ചിരിയുടെ ‘കലഹം’; കനകം കാമിനി കലഹം റിവ്യു
Mail This Article
മലയാളി പ്രേക്ഷകർ പൊതുവെ കണ്ടു പരിചയിച്ചിട്ടില്ലാത്ത തരം ഹാസ്യം കൈകാര്യം ചെയ്യുന്ന സിനിമയാണ് കനകം കാമിനി കലഹം. സിറ്റുവേഷനൽ കോമഡികൾ മികച്ച കഥാപാത്രങ്ങളെ കൊണ്ട് അവതരിപ്പിച്ച് കാഴ്ചക്കാരന് ആസ്വദിക്കാവുന്ന രീതിയിൽ ഒരുക്കിയിരിക്കുന്ന ചിത്രം.
ഭാര്യാഭർത്താക്കന്മാരായ പവിത്രനും ഹരിപ്രിയയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ദാമ്പത്യ ജീവിതത്തിലുണ്ടാകുന്ന ചില വിള്ളലുകൾ പരിഹരിക്കാൻ രണ്ടു പേരും ഒന്നിച്ച് ഒരു യാത്ര പോകുന്നു. മൂന്നാറിലെത്തുന്ന അവർ അവിടെ ഒരു ഹോട്ടലിൽ മുറിയെടുക്കുന്നതും തുടർന്നുണ്ടാകുന്ന ചില സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
വ്യത്യസ്തമായ ടൈറ്റിൽ കാർഡിൽ തുടങ്ങുന്ന സിനിമ അപ്പോൾ മുതൽ തന്നെ പ്രേക്ഷകനെ തന്നിലേക്ക് അടുപ്പിക്കും. ഒരു ഹോട്ടലിന്റെ ഉൾഭാഗത്താണ് സിനിമയുടെ ഭൂരിഭാഗവും നടക്കുന്നത്. ഹാസ്യരംഗങ്ങളെല്ലാം മലയാളി പ്രേക്ഷകർ ഇതുവരെ പരിചയിച്ചിട്ടില്ലാത്ത മാതൃകയിലാണ് ഒരുക്കിയിരിക്കുന്നത്. സിറ്റുവേഷനൽ ഡാർക്ക് കോമഡികളാണ് ഭൂരിഭാഗവും. ചെറുതും വലുതുമായ എല്ലാ കഥാപാത്രങ്ങളും കോമഡി കൈകാര്യം ചെയ്തിരിക്കുന്നുവെന്നത് എടുത്തു പറയേണ്ടതാണ്.
നിവിൻ പോളി പവിത്രൻ എന്ന ജൂനിയർ ആർട്ടിസ്റ്റായി മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്. ഹോട്ടൽ മാനേജരുടെ വേഷത്തിലെത്തിയ വിനയ് ഫോർട്ടിന്റെ ഡയലോഗുകളും റിംഗ് ടോണും ആസ്വാദകരെ ഒരുപാട് ചിരിപ്പിക്കും. ഗംഭീര പ്രകടനമാണ് ചിത്രത്തിൽ വിനയ്‌യുടേത്. നായികാ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഗ്രേസ് ആന്റണിയും വിൻസിയും ചില രംഗങ്ങൾ കയ്യടക്കി. ജാഫർ ഇടുക്കിയുടെ മദ്യപാനി കഥാപാത്രം ആളുകളെ ചിരിപ്പിച്ചപ്പോൾ ജോയ് മാത്യുവിന്റെ കവിയുടെ കഥാപാത്രം പ്രേക്ഷകനെ പൊട്ടിച്ചിരിപ്പിക്കും. സുധീഷ്, സുധീർ പറവൂർ, ശിവദാസ് കണ്ണൂർ, രാജേഷ് മാധവൻ തുടങ്ങി ഒട്ടനവധി അഭിനേതാക്കൾ വേറെയുമുണ്ട്.
ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന ആദ്യ സിനിമയിലൂടെ ആസ്വാദകരെ ആകർഷിച്ച രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ രണ്ടാമത്തെ സിനിമയും ഗുണത്തിലും ഗണത്തിലും ആ സിനിമയോടു സാമ്യത പുലർത്തുന്നു. പരിമിതമായ ലൊക്കേഷനിലും മികച്ച ഫ്രെയിമുകളൊരുക്കിയ ഛായാഗ്രാഹകൻ വിനോദ് ഇല്ലംപള്ളിയും അഭിനന്ദനം അർഹിക്കുന്നു. സിനിമയുടെ ബാക്കിയുള്ള സാങ്കേതിക വശങ്ങളിലും പോരായ്മകൾ ഒന്നും തന്നെ ചൂണ്ടിക്കാണിക്കാനില്ല.
നാടകാന്തരീക്ഷത്തിൽ എടുത്തിരിക്കുന്ന സിനിമാണ് കനകം കാമിനി കലഹം. കോവിഡ് കാലത്തിന്റെ പരിമിതികൾ ഉൾക്കൊണ്ട് ഒരു ഹോട്ടലിൽ മാത്രമായി ചിത്രീകരിച്ചിരിക്കുന്ന ചിത്രം പക്ഷേ ആസ്വാദനത്തിൽ അത്തരം പരിമിതികളൊന്നും കാണിക്കുന്നില്ല. ഏവർക്കും പൊട്ടിച്ചിരിയോട കാണാവുന്ന ഒരു കുഞ്ഞു ചിത്രം, അതാണ് കനകം കാമിനി കലഹം.