എത്ര വലിയവൻ ആണെങ്കിലും സ്വന്തം തെറ്റു തിരുത്തണം: ഹണി റോസിനെ പിന്തുണച്ച് സീമ ജി. നായർ
Mail This Article
തുടർച്ചയായി അശ്ലീല പരാമർശം നടത്തിയതിനെ തുടർന്ന് ബോബി ചെമ്മണ്ണൂരിനെതിര പരാതി നൽകിയ നടി ഹണി റോസിനെ പിന്തുണച്ച് നടി സീമ ജി. നായർ. പണമാണ് എല്ലാത്തിനും ആധാരം എന്ന് കരുതിയിട്ടുണ്ടെങ്കിൽ അത് തെറ്റാണെന്നും സ്ത്രീകളോടുള്ള െപരുമാറ്റ രീതികളിലും ചിന്തകളിലും മാറ്റം വരുത്തണമെന്നും സീമ പറയുന്നു.
‘‘സ്ത്രീയെ സ്ത്രീയായി അറിയുന്നവർക്ക്, സ്ത്രീയെ സ്ത്രീയായി ജീവിക്കാൻ അനുവദിക്കുന്നവർക്ക്, അവൾ തണലും തുണയും ആവുന്നു. പെണ്ണിനോട് എങ്ങനെ വേണമെങ്കിലും മോശമായി സംസാരിക്കാം, പെരുമാറാം ആ ചിന്തകൾ ഇനിയും മാറിയിട്ടില്ലെങ്കിൽ, എന്തൊക്കെ ഉണ്ടായിട്ട് എന്താകാര്യം?. പണം എല്ലാത്തിനും പരിഹാരം അല്ല. പണമാണ് എല്ലാത്തിനും ആധാരം എന്ന് കരുതിയിട്ടുണ്ടെങ്കിൽ അത് തെറ്റ്. എത്ര വലിയവൻ ആണേലും സ്വന്തം തെറ്റുകൾ തിരുത്തുക.’’–സീമ ജി. നായരുടെ വാക്കുകൾ.
സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായി ഡബ്ല്യുസിസി യും അമ്മ സംഘടനയും ഹണി റോസിനു വേണ്ടി രംഗത്ത് വന്നു. ഹണി റോസിന്റെ പോസ്റ്റ് പങ്കുവച്ചുകൊണ്ട് ‘അവര്‍ക്കൊപ്പം’ എന്ന ഹാഷ്ടാഗിട്ടാണ് ഡബ്ല്യുസിസി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. താരസംഘടനയായ അമ്മയും ഹണി റോസിന് പിന്തുണ നല്‍കുമെന്ന് അറിയിച്ചിരുന്നു.