‘ഒരു ചായയ്ക്ക് ഒരു ജീവൻ’; ജനമൈത്രി റിവ്യു
Mail This Article
‘മാസ് മസാലയില്ല, ഐറ്റം ഡാൻസ് ഇല്ല, സൂപ്പർ താരങ്ങളോ യങ് സെൻസേഷനലുകളോ ഇല്ല’... സിനിമ പുറത്തിറങ്ങും മുൻപ് ഇതൊക്കെ പ്രഖ്യാപിച്ച് കൊണ്ടാണ് ജനമൈത്രി എന്ന ചിത്രം എത്തിയത്. മുൻകൂർ പറഞ്ഞതു പോലെ മുകളിൽ പറഞ്ഞത് ഒന്നുമില്ല. കച്ചവടസിനിമകളുടെ സ്ഥിരം മസാലകൾ ഒഴിവാക്കി, കുറച്ച് കോമഡിയും ചെറിയ സസ്പെൻസുകളും ചേർത്ത ഒരു കൊച്ചു പരീക്ഷണ ചിത്രമെന്ന് 'ജനമൈത്രി'യെ വിശേഷിപ്പിക്കാം.
ടൈറ്റിൽ
വിജയ് ബാബു ഈ സിനിമയിലേക്ക് എത്തിയത് എങ്ങനെ, കഥ കേട്ടത് എങ്ങനെ എന്നത് വളരെ വ്യത്യസ്തമായ രീതിയിൽ ടൈറ്റിലിൽ തന്നെ പ്രേക്ഷകരെ ബോധ്യപ്പെടുത്താൻ സംവിധായകന് കഴിയുന്നു. അതിൽ തന്നെ ഇതൊരു പരീക്ഷണ ചിത്രമാണെന്ന ഐഡിയ പ്രേക്ഷകർക്ക് കിട്ടുന്നു. ഒപ്പം മുഖ്യ കഥാപാത്രങ്ങളെക്കുറിച്ച് ഒരു മുഖവുരയും തരുന്നു.
‘സ്പൈ ഐ’ എന്ന സിസിടിവി കമ്പനിയിലെ സംയുക്തൻ (ഷൈജുകുറുപ്പ്) എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തിയാണ് ചിത്രം ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ ജോലി സംബന്ധമായ രസകരമായ നിമിഷങ്ങളിലും പിരിമുറുക്കങ്ങളിലുമാണ് സിനിമയുടെ നർമം ആരംഭിക്കുന്നത്. അതുപിന്നെ പൊലീസ് വകുപ്പിലെത്തുന്നു. വർഷത്തിൽ ഒരു ദിവസം പൊലീസ് ജനമൈത്രി ദിനമായി ആചരിക്കണമെന്ന് കേന്ദ്രസർക്കാറിന്റെ ഉത്തരവുണ്ട്. അതിലൂടെ പൊലീസിന്റെ മുഖഛായ മാറ്റാനാണ് പൊലീസുകാരും ലക്ഷ്യമിടുന്നത്. ഇതിനായി നടത്തുന്ന ചർച്ചകളും കർമ പദ്ധതിയിലുമാണ് സിനിമ മുന്നേറുന്നത്. ഈ പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസിന് സംഭവിക്കുന്ന അബദ്ധങ്ങളും രസകരമായി സംഭവങ്ങളും ചിത്രത്തിലെ നർമരസം വർധിപ്പിക്കുന്നു.
സംവിധാനം, പ്രമേയം
അതിഭാവുകത്വങ്ങൾ ഇല്ലാത്ത കുഞ്ഞൻ പ്രമേയം. ഒന്ന് രണ്ടു ദിവസത്തിനുള്ളിൽ നടക്കുന്ന സംഭവങ്ങളെ രസകരമായി കോർത്തിണക്കുന്ന വ്യത്യസ്തമായ പ്രമേയം. കൃത്യമായ കാസ്റ്റിങ്. നായികാ-നായകൻ എന്ന രീതിയിലെ പതിവ് കഥാതന്തുക്കളെ ഒഴിവാക്കിയുള്ള സിനിമ കൂടിയാണ്. ജോൺ മന്ത്രിക്കലിന്റെ ആദ്യ സംവിധാന സംരംഭമാണെന്ന് ഒരിക്കൽ പോലും തോന്നുകയില്ല. ഒരിടത്ത് പോലും സിനിമയെ ലാഗ് ചെയ്യാതെ അവതരിപ്പിച്ചുവെന്നത് മറ്റൊരു വിജയം. ‘ഒരു ചായയ്ക്ക് ഒരു ജീവൻ’ എന്ന കുഞ്ഞു വിഷയത്തെ മറ്റ് സംഭവവികാസങ്ങളുമായി കോർത്തിണക്കി അവതരിപ്പിച്ചതിലെ മികവ് വ്യക്തം. ആൻമരിയ കലിപ്പിലാണ്, അലമാര, അർജന്റീന ഫാൻസ് കാട്ടൂർകടവ് എന്നീ ചിത്രങ്ങളുടെ തിരക്കഥയൊരുക്കിയ ആളാണ് സംവിധായകൻ. വിജയ് ബാബു നിർമാതാവായ ഫ്രൈഡേ ഫിലിംഹൗസ് അവതരിപ്പിക്കുന്ന പത്താമത്തെ പുതുമുഖ സംവിധായകൻ കൂടിയാണ് ജോൺ മന്ത്രിക്കൽ.
അഭിനേതാക്കൾ
നേരത്തെ പറഞ്ഞ പോലെ ചിത്രത്തിന്റെ കാസ്റ്റിങ് മികച്ചതാണ്. സംയുക്തൻ എന്ന കഥാപത്രത്തെ ഷൈജു കുറുപ്പ് ഗംഭീരമാക്കി. എസ് ഐ ഷിബുവായി ഇന്ദ്രൻസും കോൺസ്റ്റബിൾ അഷ്റഫായി സാബുമോനും തകർക്കുന്നുണ്ട്. പഞ്ഞിമൂട്ടിൽ മത്തായിയുടെ മകൻ റാഫേലായി വ്യത്യസ്തമായി എത്തുകയാണ് വിജയ്ബാബു. കലാഭവൻ പ്രചോദ്, സിദ്ധാർഥ് ശിവ, ബാലു വർഗിസ്, സൂരജ്, ഇർഷാദ്, മണികണ്ഠൻ, ജോളി ചിറയത്ത്, ശ്രുതി ജയൻ എന്നിവരും തങ്ങളുടെ വേഷങ്ങൾ മികച്ചതാക്കി.
ഫ്രൈഡേ ഫിലിം ഹൗസ് എക്സിപിരിമെന്റ്സിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ആദ്യ ചിത്രം കൂടിയാണ് ജനമൈത്രി. ഷാൻ റഹ്മാൻ മികച്ച രീതിയിൽ സംഗീതം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണവും നീതിപുലർത്തി. അവതരണത്തിലെ നർമം തുടക്കം അവസാനം വരെ നിലനിർത്താൻ സാധിക്കുന്നതിനാൽ, ചിത്രം രണ്ട് മണിക്കൂറും രസകരമാണ്. അണിയറക്കാർ നേരത്തെ അവകാശപ്പെട്ടത് പോലെ ദ്വയാർഥ പ്രയോഗങ്ങളോ അശ്ലീല ധ്വനികളോ ഒന്നും ചിത്രത്തിലില്ല. അതുകൊണ്ടു തന്നെ കുടുംബ പ്രേക്ഷകർക്ക് ഒന്നിച്ചിരുന്ന് ആസ്വദിക്കാൻ പറ്റുന്ന കോമഡി എന്റർടെയ്നർ ചിത്രമാണ് ജനമൈത്രി.