ചിരിയുടെ ഘോഷയാത്ര; ‘ജാനേമൻ’ റിവ്യു
Mail This Article
ഏകാന്തതയുടെ മഞ്ഞുവീഴ്ചയില്‍ നിന്ന് ആഘോഷത്തിന്റെ രാവിലേക്ക് ഓടിയെത്തുന്ന ജോയ്‌മോന്‍. അയാളെ കാത്തിരിക്കുന്നതൊക്കെയും ജീവിതത്തിന്റെ വൈകാരികത കലര്‍ന്ന അനുഭവങ്ങളായിരുന്നു. അപ്പോഴും അയാളുടെ നിഷ്‌കളങ്കത പ്രേക്ഷകനെ പൊട്ടിച്ചിരിപ്പിച്ചുകൊണ്ടിരുന്നു. തമ്മിലടിച്ചും കലഹിച്ചും പിണങ്ങി നില്‍ക്കുന്നവരോട് ദാ ഇത്രയൊക്കെയെയുള്ളു ജീവിതമെന്ന് പറയാതെ പറയുകയാണ് ‘ജാനേമന്‍’ എന്ന കൊച്ചു ‘വലിയ’ ചിത്രം. സ്‌നേഹിക്കാനും പരസ്പരം കൈകോര്‍ക്കാനും പഠിപ്പിക്കുന്ന ചിത്രം ഹൃദയവിശാലതയുള്ള കുറേ നല്ല മനസ്സുകളുടെ കഥകൂടിയാണ്. ഒരു പിറന്നാള്‍ കേക്കിന്റെ മധുരം നുകര്‍ന്ന സുഖമുണ്ട് ‘ജാനേമന്നിന്’. പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും അതില്‍ ചേര്‍ന്നു നില്‍ക്കുന്ന ജീവിതം പകരുന്ന വൈകാരികതയുമൊക്കെ ജാനേമന്നിനെ ഒരു മികച്ച ചിത്രമാക്കി മാറ്റുന്നു.
കാനഡയില്‍ നഴ്‌സായി ജോലി ചെയ്യുന്ന ജോയ്‌മോന്റെ ജീവിതത്തിലെ ഒറ്റപ്പെടലുകള്‍ കുറച്ചൊന്നുമല്ല അയാളെ മടുപ്പിച്ചിരുന്നത്. ഏകാന്തതയുടെ തടവറയില്‍ അയാള്‍ സ്വയം ഇല്ലാതായി. ഒടുവില്‍ എല്ലാം ഉപേക്ഷിച്ച് തന്റെ പിറന്നാള്‍ ആഘോഷം ഒരു സംഭവമാക്കാന്‍ നാട്ടിലേക്കെത്തുന്നു. സുഹൃത്തുക്കളായ ഫൈസലും സമ്പത്തുമൊക്കെ ഒപ്പം ചേര്‍ന്നതോടെ ജോയ്മോന്റെ പിറന്നാൾ രാത്രി സംഭവബഹുലമായി മാറി. ജോയ്‌മോന്‍ ഒരുക്കുന്ന സര്‍പ്രൈസുകളും അതിനെ തുടര്‍ന്നുണ്ടാകുന്ന പൊല്ലാപ്പുകളുമാണ് ജാനേമന്നിനെ മുന്നോട്ടുകൊണ്ടു പോകുന്നത്. ഒരു പകലും ആ രാത്രിയും നടക്കുന്ന രസകരമായ കഥകൂടിയാണ് ചിത്രം.
ജോയ്‌മോന്റെ നിഷ്‌കളങ്കതയില്‍ വിരിയുന്ന ചിരികള്‍ പ്രേക്ഷകനു പകരുന്നത് പൊട്ടിച്ചിരിയുടെ ഘോഷയാത്ര തന്നെയാണ്. സിനിമയുടെ ആദ്യാവസാനം ഈ ചിരി നിര്‍ത്താന്‍ കഴിഞ്ഞു എന്നതു തന്നെയാണ് സിനിമയെ പ്രേക്ഷകനോട് ചേര്‍ത്തു നിര്‍ത്തുന്നത്. സിനിമയില്‍ വന്നു പോകുന്ന ബഹുഭൂരിപക്ഷം കഥാപാത്രങ്ങളും എവിടെയെങ്കിലുമൊക്കെ നമ്മെ ചിരിപ്പിക്കും. അത് ചിരിപ്പിക്കാന്‍ വേണ്ടി ചിരിപ്പിക്കുന്ന കോമഡി അല്ല എന്നതും പറയാതെ വയ്യ. കഥാപാത്രങ്ങള്‍ അവരുടെ ദയനീയാവസ്ഥകള്‍ സത്യസന്ധമായി പറയുമ്പോഴും അതിലെ കണ്ണീരിനെ മായ്ക്കാന്‍ ഒരു ചിരി ഉറപ്പാണ്. ഒരു പൊട്ടിക്കരച്ചിലിലേക്ക് എത്തുമെന്ന് പ്രേക്ഷകന്‍ ഉറച്ചു വിശ്വസിച്ചാലും അവിടെ ഒരു വമ്പന്‍ പൊട്ടിച്ചിരിയായിരിക്കും കാത്തിരിക്കുക.
ജോയ്‌മോന്റെ കഥയ്ക്ക് സമാന്തരമായി മറ്റൊരുകഥ സഞ്ചരിക്കുമ്പോഴും തികഞ്ഞ അച്ചടക്കമുള്ള തിരക്കഥയും സംവിധാനവും രസച്ചരട് പൊട്ടാതെ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ലവലേശം മുഷിപ്പില്ലാത്ത തിരക്കഥയില്‍ സംവിധായകന്‍ ചിദംബരം ഗംഭീരമായി പണിയെടുത്തതോടെ ജാനേമന്‍ പ്രേക്ഷകരുടെ സിനിമയായി. സിനിമയെ ആസ്വാദനത്തില്‍ മുന്നിട്ടു നിര്‍ത്തുന്നത് സംവിധായകന്‍ ചിദംബരം പിന്‍തുടര്‍ന്ന വഴികള്‍ തന്നെയാണ്. തമാശകള്‍ക്കു സമാന്തരമായി ചില കണ്ണീര്‍കഥകള്‍ പറയുമ്പോഴും രണ്ടും കൃത്യമായി നിയന്ത്രിച്ചു കൊണ്ടു പോകാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഹൃദ്യമായി പകര്‍ത്തിയ ക്യാമറാമാന്‍ വിഷ്ണു തണ്ടാശേരിയും മുഷിപ്പിക്കാത്ത വെട്ടലുകള്‍ നടത്തിയ എഡിറ്റര്‍ കിരണ്‍ദാസും കയ്യടിക്ക് അര്‍ഹര്‍ തന്നെയാണ്. കഥാഗതിക്ക് അനുസൃതമായി ചേര്‍ന്നു നില്‍ക്കുന്ന പശ്ചാത്തല സംഗീതമൊരുക്കിയ ബിജിബാലിനേയും എടുത്തു പറയാതെ വയ്യ.
പ്രധാന കഥാപാത്രമായി എത്തിയ ലാല്‍, ബേസില്‍ ജോസഫ്, ബാലു വര്‍ഗീസ് എന്നിവരുടെ പ്രകടനമാണ് ചിത്രത്തിന്റെ നെടുതൂൺ. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ മിഴിയോരം എന്ന ഗാനം പുതിയ സാങ്കേതിക തികവോടെ തിയറ്ററില്‍ ആസ്വദിക്കുവാന്‍ കഴിഞ്ഞതും പുതിയ അനുഭവം സമ്മാനിക്കുന്നുണ്ട്. ക്ലൈമാക്‌സിലെ അവസാന ട്വിസ്റ്റില്‍ പ്രേക്ഷകര്‍ക്കു തീരുമാനിക്കാം, ജാനേമന്‍ കോമഡി പടമാണോ, ഫാമിലി എന്റര്‍ടെയ്‌നറാണോ അതോ അതിനും അപ്പുറമാണോ എന്നൊക്കെ.
ചിരിയും ചിന്തകളുമൊക്കെ കലര്‍ന്ന ജാനേമന്‍ കാണാതെ പോയാല്‍ നഷ്ടം പ്രേക്ഷകനു തന്നെയാണ്. തിയറ്ററുകളുടെ ഈ പ്രതിസന്ധികാലത്ത് ഇത്തരം സിനിമകള്‍ കടന്നെത്തുന്നത് സിനിമാവ്യവസായത്തിനും ആശ്വാസകരമാകുമെന്നതില്‍ തര്‍ക്കമില്ല.