ADVERTISEMENT

കുടുംബപ്രേക്ഷകരെയും ആരാധകരെയും ഒരുപോലെ രസിപ്പിക്കുന്ന ചിത്രമാണ് ഡ്രൈവിങ് ലൈസൻസ്. പേരുപോലെ തന്നെ ഡ്രൈവിങ് ലൈസൻസ് ഒരു സൂപ്പർതാരത്തിന്റെയും ആരാധകന്റെയും ജീവിതത്തിലുണ്ടാകുന്ന പൊല്ലാപ്പുകളാണ് ചിത്രം പറയുന്നത്. സച്ചിയുടെ തിരക്കഥയിൽ ജീൻ പോൾ ലാലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജും ചേർന്നാണ് നിർമാണം. പൃഥ്വിരാജ് സൂപ്പർതാരമായി എത്തുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മിയ ജോർജും ദീപ്തി സതിയുമാണ് നായികമാര്‍. നന്ദു, സൈജു കുറുപ്പ്, സുരേഷ് കൃഷ്ണ, മേജർ രവി, ശിവജി ഗുരുവായൂർ, ലാലു അലക്സ്, അരുൺ എന്നിവരാണ് മറ്റുതാരങ്ങൾ. കഥാഗതിയിൽ വഴിത്തിരിവാകുന്ന അതിഥി താരമായി സലിം കുമാറും എത്തുന്നു.

 

പ്രമേയം...

 

സൂപ്പർസ്റ്റാർ ഹരീന്ദ്രന് അഭിനയം പോലെ തന്നെ പ്രിയമാണ് കാറുകളും ഡ്രൈവിങ്ങും. ഹരീന്ദ്രന്റെ കടുത്ത ആരാധകനാണ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കുരുവിള. പുതിയ സിനിമയുടെ ക്ലൈമാക്സ് ചിത്രീകരിക്കാനുള്ള അനുമതിക്കായി തന്റെ ലൈസൻസ് തിരയുമ്പോഴാണ് ലൈസൻസ് നഷ്ടപ്പെട്ട വിവരം ഹരീന്ദ്രൻ അറിയുന്നത്. പുതിയ ലൈസൻസ് എളുപ്പം സംഘടിപ്പിക്കാനായി കുരുവിളയെ ഹരീന്ദ്രൻ സമീപിക്കുന്നു. എന്നാൽ ഇരുവരും പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് തുടർന്ന് അരങ്ങേറുന്നത്. 

 

Driving Licence Official Trailer | Prithviraj Sukumaran | Sachy | Lal Jr

അതോടെ കുരുവിളയുടെ ഏറ്റവും വലിയ ആരാധനാപാത്രം അയാളുടെ ഏറ്റവും വലിയ ശത്രുവായി മാറുന്നു. തുടർന്ന് ഇരുവരും തമ്മിലുള്ള ശീതയുദ്ധവും വഴിത്തിരിവുകളും ഭവിഷ്യത്തുകളുമാണ്‌ ചിത്രം പറഞ്ഞുവയ്ക്കുന്നത്.സിനിമയിലെ സൂപ്പർതാരങ്ങൾ തമ്മിലുള്ള കിടമത്സരങ്ങളും അതിനൊപ്പമാടുന്ന ആരാധക സംഘങ്ങളും വിഷയം വഷളാക്കുന്ന മീഡിയയും മുതലെടുപ്പ് രാഷ്ട്രീയവുമെല്ലാം ചിത്രത്തിൽ കഥാഗതിക്ക് കോപ്പുകൂട്ടുന്നു.  

 

അഭിനയം...

suraj-driving-licence

 

സ്റ്റൈലിഷ് ലുക്കിലാണ് പൃഥ്വിരാജ് എത്തുന്നത്. ഹരീന്ദ്രൻ പുറത്തുള്ളവർക്ക് സൂപ്പർസ്റ്റാറാണ്. പക്ഷേ കുടുംബജീവിതത്തിൽ അയാൾ ചില വിഷമഘട്ടത്തിലൂടെ കടന്നു പോകുന്നുണ്ട്. എങ്കിലും സിനിമയ്ക്കായി അതെല്ലാം മാറ്റിവയ്‌ക്കേണ്ടി വരുന്നതിലുള്ള നിസഹായതയും അമർഷവുമെല്ലാം അയാളുടെ ഉള്ളിൽ നുരഞ്ഞുപൊന്തുന്നുണ്ട്. 

വാഹനപ്രേമവും ക്ഷോഭവുമെല്ലാം ചിലയിടങ്ങളിൽ കഥാപാത്രത്തിനപ്പുറം ശരിക്കുള്ള താരത്തെ അനുസ്മരിപ്പിക്കുന്നുണ്ട്. പ്രധാന കഥാപാത്രവുമായി കട്ടയ്ക്ക് നിൽക്കുന്ന പ്രകടനമാണ് സുരാജ് നടത്തുന്നത്. ഒരു ഘട്ടത്തിൽ ആരാണ് ശരിക്കുള്ള നായകൻ അല്ലെങ്കിൽ വില്ലൻ എന്ന തോന്നലും പ്രേക്ഷകരിൽ ജനിപ്പിക്കാൻ സുരാജിന്റെ പ്രകടനത്തിന് സാധിക്കുന്നു. പ്രേക്ഷകരെ ചിരിപ്പിക്കുന്നതിൽ സുരേഷ് കൃഷ്ണയും സൈജു കുറുപ്പും മുൻപന്തിയിൽ നിൽക്കുന്നു. മിയയുടെ കഥാപാത്രവും ഒരുവേള ചിരിയുണർത്തുന്നുണ്ട് .മറ്റു സഹതാരങ്ങളും അവരുടെ റോളുകൾ ഭദ്രമാക്കിയിട്ടുണ്ട്. 

 

സാങ്കേതികവശങ്ങൾ...

 

ഒരു ചെറിയ കഥാബീജത്തിൽ നിന്നും വികസിക്കുന്ന കഥയാണ് ചിത്രത്തിലെ താരം.  അത് പ്രേക്ഷകരെ ബോറടിപ്പിക്കാതെ അവതരിപ്പിക്കുന്നതിൽ തിരക്കഥാകൃത്തും സംവിധായകനും കഴിയുന്നു. ആദ്യ പകുതി പ്രേക്ഷകരെ നന്നായി പിടിച്ചിരുത്തുന്നുണ്ട്. രണ്ടാം പകുതിയിൽ സിനിമാറ്റിക്കായ ചില രംഗങ്ങൾ ഉണ്ടെങ്കിലും നീതികരണമുണ്ട്. ഛായാഗ്രഹണം നിലവാരം പുലർത്തുന്നു. പ്രത്യേകിച്ച് ചില സ്ലോ മൂവിങ് ഷോട്ടുകൾ ദൃശ്യമികവിന്റെ അടയാളമായി പ്രേക്ഷകരുടെ കണ്ണുകളെ പിടിച്ചിരുത്താൻ സാധ്യതയുണ്ട്. അലക്സ് ജെ. പുളിക്കല്‍ ആണ് ഛായാഗ്രഹണം.  ചിത്രത്തിലെ 'ഫാൻ സോങ്' ഇതിനോടകം ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചിട്ടുണ്ട്. സന്തോഷ് വര്‍മയുടേതാണ് വരികള്‍. യക്സണ്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവരാണ് സംഗീതം ഒരുക്കുന്നത്.

 

രത്നച്ചുരുക്കം...

 

ലൈസൻസ് എടുത്തവർക്കെല്ലാം തങ്ങൾ കടന്നുപോയ പരീക്ഷകൾ വീണ്ടും അയവിറക്കാനുള്ള കാഴ്ചകളും ചിത്രത്തിലുണ്ട്.  അലക്ഷ്യമായി ഡ്രൈവിങ് ലൈസൻസ് സൂക്ഷിക്കുന്ന പലരും ചിത്രം കണ്ടിറങ്ങിയാൽ സാധനം കയ്യിലുണ്ടോ എന്ന് വെറുതെ ഒന്ന് പരിശോധിക്കാൻ സാധ്യതയുണ്ട്. അങ്ങനെ പഴ്സിൽ പൊടിപിടിച്ചിരുന്ന ഡ്രൈവിങ് ലൈസൻസിനെ വീണ്ടും സ്മരിക്കാൻ അവസരം ഒരുക്കുന്നിടത്താണ് ചിത്രത്തിന്റെ വിജയം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com