മാസ് ആക്‌ഷൻ ‘പൂരം’; റിവ്യു
Mail This Article
തൃശൂർ പൂരം ഒരിക്കല്ലെങ്കിലും കാണാൻ പോയവർക്ക് അറിയാം ആ കമ്പത്തിന്റെ പ്രകമ്പനം! പൂരം കഴിഞ്ഞാലും മനസിൽ അത് ഇങ്ങനെ തങ്ങി നിൽക്കും. അത്തരത്തിലൊരു വികാരമാണ് 'തൃശൂർ പൂരം' എന്ന ജയസൂര്യ ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മനസിലും ഉണ്ടാകുക. മാസ് വേഷ പകർച്ചയായി ജയസൂര്യയും പൂർണ ആക്‌ഷൻ ത്രില്ലറായി ചിത്രവും തിയറ്ററിൽ അരങ്ങേറിയപ്പോൾ സത്യത്തിൽ ഒരു പൂരം കണ്ട അവസ്ഥ. ജയസൂര്യയുടെ ഇതുവരെയിറങ്ങിയതിൽ ഏറ്റവും മികച്ച ആക്‌ഷൻ ത്രില്ലർ എന്ന് തൃശൂർ പൂരം എന്ന ചിത്രത്തെ വിശേഷിപ്പിക്കാം
കൊച്ചിയുടെയും മുംബൈയുടെയുമൊക്കെ അധോലോക കഥകളും ഗുണ്ടാപക കഥകളുമൊക്കെ നിരവധി മലയാള സിനിമകളിൽ വന്നിട്ടുണ്ട്. എന്നാൽ പൂരങ്ങളുടെ നാട്ടിൽ, സ്വർണ വ്യാപാരത്തിന് പേരുകേട്ട നാട്ടിൽ നടക്കുന്ന ഗുണ്ടാപകയുടെ കഥയാണ് തൃശൂർ പൂരം. ആട് 2 എന്ന സൂപ്പർഹിറ്റിനു ശേഷം ജയസൂര്യ–വിജയ് ബാബു കൂട്ടുകെട്ടിൽ ഒരുങ്ങിയ ‘തൃശൂർ പൂരം’ ആടിനെ പോലെ കോമഡി ആക്‌ഷൻ ത്രില്ലറല്ല. മറിച്ച് ഒരു മാസ് ആക്‌ഷൻ ത്രില്ലറാണ്.
മാസ് ആക്‌ഷനും ഡയലോഗുകളും
മാസ് ആക്‌ഷന്റെയും ഡയലോഗുകളുടെയും സംയോജനമാണ് സിനിമ. പശ്ചാത്തല സംഗീതം ആക്‌ഷന് മികച്ച പിന്തുണ നൽകുന്നു. തമിഴിലെ പ്രശസ്ത ക്യാമറമാനായ ആര്‍.ഡി. രാജശേഖർ തന്റെ ജോലി ഗംഭീരമാക്കി.
കുട്ടികാലത്ത് തന്നെ ചില പ്രത്യേക സാഹചര്യങ്ങളിൽ ജയിലിൽ അടയ്ക്കപ്പെടുന്ന ഗിരി (ജയസൂര്യയുടെ ചെറുപ്പം). പുള്ള് ഗിരി എന്ന ഗുണ്ടയായി മാറുന്നതിൽ തുടങ്ങി, സ്വസ്ഥ ജീവിതം നയിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളാണ് കഥയെ മുന്നോട്ട് കൊണ്ടുപോകുന്നത്.
ജയസൂര്യയുടെ തന്നെ ഡയലോഗിൽ പറഞ്ഞാൽ "നമ്മളായിട്ട് ആരുടെയും നെഞ്ചത്തേക്ക് കേറാറില്ല സാറേ... പിന്നെ നമ്മുടെ നെഞ്ചത്തേക്ക് വന്നാ... അതും വാങ്ങി വീട്ടിൽ പോയി കഞ്ഞിയും കുടിച്ചുറങ്ങുന്നത് ശീലമില്ലാത്തൊരു കാര്യമാ...". പുള്ള് ഗിരിയുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി വരുന്ന പ്രണയവും അത് ജീവിതത്തിലുണ്ടാക്കുന്ന മാറ്റവുമൊക്കെയാണ് സിനിമ പറയുന്നത്. ഗുണ്ടായിസത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ നിർബന്ധിതനാക്കുന്നുവെങ്കിലും കൂടെയുള്ളവർക്ക് പറ്റുന്ന അബദ്ധങ്ങൾ വീണ്ടും ഗിരിയുടെ സ്വൈര്യജീവിതം കെടുത്തുന്നു. അതിനുപിന്നാലെ പോകുന്ന സാഹചര്യമാണ് ചിത്രത്തെ ഫുൾ ആക്‌ഷൻ മൂവിയുടെ തലത്തിലേക്ക് കൊണ്ടുപോകുന്നത്.
കഥാപാത്രങ്ങൾ
നേരത്തെ പറഞ്ഞ പോലെ പുള്ള് ഗിരി മാസാണ്. അദ്ദേഹത്തെ പിന്തുണച്ച് കൂടെ നിൽക്കുന്ന ലൂസിഫർ ഫെയിം മുരുകൻ, മണിക്കുട്ടൻ, ബിനോയ് നമ്പോല എന്നിവരും മികച്ച പിന്തുണ നൽകി. വക്കീലായി മല്ലിക സുകുമാരൻ തകർത്തു. സ്വാതി റെഡ്ഡിയും ഗായത്രി അരുണും തങ്ങളുടെ കഥാപാത്രങ്ങൾ മികവുറ്റതാക്കി. ജയസൂര്യയെ പോലെ മാസ് ആക്‌ഷൻ രംഗങ്ങളിൽ നിറഞ്ഞു നിന്ന മറ്റ് രണ്ടുപേർ ചിത്രത്തിലെ വില്ലൻ കഥാപാത്രങ്ങളായ സാബുമോൻ അബ്ദുസമാദും സുദേവും ആണ്. സാബുമോന്റെ പുത്തൻ വേഷപകർച്ചയാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. സിറ്റി കമ്മീഷണറായി വിജയ് ബാബവും പൊലീസുകാരനായി ശ്രീജിത്ത് രവിയുമെല്ലാം തങ്ങളുടെ ഭാഗങ്ങൾ മികച്ചതാക്കിയിട്ടുണ്ട്. സംഘടനരംഗങ്ങളിലെത്തുന്ന ചെറിയ കഥാപാത്രങ്ങൾക്ക് പോലും മികച്ച ഡീറ്റെയ്‌ലിങ് ലഭിക്കുന്നുവെന്നത് ചിത്രത്തിന്റെ മേൻമ കൂട്ടുന്നു.
സംഗീതസംവിധായകനായ രതീഷ് വേഗ ആദ്യമായി കഥയും തിരക്കഥയും സംഭാഷണവും നിർവഹിക്കുന്ന ചിത്രത്തിന്റെ സംവിധാനം രാജേഷ് മോഹനൻ ആണ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് തൃശൂര്‍ പൂരം നിര്‍മ്മിച്ചിരിക്കുന്നത്. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് രതീഷ് വേഗ തന്നെയാണ് സംഗീതവും നൽകിയിരിക്കുന്നത്.
ആക്‌ഷന്റെ കൊടിയേറ്റത്തിൽ തുടങ്ങി അതിന്റെ പൂരത്തിൽ അവസാനിച്ച സിനിമ. മാസ് ഡയലോഗുകളും ത്രില്ലറും പ്രണയവും ചേർത്ത് സംവിധായകൻ രാജേഷ് മോഹനൻ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിച്ചപ്പോൾ തിയറ്ററുകളിൽ തൃശൂർ പൂരത്തിന്റെ കമ്പക്കെട്ട് അരങ്ങേറി. പ്രേക്ഷകർക്ക് മനംനിറച്ച് ആക്‌ഷന്‍ പൂരം ആസ്വദിക്കാം.