പ്രണയം, പാട്ട്, പ്രതികാരം... ഒരു തനി ഗൗതം മേനോൻ ബുള്ളറ്റ്!
Mail This Article
രണ്ടര മണിക്കൂറിന്റെ ‘എന്നെ നോക്കി പായും തൊട്ട’യ്ക്കായി മൂന്നര വർഷത്തെ കാത്തിരിപ്പുണ്ടായിരുന്നു. ഗൗതം വാസുദേവ് മേനോൻ എന്ന വിശ്വസ്ത ബ്രാൻഡിന്റെ സിനിമ എന്നതുകൊണ്ടു തന്നെ ഏറെ പ്രതീക്ഷാ ഭാരവുമായാണു ‘എന്നെ നോക്കി പായും തൊട്ട’ വന്നത്. ടിപ്പിക്കൽ ഗൗതം മേനോൻ ആരാധാകരെ ഒട്ടും നിരാശരാക്കാത്ത സിനിമ. 2016 ൽ ചിത്രീകരണം തുടങ്ങിയ സിനിമ 2019 ൽ ഇറങ്ങുമ്പോഴുള്ള ചില കാലാവസ്ഥ മാറ്റങ്ങൾ സിനിമയിൽ നിഴലിക്കുന്നുണ്ട്.
കൂടുതൽ പഴുത്ത പഴം പോലെ ചിലയിടത്തു നന്നായി മധുരിക്കുകയും ചിലയിടത്തു ചെറിയ പുളിപ്പു തട്ടുകയും ചെയ്തിട്ടുണ്ട്. മുൻ സിനിമകളിലേതുപോലെ കൂടുതൽ കാലഘട്ടങ്ങളുടെ ചിത്രീകരണം സിനിമയിലില്ല. എങ്കിലും ബിടെക് നായകനും, സുന്ദരി നായികയുമായുള്ള ആദ്യ നോട്ടത്തിലെ പ്രണയം തന്നെയാണു കഥയുടെ ഉറവിടം. നായകനായ ധനുഷിന്റെ കോളജിൽ ഷൂട്ട് ചെയ്ത സിനിമയിലെ നായികയായി എത്തുന്ന ലേഖ (മേഘ ആകാശ്) എന്ന കഥാപാത്രമാണു നായിക. ആദ്യ നോട്ടത്തിലെ കണ്ണുകൈമാറ്റവും തുടർന്നു രൂപപ്പെടുന്ന പ്രണയവും പ്രതിസന്ധികളും ചിത്രത്തെ മുന്നോട്ടു കൊണ്ടുപോകും. കഥ മുന്നോട്ടു പോകുന്നത് പ്രധാനമായും നായകന്റെ വിവരണത്തിലൂടെയാണ്.
സംഘട്ടത്തിനിടെ പോലും നായകന്റെ ആത്മഗതങ്ങൾ വിവരണമായി വരുന്നു. അതൊരു ട്രീറ്റ്മെന്റായി കണക്കാക്കാമെങ്കിലും പലയിടത്തും ഡോക്യു–ഫിക‌്ഷൻ തലത്തിലേക്കു വീണു പോവുന്നു. പ്രണയത്തിന്റെ ഡീറ്റെയിലിങ് എന്ന ഗൗതം മേനോൻ ബ്രില്യൻസ് മനോഹരമായിത്തന്നെ ഇവിടെയുമുണ്ട്. നായികയും നായകനും വരുന്ന ഇന്റിമേറ്റ് രംഗങ്ങളിൽ പരമാവധി സൂക്ഷ്മത കൊണ്ടുവന്നിട്ടുണ്ട്. നായികയെ അവളുടെ ഏറ്റവും ഭംഗിയുള്ള ആംഗിളിൽ നമുക്കു കാണിച്ചു തരാൻ മിടുക്കനായ ജോമോൻ.ടി. ജോൺ, പ്രണയാവതരണം മികച്ചതാക്കാൻ നല്ല പങ്കു വഹിച്ചിട്ടുണ്ട്. തന്റെ ക്യാമറിയിലൂടെ നോക്കുമ്പോൾ എല്ലാ നായികമാരും സുന്ദരിമാരാണെന്നു ജോമോൻ മുൻപു പറഞ്ഞിട്ടുണ്ട്. ചില രംഗങ്ങളിൽ സൗന്ദര്യം എടുത്തു കാണിക്കാനായിത്തന്നെ ലൈറ്റ് ഒരുക്കുന്ന ജോമോന്റെ ക്യാമറ മേഘയെ കൂടുതൽ സുന്ദരിയാക്കി.
അതിനാടകീയതയ്ക്കു സാധ്യതയുണ്ടായിട്ടും ഒട്ടും തുളുമ്പിപ്പോകാതെ ധനുഷ് കഥാപാത്രത്തെ കൈപ്പിടിയിലൊതുക്കി. നാടുവിടുന്ന സഹോദരൻ, ആദ്യ കാഴ്ചയിലെ പ്രണയം, സൗന്ദര്യത്തിൽ ഉറപ്പിച്ച പ്രണയ സങ്കൽപ്പം എന്നിവയൊക്കെ കുറച്ചു പഴകിപ്പോയോ എന്നു തോന്നും. പ്രണയ നഷ്ടവും വീണ്ടെടുക്കലും എന്ന എല്ലാവരും പ്രതീക്ഷിക്കുന്ന എലമെന്റുകൾ മാറ്റിപ്പിടിക്കാൻ ഗൗതം മേനോന് ഈ സിനിമയിലും കഴിഞ്ഞിട്ടില്ല. പതിവുപോലെ മനോഹര ഗാനങ്ങൾ സിനിമയുടെ കൊളുത്താക്കി നിർത്താൻ സംവിധായകനു കഴിഞ്ഞു.( മറുവാർത്തൈ പേശാതെ... ഇതുവരെ പോഗലാം..). പോരായ്മകൾ കണ്ടെത്താമെങ്കിലും ഗൗതം മേനോന്റെ മുൻ സിനിമകളെ പ്രണയത്തിന്റെ വേദപുസ്തകമായി കണ്ടു നെഞ്ചേറ്റിയവർക്ക് ഇതിൽ ഇഷ്ടപ്പെടാൻ ഒരുപാടുണ്ട്.