കൗതുകമുണർത്തുന്ന ‘ഫാൻസി ഡ്രസ്സ്’; റിവ്യു
Mail This Article
വേദികളിലും മത്സങ്ങളിലും മറ്റും പ്രച്ഛന്നവേഷങ്ങൾ കാണുമ്പോൾ തോന്നുന്നൊരു കൗതുകം ഉണ്ട്. ചില വേഷങ്ങൾ നമ്മളെ അദ്ഭുതപ്പെടുത്തും ചിലത് പൊട്ടിച്ചിരിപ്പിക്കും. അതുപോലെ പ്രേക്ഷകരിൽ കൗതുകവും നർമവും പകരുന്ന ചില നിമിഷങ്ങളുമായാണ് ഗിന്നസ് പക്രുവിന്റെ ‘ഫാൻസി ഡ്രസ്സ്’ എത്തുന്നത്.
പോക്കറ്റടിയും കഞ്ചാവ് വില്‍പനയുമായി ഗോവയിൽ താമസിക്കുന്ന രണ്ട് ചെറിയ കള്ളന്മാരാണ് ഡിക്രൂസും സെബാനും. കള്ളത്തരങ്ങളുമായി മുന്നോട്ടുപോകുന്ന ഇവരുടെ ഇടയിലേയ്ക്ക് ഗബ്രിയേല്‍ എന്ന മാഫിയ തലവൻ കയറി വരുന്നു. തന്നാൽ കഴിയാത്തൊരു ജോലി ചെയ്തു തരുക എന്നതാണ് ഗബ്രിയേലിന്റെ ആവശ്യം. ഇരുവർക്കും വലിയൊരു തുകയും ഓഫർ ചെയ്യുന്നു. അതിനായി ഇറങ്ങിത്തിരിക്കുന്ന സെബാനും ഡിക്രൂസും കേരളത്തിലെത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്.
ഹരീഷ് കണാരൻ–ഗിന്നസ് പക്രു ടീമിന്റെ കൗണ്ടറുകളും കോമഡി നമ്പറുകളാണ് ഫാൻസി ഡ്രസ്സിന്റെ പ്രധാന ആകർഷണം. ചിത്രത്തിൽ രണ്ട് ഗെറ്റപ്പുകളിലാണ് ഗിന്നസ് പക്രു എത്തുന്നത്. ഹ്യൂമർ പശ്ചാത്തലത്തിൽ ആരംഭിക്കുന്ന ചിത്രം ഇടവേള കഴിയുന്നതോടെ ചെറിയൊരു ത്രില്ലർ സ്വഭാവത്തിലേയ്ക്ക് മാറുന്നു. അടുത്ത നിമിഷം എന്തുസംഭവിക്കും എന്ന ആകാംക്ഷ അവസാനംവരെ നിലനിർത്തിയാണ് സിനിമ മുന്നോട്ടുപോകുന്നത്.
മുൻനിര താരങ്ങളുടെ നീണ്ട നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പാഷാണം ഷാജി, കോട്ടയം പ്രദീപ്, തെസ്നി ഖാൻ, ബിജു കുട്ടൻ, സുധീര്‍ കരമന, ബാല തുടങ്ങിയവർക്കൊപ്പം കലാഭവൻ ഷാജോൺ, ശ്വേത മേനോൻ, സൗമ്യ മേനോൻ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു.
പ്രദീപ് നായരുടെ ഛായാഗ്രഹണം ചിത്രത്തോട് നീതിപുലർത്തി. രതീഷ് വേഗയുടെ സംഗീതവും ചിത്രത്തോട് ഇഴചേർന്നു നിൽക്കുന്നു. ഗിന്നസ് പക്രുവാണ് കഥ. സംവിധായകനും പക്രുവും ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. പരസ്യരംഗത്തിൽ നിന്നും എത്തിയ രഞ്ജിത്ത് സ്കറിയ ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ഫാൻസി ഡ്രസ്സ്.
തമാശയും സസ്പെൻസുമായി പ്രേക്ഷകരെ രസിപ്പിച്ചു മുന്നേറുന്ന ഫാൻസി ഡ്രസ്സ് അതിന്റെ ടാഗ്‌ൈലനിൽ സൂചിപ്പിക്കുന്നതുപോലെ ‘ഫാമിലി ഫണ്‍ പാക്ക്’ തന്നെയാണ്. കുട്ടികൾക്കും കുടുംബപ്രേക്ഷകർക്കും ചിത്രം ചിരിവിരുന്ന് തന്നെയാകും.
English Summary: Fancy Dress is a Malayalam movie released on 2 Aug, 2019. The movie is directed by Ranjith Skaria and featured Guinness Pakru, Shwetha Menon, Hareesh Kanaran.