെയിമിന് ഇന്ത്യൻ മുഖം കൊടുത്ത എഐ വിഡിയോ ശ്രദ്ധ നേടുന്നു. രജനികാന്ത്, മമ്മൂട്ടി, മോഹൻലാൽ, ചിരഞ്ജീവി, സൂര്യ, വിജയ്, മഹേഷ് ബാബു, അല്ലു അർജുൻ, വിജയ് ദേവരകൊണ്ട, ദുൽഖർ, വിക്രം, വിജയ് സേതുപതി തുടങ്ങി ഇന്ത്യൻ സിനിമയിലെ താരങ്ങൾ സ്ക്വിഡ് ഗെയിമിൽ അണിനിരന്നാൽ എങ്ങനെയായിരിക്കും എന്ന് എ.ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരുക്കിയിരിക്കുകയാണ്.
നടൻ വിജയ്‍യും ജൂനിയർ എൻ.ടി ആറുമാണ് ആദ്യം വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. അവർക്കു ശേഷം രജനികാന്തും കമൽഹാസനും ഒരുമിച്ച് എത്തുകയാണ്. തുടർന്ന് തെന്നിന്ത്യയിലെ സൂപ്പർതാരങ്ങളും യുവതാരങ്ങളും വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നു. ബോളിവുഡ് താരങ്ങളും വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും കൂടുതലും തെന്നിന്ത്യൻ താരങ്ങളെയാണ് വിഡിയോയിൽ ആവിഷ്കരിച്ചിരിക്കുന്നത്. മലയാളത്തിൽ നിന്ന് മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ എന്നിവരുടെ എഐ അവതാരങ്ങളാണ് ഇടം നേടിയത്.
വിഡിയോ പോസ്റ്റ് ചെയ്ത് അൽപ സമയത്തിനകം നിരവധിപേരാണ് കമന്റുകളുമായി എത്തിയത്. 'ഈ പരിപാടി നടന്നാൽ എന്തായിരിക്കും ബജറ്റ് എന്ന് ആലോചിച്ചു നോക്കാൻ പോലും ആകുന്നില്ല' എന്ന് ഒരാൾ കമന്റ് ചെയ്തപ്പോൾ, 'ഇന്ത്യൻ സിനിമ എന്നു പറഞ്ഞ്, ഇതിൽ കൂടുതലും സൗത്ത് ഇന്ത്യക്കാരാണല്ലോ' എന്നാണ് മറ്റൊരു കമന്റ്. സാഹിദ് എസ്.കെ എന്ന കണ്ടന്റ് ക്രിയേറ്ററുടെ ഹാൻഡിലിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്.