ചുരുളഴിയാക്കഥകളുടെ പ്രീസ്റ്റ്: റിവ്യൂ
Mail This Article
‘ഹൊറർ ത്രില്ലർ’ എന്നതാണ് പ്രീസ്റ്റ് എന്ന പുതിയ മമ്മൂട്ടി ചിത്രത്തിന് അണിയറക്കാർ നൽകിയ വിശേഷണം. പ്രേക്ഷകനെ പേടിപ്പിക്കുകയും അതേ സമയം ത്രില്ലടിപ്പിക്കുകയും ചെയ്യുന്ന മികച്ച കഥാപശ്ചാത്തലമുള്ള സിനിമ. പുതുമുഖത്തിന്റെ പതർച്ചകളേതുമില്ലാത്ത സംവിധായകന്റെ മേക്കിങും കൂടിയായപ്പോൾ മമ്മൂട്ടിയുടെ പുരോഹിതകഥാപാത്രം പ്രേക്ഷകർക്ക് പ്രിയപ്പെട്ടവനാകും.
ഒരു കുടുംബത്തിൽ നടക്കുന്ന അസാധാരണ മരണങ്ങളുടെ പിന്നിലെ ദുരൂഹത അന്വേഷിക്കാനാണ് ഫാദർ ബെനഡിക്റ്റ് എന്ന മമ്മൂട്ടിയുടെ കഥാപാത്രം എത്തുന്നത്. ആ മരണങ്ങളുടെ പിറകെ പോയ ബെനഡിക്റ്റിന് കുറ്റകൃത്യങ്ങളെ കൂടാതെ ചില അസാധാരണ വെല്ലുവിളികളും നേരിടേണ്ടി വരുന്നു. അദ്യ മരണങ്ങൾ മഞ്ഞുമലയുടെ ഒരറ്റം മാത്രമാകുന്നതും പിന്നാലെ കൂടുതൽ കുറ്റകൃത്യങ്ങളും പ്രതിസന്ധികളും എത്തുന്നതും ബെനഡിക്റ്റ് അതിനെ നേരിടുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
സാധാരണ കാണുന്നതു പോലെ പശ്ചാത്തല വിവരണത്തിലൂടെ സിനിമയുടെ പ്രധാന കഥാതന്തുവിലേക്ക് പ്രവേശിക്കുന്ന രീതിയല്ല പ്രീസ്റ്റിൽ അവലംബിച്ചിരിക്കുന്നത്. ആദ്യ ഷോട്ട് മുതൽ സിനിമയിലേക്ക് പ്രേക്ഷകനെ നേരിട്ട് കൈപിടിച്ചാനയിക്കുകയാണ് സംവിധായകൻ. പൂർണമായും കുറ്റാന്വേഷണത്തിലൂന്നിയാണ് ചിത്രത്തിന്റെ ആദ്യ പകുതി സഞ്ചരിക്കുന്നത്. ഇന്റെർവെൽ ട്വിസ്റ്റ് പ്രേക്ഷകനെ കയ്യിലെടുക്കുന്നതാണ്.
ഹൊറർ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ രണ്ടാം പകുതി ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകനെ പേടിപ്പിക്കുന്നതിനൊപ്പം അവന്റെ ആകാംക്ഷ വർധിപ്പിക്കാനുമുള്ള വിദ്യകളും സംവിധായകൻ ഒരുക്കിയിട്ടുണ്ട്. കൂടുതൽ കഥാപാത്രങ്ങളും ഫ്ലാഷ്ബാക്ക് ഉൾപ്പടെയുള്ള കൂടുതൽ കഥാഗതികളും കൂടി എത്തുന്നതോടെ സിനിമ മികവിന്റെ കൊടുമുടി കയറും.
പള്ളീലച്ചന്റെ വേഷത്തിലെത്തിയ മമ്മൂട്ടി പതിവു പോലെ മിതത്വം നിറഞ്ഞ ആ കഥാപാത്രത്തെ മികച്ചതാക്കി. മഞ്ജു വാര്യർ, നിഖില വിമൽ, സാനിയ ഇയ്യപ്പൻ തുടങ്ങിയവരും തങ്ങളുടെ വേഷങ്ങൾ അനായാസം അവതരിപ്പിച്ചു. ബേബി മോണിക്ക എന്ന ബാലതാരം സിനിമയിലുടനീളം നിറഞ്ഞു നിന്ന കഥാപാത്രത്തെ ഗംഭീരമാക്കി. അഖിൽ ജോർജിന്റെ ഛായാഗ്രഹണം, രാഹുൽ രാജിന്റെ സംഗീതം, ഷമീർ മുഹമ്മദിന്റെ എഡിറ്റിങ് എന്നിവ സിനിമയെ മനോഹരമാക്കി.
സംവിധായകനായ ജോഫിൻ ടി ചാക്കോ തന്റെ ആദ്യ സംരംഭം പാളിച്ചകളില്ലാതെ മികവോടെ പൂർത്തിയാക്കി. കോവിഡ് കാലത്തിനു ശേഷം തിയറ്ററിലെത്തിയ ആദ്യ സൂപ്പർ സ്റ്റാർ ചിത്രമെന്ന ഖ്യാതിയുള്ള പ്രീസ്റ്റ് അതിനൊപ്പം മികച്ച സിനിമ എന്ന വിശേഷണം കൂടി നേടാനാണ് സാധ്യത. പ്രേക്ഷകരെ തിയറ്ററുകളിൽ നിറയ്ക്കാൻ ഇൗ സിനിമയ്ക്ക് സാധിക്കുമെന്ന് തന്നെയാണ് ആദ്യ സൂചനകളും.