ADVERTISEMENT

ഹോളിവുഡിനെ അമ്പരപ്പിച്ച് ലൊസാഞ്ചലസിലെ കാട്ടുതീ. ഹോളിവുഡ് താരങ്ങളുള്‍പ്പടെ നിരവധി പേരുടെ വീട് അഗ്നക്കിരയായി. ആയിരക്കണക്കിന് പേരെ മാറ്റിതാമസിപ്പിച്ചു. ലീറ്റണ്‍ മീസ്റ്റര്‍, ആദം ബ്രോഡി, പാരിസ് ഹില്‍റ്റണ്‍ തുടങ്ങിയ താരങ്ങളുടെ ആഡംബര ഭവനങ്ങള്‍ ഉള്‍പ്പടെയുള്ള ആയിരത്തിലേറെ കെട്ടിടങ്ങളാണ് അഗ്നിക്കിരയായത്.

ചൊവ്വാഴ്ചമുതല്‍ പടരുന്ന കാട്ടുതീയില്‍ അഞ്ച് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അഗ്‌നിരക്ഷാസേനാംഗങ്ങളുള്‍പ്പെടെ ഒട്ടേറെപ്പേര്‍ക്ക് ഗുരുതര പൊള്ളലേറ്റു. വീടുകളുള്‍പ്പെടെ കത്തിനശിച്ചു. 2.2 ലക്ഷം വീടുകളില്‍ വൈദ്യുതിനിലച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് മുപ്പതിനായിരത്തിലേറെപ്പേരെ ഒഴിപ്പിച്ചു. ലോസ് ആഞ്ജലിസ് സ്ഥിതിചെയ്യുന്ന കാലിഫോര്‍ണിയ സംസ്ഥാനത്ത് ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ഒട്ടേറെ ഹോളിവുഡ് താരങ്ങള്‍ പാര്‍ക്കുന്ന പസഫിക് പാലിസേഡ്‌സിലാണ് കാട്ടുതീ രൂക്ഷം. വീട്ടുകാരെ ഒഴിപ്പിക്കാനായെന്നും വീടു കത്തിപ്പോയിട്ടുണ്ടാകാമെന്നും ഹോളിവുഡ് നടന്‍ ജെയിംസ് വുഡ്‌സ് 'എക്‌സി'ല്‍ കുറിച്ചു. മറ്റനേകം താരങ്ങളും വീട് നഷ്ടപ്പെട്ടതിലെ ആശങ്കകള്‍ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. തന്റെ വീടും കുട്ടികളുടെ സ്‌കൂളും തങ്ങളുടെ പ്രിയപ്പെട്ട റസ്റ്റോറന്റുകളും അഗ്നിക്കിരയായതായി നടിയും ഗായികയുമായ മാന്‍ഡി മൂര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു.

സാന്റാ മോനിക്ക, മലീബു പട്ടണങ്ങള്‍ക്കിടയിലുള്ള പ്രദേശമായ പസഫിക് പാലിസേഡ്‌സില്‍ 5000 ഏക്കറിലേറെ പ്രദേശത്ത് തീപടര്‍ന്നു. പസഡേനയ്ക്ക് സമീപവും സാന്‍ ഫെര്‍ണാണ്ടോ വാലിയിലെ സില്‍മറിലുമുള്‍പ്പെടെ പലപ്രദേശങ്ങളിലും കാട്ടുതീ പിടിച്ചിട്ടുണ്ട്. മഴയില്ലായ്മയും വരണ്ട കാലാവസ്ഥയും ഉണക്കമരങ്ങളുമാണ് തീപടരാന്‍ കാരണം. വരണ്ടകാറ്റിന് സാധ്യതയുള്ളതിനാല്‍ സ്ഥിതിരൂക്ഷമാകുമെന്ന് ലോസ് ആഞ്ജലിസ് മേയര്‍ കാരെന്‍ ബാസ് മുന്നറിയിപ്പുനല്‍കിയിരുന്നു.

അമൂല്യമായ കലാസൃഷ്ടികള്‍ സൂക്ഷിച്ചിട്ടുള്ള മ്യൂസിയമായ ഗെറ്റി വില്ലയ്ക്കുസമീപം മരങ്ങള്‍ കത്തിവീണു. സമീപത്തെ കുറ്റിക്കാടുതെളിച്ച് തീ ഇവിടേക്കു പടരുന്നത് തടഞ്ഞെന്നും കലാസൃഷ്ടികള്‍ സുരക്ഷതമാണെന്നും മ്യൂസിയം അധികൃതര്‍ പറഞ്ഞു.

അതേസമയം, ടെക്‌സസ്, ഒക്ലഹോമ, ആര്‍ക്കന്‍സോ എന്നീ സംസ്ഥാനങ്ങളുടെ പലഭാഗങ്ങളിലും ബുധനാഴ്ച രാത്രിമുതല്‍ ശീതക്കാറ്റും മഞ്ഞുവീഴ്ചയും മഴയുമുണ്ടാകുമെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പുനല്‍കി. ഉത്തരധ്രുവത്തില്‍നിന്നുള്ള തണുത്തകാറ്റ് വെര്‍ജീനിയ, ഇന്‍ഡ്യാന, കാന്‍സസ്, കെന്റക്കി, വാഷിങ്ടണ്‍ തുടങ്ങിയ ഇടങ്ങളില്‍ മഞ്ഞുവീഴ്ചയ്ക്കിടയാക്കിയിരുന്നു.

English Summary:

Wildfire affects hollywood

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com