'ഗീതു മോഹൻദാസ് സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം തിരുത്തിയോ?'; കസബയുടെ സംവിധായകൻ ചോദിക്കുന്നു
Mail This Article
ഗീതു മോഹൻദാസ് സംവിധാനം ചെയ്ത് ടോക്സിക് എന്ന സിനിമയുടെ ടീസർ റിലീസായത്തിനു പിന്നാലെ വിമർശനവുമായി സംവിധായകൻ നിതിൻ രഞ്ജിപണിക്കർ. തന്റെ കസബ എന്ന സിനിമയെ സ്ത്രീവിരുദ്ധതയുടെ പേരില്‍ വിമർശിച്ച അതേ വ്യക്തി മറ്റൊരു ഭാഷയിൽ സിനിമ ചെയ്തപ്പോൾ സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂർവം തിരുത്തി എന്നാണ് നിതിൻ പറയുന്നത്. സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെയാണ് നിതിൻ രണ്‍ജി പണിക്കരുടെ പ്രതികരണം.
നിതിൻ രണ്‍ജി പണിക്കരുടെ വാക്കുകൾ; 'സ്ത്രീവിരുദ്ധത തരിമ്പും ഇല്ലാത്ത സ്ത്രീശരീരത്തെ വസ്തുവത്ക്കരിക്കുന്ന 'ആൺനോട്ട'ങ്ങളിലാത്ത, 'കസബ'യിലെ 'ആൺമുഷ്ക്ക്' മഷിയിട്ടു നോക്കിയാലും കാണാൻ പറ്റാത്ത, രാഷ്ട്രീയശരികളുടെ ദൃശ്യാവിഷ്‌കാരം. ''SAY IT SAY IT'' എന്നുപറഞ്ഞു ഗിയറുകേറ്റിവിട്ട പുള്ളി, പക്ഷെ സ്റ്റേറ്റ് കടന്നപ്പോൾ 'അവരുടെ' സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂർവം തിരുത്തി?
ഇന്ന് പുറത്തിറങ്ങിയ ടോക്സിക് പ്രൊമോയിൽ നായകനായ യഷ് സ്ത്രീകളെ എടുത്ത് ഉയർത്തുന്നതും, അവരുടെ ദേഹത്ത് മദ്യം ഒഴിക്കുന്നതുമായ രംഗങ്ങളുമുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് നിതിൻ രണ്‍ജി പണിക്കർ പ്രതികരിച്ചത്.
എന്നാൽ ടോക്‌സിക്കിന്റെ ടീസർ വീഡിയോ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ മൂന്ന് ദശലക്ഷത്തോളം കാഴ്ചക്കാരെ സ്വന്തമാക്കി കഴിഞ്ഞു. 'മൂത്തോൻ' എന്ന ചിത്രത്തിന് ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കെ വി എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ടോക്സിക് നിർമ്മിക്കുന്നത്. യഷിന്റെ 19-ാം സിനിമയാണിത്. 'എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ചിത്രത്തിൽ നയൻതാരയും കരീന കപൂറും പ്രധാന വേഷങ്ങളിൽ എത്തുമെന്നും റിപ്പോർട്ടുണ്ട്.