രാവിലെ മുതൽ രാത്രി വരെ ഒരടുക്കള ജീവി; ‘ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ റിവ്യു
Mail This Article
ഇങ്ങനെ എത്ര പെണ്ണുങ്ങൾ ഇതിനകം നരകിച്ച് മരിച്ചു കഴിഞ്ഞു?! എത്രപേർ ഇന്നുമിങ്ങനെ നരകിച്ച് ജീവിക്കുന്നു?! എത്രപേരെ ഇനിയുമിങ്ങനെയൊരു നരക തുല്യ ജീവിതത്തിലേക്ക് തള്ളി വിടുന്നു?!
ഭാര്യ കൊണ്ടു പോയി കൊടുത്ത ചായയും ഊതിക്കുടിച്ച്, തലങ്ങും വിലങ്ങും പത്രവും നോക്കി, അടുക്കളയിലുള്ള ഭാര്യയോട് അന്നു വേണ്ട ഭക്ഷണത്തിന്റെ ലിസ്റ്റും പറഞ്ഞ്, ഏതെങ്കിലും സ്ത്രീപീഡന വാർത്തകൾ ന്യൂസ് ചാനലിലൂടെ കേൾക്കുമ്പോൾ, ‘സ്ത്രീയെ പീഡിപ്പിക്കാത്ത’, അവരെ ‘പൊന്ന്’ പോലെ നോക്കുന്ന താനെത്ര മഹാനാണെന്നാലോചിച്ച്, ഒരു മഹദ് വ്യക്തിയെ പോലെ ജീവിക്കുന്ന മുഴുവനാണുങ്ങൾക്കും, ജീവിതം മുഴുവൻ കുടുംബത്തിലുള്ളവർക്കു വച്ചും വിളമ്പിയും ‘കുടുംബത്തിന്റെ ഐശ്വര്യമായി’ ജീവിക്കേണ്ടവളാണ് ഓരോ പെണ്ണുമെന്നു പഠിപ്പിച്ചു വിടുന്ന മുഴുവൻ പെണ്ണുങ്ങൾക്കും കിട്ടിയ അടിയാണ് ‘ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’.
"Thanks Science" എന്നെഴുതി കൊണ്ടാണ് സിനിമ തുടങ്ങുന്നത്. സയൻസിനങ്ങനെ ആരുടെയും നന്ദിയും കടപ്പാടുമൊന്നും ആവശ്യമില്ല. എന്നാൽ, "Thanks God" എന്ന് എഴുതി തുടങ്ങുന്ന സിനിമകളുള്ളിടത്തോളം കാലം "Thanks Science" എന്നത് ഒരു പ്രതിരോധമായിത്തന്നെ തുടരും!
സിനിമയിൽ എവിടെയെങ്കിലും, ഒരു വ്യക്തിക്ക് കിട്ടേണ്ട സ്വാതന്ത്ര്യത്തെ കർശനസ്വരത്തിലോ മൃഗീയ പീഡനങ്ങൾ കൊണ്ടോ വിലക്കുന്നതായി കണ്ടുവോ?
ഇല്ലെന്നുള്ളതാണ് വാസ്തവം!!
നമുക്കിങ്ങനെ ഉറപ്പിച്ചു പറയാനാകുമോ? ഒരു പെയ്ഡ് തലക്കെട്ടു പോലെ തോന്നുന്നു
കഥയിലെ നായിക രാവിലെ മുതൽ രാത്രി വരെ ഒരടുക്കളജീവിയാണ്! വീട്ടിലെ പുരുഷ കേസരികൾ ഏമ്പക്കം വിട്ട് കഴിച്ചെഴുന്നേറ്റ എച്ചിൽ പാത്രങ്ങളും തിന്ന് തുപ്പിയിട്ട് പോയ എച്ചിലും സ്വന്തം കൈകൊണ്ടു വൃത്തിയാക്കുന്നവളാണ്! അനാവശ്യമാം വിധം കെട്ടിപ്പണിഞ്ഞു വച്ചിരിക്കുന്നൊരു ഭീകര സൗധം അടിച്ചുവാരി തുടച്ചു വൃത്തിയാക്കുന്നവളാണ്! രാത്രി വരെ അടുക്കളജീവിയായി, രാത്രി ഭർത്താവിന്റെ കാമം തീർക്കാനൊരു കിടപ്പറജീവിയുമായി മാറുന്നവളാണ്! ഭർത്താവിന്റെ തെറ്റ് ചൂണ്ടിക്കാണിക്കുമ്പോൾ, അതിന്റെ പേരിൽ, തെറ്റു ചെയ്ത ഭർത്താവിനോടു മാപ്പു പറയേണ്ടി വരുന്നവളാണ്! ഒരു ഉപഭോഗ വസ്തുവിനപ്പുറം, ലൈംഗിക ബന്ധത്തിൽ യാതൊരു റോളുമില്ലാത്തവളാണ്! ജൈവികമായൊരു ശാരീരിക പ്രക്രിയയുടെ പേരിൽ, തൊട്ടുകൂടായ്മയും അവഗണനയും തടവുജീവിതവും അനുഭവിക്കേണ്ടി വരുന്നവളാണ്! ഇഷ്ടമുള്ള ജോലിക്ക് പോവാൻ കഴിയാത്തവളാണ് !
ഇനി ഒന്ന് ചോദിച്ചോട്ടെ.. സിനിമയിൽ എവിടെയെങ്കിലും, ഏതെങ്കിലുമൊരു ഭാഗത്ത്, ഇങ്ങനെയെല്ലാം ചെയ്യാൻ നായികാ കഥാപാത്രത്തെ ആരെങ്കിലും ശാരീരികമായോ മറ്റേതെങ്കിലും രീതിയിലോ പീഡിപ്പിക്കുന്നതായി കണ്ടുവോ?
കാണില്ല!
കാരണം, സിനിമ പറഞ്ഞുവച്ചത് നമ്മുടെയോരോരുത്തരുടെയും വീടുകളെപ്പറ്റിയാണ്!
നമ്മുടെയൊക്കെ വീടുകൾ ഇങ്ങനെയാണ്. ഹോട്ടലിൽനിന്നു കഴിക്കാൻ ഇഷ്ടമില്ലെന്നു പറഞ്ഞ്, വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തെ വാനോളം പുകഴ്ത്തിയും കുറ്റവും കുറവുകളും പറഞ്ഞ് പാചകം ഇനിയും നന്നാവാനുണ്ടെന്ന് ഓർമപ്പെടുത്തിയും അടുക്കളയിൽത്തന്നെ സ്ത്രീകളെ തളച്ചിടാൻ നമുക്കറിയാം! ‘ജോലിക്കിപ്പോൾ പോവണ്ടാ.. പിന്നെ മതി’ എന്നു പറഞ്ഞ്, സ്ത്രീകൾ സ്വയം വരുമാനം കണ്ടെത്തുന്നതിനെ "സ്നേഹപൂർവം" തടയാൻ നമുക്കറിയാം! ‘കല്യാണം കഴിഞ്ഞാലും പഠിക്കാമല്ലോ’ എന്ന നുണ പറഞ്ഞ് സ്ത്രീകൾ വിദ്യാഭ്യാസം നേടുന്നതിൽ നിന്നും അവരെ തടുക്കാൻ നമുക്കറിയാം! സ്ത്രീകളിലെ ലൈംഗികചിന്ത പാപമാണെന്നും, ലൈംഗിക കാര്യങ്ങളിൽ അഭിപ്രായം പറയുന്നവർ മോശക്കാരാണെന്നും വരുത്തിത്തീർത്ത് അവരെ വെറും ഉപഭോഗ വസ്തുക്കളാക്കി മാറ്റാൻ നമുക്കറിയാം! ഒരു ശാരീരിക പ്രക്രിയയെ ചൂണ്ടി കാണിച്ച്, സ്ത്രീകളെ അശുദ്ധകളാക്കി ചിത്രീകരിച്ച് അവരെ വെറും രണ്ടാംകിട ജീവികളാക്കാനും നമുക്കറിയാം!
ചുരുക്കിപ്പറഞ്ഞാൽ, ഒരു തുള്ളി ചോര പോലും പൊടിയാതെ ശരീരഭാഗങ്ങൾ അറുത്തെടുക്കാൻ നമുക്കറിയാം! ശരീര ഭാഗങ്ങളെല്ലാം അറുത്തെടുക്കാം, പക്ഷേ ചോര പൊടിയുന്നതാണു തെറ്റെന്ന് വിചാരിക്കുന്ന ഒരു ജനതയുമാണ് ചുറ്റുമുള്ളതെങ്കിൽ, തലയറുക്കുമ്പോൾ ഇറ്റു വീണ ചോരത്തുള്ളികൾക്കല്ലാതെ അറുത്തിട്ട തലകൾക്ക് ആരുടേയും മുന്നിൽ കണക്ക് പറയേണ്ടി വരില്ല.. കുറ്റബോധത്തിന്റെ ആവശ്യവുമുണ്ടാവില്ല!
സ്ത്രീ അമ്മയാണെന്നും ദേവിയാണെന്നും വീട്ടുജോലികൾ ചെയ്യുന്ന സ്ത്രീകൾ മറ്റാരെക്കാളും വലിയവളാണെന്നും മറ്റേത് ഭക്ഷണവും നീയുണ്ടാക്കുന്ന ഭക്ഷണത്തിന്റെ അടുത്തു പോലുമെത്തില്ലെന്നും ഞാനുള്ളപ്പോൾ നീ പണിക്കു പോയി കഷ്ടപ്പെടേണ്ടെന്നും മറ്റുമുള്ള പഞ്ചാരവാക്കുകളാൽ സ്ത്രീകളെ വീടുകളിൽ തളച്ചിട്ടുകൊണ്ടു തന്നെയാണ് ഇന്ന് കാണുന്ന മുഴുവൻ ‘മാതൃകാ’ കുടുംബങ്ങളും വീടുകളും നിലം പൊത്താതെ നിലനിൽക്കുന്നത്!
നമ്മുടെയൊക്കെ വീടുകളെയാണ് ഈ സിനിമയിലൂടെ നമ്മൾ കണ്ടതെന്ന് ഇനിയും മനസ്സിലായില്ലെങ്കിൽ, വിശ്വാസമായില്ലെങ്കിൽ, പശ്ചാത്തല സംഗീതമില്ലാതെ, എച്ചിൽ പാത്രം കഴുകുക പോലുള്ള സമയത്ത് നായികയുടെ മുഖഭാവമോർക്കാതെ, കല്യാണവും കാത് കുത്തും പോലുള്ള ചടങ്ങുകളിൽ അണിഞ്ഞൊരുങ്ങി പളാപളാ മിന്നുന്ന സാരിയുമുടുത്ത് ബന്ധുക്കളുടെ മുന്നിൽ ചിരിച്ചു നിൽക്കുന്ന നായികയുടെ മുഖം കൂടി സങ്കൽപിച്ചു കൊണ്ട് സിനിമയിലെ രംഗങ്ങളെ ഒന്നുകൂടി ഓർത്ത് നോക്കൂ..
നമ്മുടെയൊക്കെ വീടുകളെയല്ലാതെ മറ്റൊന്നും നമുക്കിവിടെ കാണാൻ കഴിയില്ല!!
സ്വന്തം അമ്മയും ഭാര്യയും പെങ്ങളും കൂട്ടുകാരിയും കാമുകിയും തുടങ്ങി നമുക്കു ചുറ്റുമുള്ള സകലമാന സ്ത്രീകളെയും അച്ഛനും മുത്തശ്ശനും ചേട്ടനും കാമുകനും തുടങ്ങി നമുക്ക് ചുറ്റുമുള്ള സകലമാന പുരുഷന്മാരെയും ഈ സിനിമയിലൂടെ കാണാം, നമ്മളെയടക്കം!
ജനാധിപത്യബോധമില്ലാത്ത, പൗരബോധമില്ലാത്ത, സമത്വബോധമില്ലാത്ത, നമ്മുടെ ജനതയെ കണ്ട് കുറച്ചെങ്കിലും വിഷമം തോന്നുന്നുണ്ടെങ്കിൽ, ഈ സ്ഥിതിയിൽനിന്നു മാറ്റം വരണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ, പോകൂ.. ഈ പറയുന്ന ആധുനിക മൂല്യങ്ങളൊന്നും തൊട്ടു തീണ്ടിയിട്ടില്ലാത്ത നമ്മുടെയോരോ വീടും സ്ത്രീയെ തളച്ചിട്ടിരിക്കുന്ന ഓരോ അടുക്കളയും തച്ചു തരിപ്പണമാക്കൂ...!!
കാരണം, ആധുനിക-മാനുഷിക മൂല്യങ്ങളെ ഉൾക്കൊള്ളാത്ത, പ്രവർത്തികമാക്കാത്ത വീടുകളും അത്തരം വീടുകളിലെ അടുക്കളകളുമുള്ള കാലത്തോളം നരകിച്ചു ജീവിക്കുന്ന ഒരുപറ്റം ജീവിതങ്ങളല്ലാതെ മറ്റൊന്നും നമുക്കു ലഭിക്കാനില്ല!!
വർത്തമാന സാഹചര്യത്തിൽനിന്നു കൊണ്ട്, നമ്മുടെ സമൂഹത്തെ, സമൂഹത്തിന്റെ പൊതുബോധങ്ങളെ, വീടുകളെ, അദൃശ്യമാം ചങ്ങലകളാൽ വീടുകളിൽ തളച്ചിട്ടിരിക്കുന്ന സ്ത്രീകളെ, നൂറ്റാണ്ടുകൾ പുറകിലേക്ക് നമ്മെ നയിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെയെല്ലാം അഡ്രസ് ചെയ്യാൻ ശ്രമിച്ച ‘ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ എന്ന സിനിമ തീർക്കുന്ന പ്രതീക്ഷ ചെറുതൊന്നുമല്ല.