‘ഞാനും പെട്ടു’; മന്ത്രി നീട്ടിയ കൈ കാണാതെ ആസിഫ്; ‘ടൊവിനോ ഓർത്തത് ബേസിലിനെയോ?’
Mail This Article
കൈ കൊടുക്കാൻ കൈ നീട്ടി അബദ്ധം പറ്റി എയറിലായ താരങ്ങൾക്കു പിന്നാലെ ഇതേ ‘യൂണിവേഴ്സിൽ’ ഇടം പിടിച്ച് വിദ്യാഭ്യാസമന്ത്രി. സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനവേദിയില്‍ വച്ചാണ് രസകരമായ ഈ സംഭവം നടക്കുന്നത്. ആസിഫ് അലിക്ക് കൈകൊടുക്കാന്‍ ശ്രമിക്കുന്ന മന്ത്രിയെയും അത് കാണാതെ നടന്നുപോകുന്ന താരത്തിന്റെയും വിഡിയോയാണ് ‘ഞാനും പെട്ടു’ എന്ന തലക്കെട്ടോടെ മന്ത്രി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.
സദസിനോട് സംസാരിച്ച് തിരികെ ഇരിപ്പിടത്തിലേക്ക് നടക്കുന്ന ആസിഫ് അലിക്ക് കൈകൊടുക്കാന്‍ ശ്രമിക്കുന്ന മന്ത്രിയെയും അത് ശ്രദ്ധിക്കാതെ പോകുന്ന താരത്തെയും വിഡിയോയില്‍ കാണാം. മന്ത്രിക്ക് അബദ്ധം പറ്റിയതറിയുന്ന ടൊവിനോയുടെ ഭാവ പ്രകടനവും ശ്രദ്ധേയമാണ്. പിന്നീട് ടൊവിനോയാണ് ആസിഫിനെ തട്ടി വിളിച്ച് മന്ത്രിക്കു കൈ കൊടുക്കാൻ പറയുന്നത്.
രസകരമായ കമന്റുകളാണ് മന്ത്രിയുടെ വിഡിയോയ്ക്കു താഴെ ലഭിക്കുന്നത്. ‘ബേസിൽ ഇതറിഞ്ഞോ ആവോ’, ‘ടൊവിനോ ചിരിക്കുന്നത് ബേസിലിനെ ഓർത്താകും’ എന്നൊക്കെയാണ് കമന്റുകൾ.
സൂപ്പര്‍ ലീഗ് കേരള ഫുട്ബോള്‍ മത്സരത്തിന്റെ സമ്മാനദാന ചടങ്ങിനിടെയാണ് ബേസിലിന് അബദ്ധം പറ്റുന്നത്. സമ്മാനദാന ചടങ്ങിനിടെ, ബേസില്‍ ഒരു കളിക്കാരന് നേരെ കൈ നീട്ടി. എന്നാല്‍ ആ പ്ലെയര്‍ അതുകാണാതെ പൃഥ്വിരാജിന് കൈകൊടുക്കുകയായിരുന്നു. ഇതോടെ ബേസില്‍ ചമ്മി കൈ താഴ്ത്തി. വിഡിയോ വൈറലായതോടെ ബേസിലിനെ ട്രോളി ടൊവിനോ, സഞ്ജു സാംസൺ അടക്കമുള്ളവർ രംഗത്തുവരികയുണ്ടായി.
പിന്നീട് ഒരു വേദിയില്‍ സുരാജ് വെഞ്ഞാറമൂടിന് കൈകൊടുക്കാതെ പോയ ഗ്രേസ് ആന്റണിയുടെ വിഡിയോയും വൈറലായിരുന്നു. വിഡിയോ വൈറലായതോടെ, ‘ഞാന്‍ മാത്രമല്ല ടൊവിയുമുണ്ട്,’ എന്ന കമന്റുമായി സുരാജ് എത്തി. ‘ബേസില്‍ സംഭവത്തിനു ശേഷം ഞാന്‍ ആര്‍ക്കും കൈ കൊടുക്കാറേ ഇല്ല!’ എന്നായിരുന്നു ടൊവിനോയുടെ മറുപടി. നടി രമ്യ നമ്പീശനും ഇത്തരത്തിലൊരു അബദ്ധം സംഭവിച്ചിരുന്നു.