ADVERTISEMENT

പതിഞ്ഞ കാലത്തിൽ തുടങ്ങി, കൊട്ടിക്കയറി, സിരകളിൽ തീ പടർത്തി ഉച്ചസ്ഥായിയിലെത്തുന്നൊരു പൂരമേളം പോലെയാണ് അജഗജാന്തരം. ആന്റണി വർഗീസ്, അർജുൻ അശോകൻ എന്നീ കുട്ടിക്കൊമ്പന്മാരെ അണിനിരത്തി ടിനു പാപ്പച്ചൻ ഒരുക്കുന്ന സിനിമാമേളം പ്രേക്ഷകർക്ക് ആനയുമമ്പാരിയും വെടിക്കെട്ടുമൊക്കെയുള്ള ഒരു ചെറുപൂരമായിത്തന്നെ കണ്ടിരിക്കാം. 

 

ഒരു നാടും അവിടുത്തെ ഉത്സവവുമാണ് കഥാ പശ്ചാത്തലം. അവിടേക്ക് ആദ്യമായി ഉത്സവത്തിന് ഒരാന എത്തുന്നു. ഉത്സവപ്പറമ്പിലെ ചെറിയ കശപിശയിലാണ് തുടക്കം. കശപിശ അടിപിടി ആവുന്നതും, അടിപിടി മൂത്ത് കൂട്ടത്തല്ല് ആവുന്നതും, അതിനവസാനമുള്ള കലാശക്കൊട്ടുമാണ് ‘അജഗജാന്തരം’.

 

ajagajantharam-trailer

ഒന്നു പറഞ്ഞ് രണ്ടാമതു തല്ലാണ് ലാലിയുടെ (ആന്റണി വർഗീസ്) രീതി. അതിപ്പോ കല്യാണപാർട്ടിയായാലും പൂരമായാലും ലാലിയുടെ വക തല്ല് പതിവാണ്. ഒരു പ്രത്യേക സ്വഭാവം. ലാലുവിന്റെ കൂട്ടുകാരനാണ് പാപ്പാൻ അമ്പി (കിച്ചു ടെല്ലസ്). അമ്പിയും ആനയും പോയ ഉത്സവത്തിനു ലാലിയും എത്തുന്നതോടെ ‘തല്ലുപൂര’ത്തിന് കൊടിയേറുകയായി.

 

പൂരത്തിന്റെ ആദ്യദിനം തന്നെ, നാട്ടുകാരനും ചെറിയ ചട്ടമ്പിയുമായ പിണ്ടി (സുധി കോപ്പ)യുമായി ലാലി കോർക്കുന്നു. നാട്ടിലെ ഏറ്റവും വലിയ അലമ്പ് ടീമായ കണ്ണന്റെ ഗ്യാങ്ങിൽ പെട്ടവനാണ് പിണ്ടി. തന്നെ തല്ലിയ ലാലിയെ തിരിച്ചു തല്ലണമെന്ന വാശിയിലാണ് പിണ്ടി. അന്നു രാത്രി കണ്ണന്‍റെ ഗ്യാങ് ലാലിയും അമ്പിയുമായി ഉടക്കുന്നു. ആ പോരു മുറുകി അതൊരു കൂട്ടത്തല്ലാകുന്നു.

 

നാട്ടുകാരായ കണ്ണനും സംഘവും ഒരുക്കുന്ന കെണിയില്‍നിന്നു വരത്തന്മാരായ ലാലിക്കും അമ്പിക്കും രക്ഷപ്പെടാൻ കഴിയുമോ? ഗുണ്ടും വടിവാളും ഇടിക്കട്ടയുമൊക്കെയായി തല്ലാൻ വരുന്ന പത്തൻപതു പേരിൽനിന്ന് ഇവർക്ക് ആനയെയും കൊണ്ട് എങ്ങനെ രക്ഷപ്പെടാൻ കഴിയും? അതിജീവനമാണ് മാർഗം, അതിന് ലാലിക്കും അമ്പിക്കും രക്ഷനായി ആനയും എത്തുന്നതോെട ഉദ്വേഗജനകമാകുന്നു കാഴ്ചകൾ.

 

ഒരു നിമിഷം പോലും ബോറടിപ്പിക്കാത്ത മേക്കിങ്ങാണ് സിനിമയുടേത്. വളരെ ചെറിയൊരു കഥാതന്തുവിനെ എന്‍ഗേജിങ് ആയി അവതരിപ്പിക്കുന്നതിൽ സംവിധായകനും തിരക്കഥാകൃത്തും വിജയിച്ചു എന്നുപറയാം. പത്തുനാനൂറ് ആളുകളെയുംവച്ച് പൂരത്തിന്റെ പശ്ചാത്തലത്തിൽ ഇങ്ങനെയൊരു ആക്‌ഷൻ ചിത്രമൊരുക്കുക എന്നത് പ്രായോഗികമായി ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കഥ നടക്കുന്ന അമ്പലപ്പറമ്പ് മുതൽ ആന വരെ ഒറിജിനലിനെ വെല്ലുന്ന ഫ്രെയ്മുകളിൽ പ്രേക്ഷകരിലേക്കെത്തുന്നു. 

ajagajantharam-poster

 

സെറ്റ് വർക്കുകൾ ഏതെന്ന് കണ്ടുപിടിക്കുക പ്രയാസമാകും. മാത്രമല്ല ഗ്രാഫിക്സ് ഒട്ടും ഉപയോഗിക്കാതെ, യഥാർഥ ആനയ്ക്കൊപ്പം ഡമ്മി ആനയെയും ഉപയോഗിച്ചാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. ആനയുമൊത്തുള്ള ഫൈറ്റ് രംഗങ്ങൾ ഇതിനൊരുദാഹരണം.

 

അവസാന 25 മിനിറ്റ് രംഗങ്ങൾ ശ്വാസമടക്കിപ്പിടിച്ചേ പ്രേക്ഷകന് കാണാൻ കഴിയൂ. നെയ്ശ്ശേരി പാർത്ഥനായി എത്തുന്ന നടയ്ക്കൽ ഉണ്ണികൃഷ്ണൻ എന്ന ആനയാണ് അരങ്ങു തകര്‍ക്കുന്നത്. ആനയുടെ മസ്തകത്തിൽ ചവുട്ടി പുറകോട്ട് മറിഞ്ഞ് തല്ലാനൊരുങ്ങുന്ന പെപ്പെയുടെ ആക്‌ഷൻ രംഗങ്ങൾ ആരാധകരെ സൃഷ്ടിക്കുമെന്നുറപ്പ്. നാടൻ തല്ലിന്റെ ആവേശം സൃഷ്ടിക്കാൻ സുപ്രീം സുന്ദറിന്റെ സ്റ്റണ്ട് കൊറിയോഗ്രഫിക്കു കഴിയുന്നുണ്ട്. 

 

നാട്ടുകാർ, ആനക്കാർ, ഉൽസവ കമ്മിറ്റി അംഗങ്ങൾ, ഇതിനിടയിൽ പെട്ടുപോകുന്ന നാടകട്രൂപ്പ് അങ്ങനെ ഒരുപാട് കഥാപാത്രതലങ്ങൾ സിനിമയിലുണ്ട്. എന്നാൽ പ്രധാന കഥാപാത്രങ്ങളുടെ ഡീറ്റെയ്‍ലിങ്ങിലേക്ക് സംവിധായകൻ കടക്കുന്നില്ല. കിച്ചു ടെല്ലസിന്റെ കഥയ്ക്ക് കിച്ചുവും വിനീത് വിശ്വവും ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. 

 

അതിഗംഭീര മേക്കിങ്, അതിസാഹസികമായ ആക്‌ഷൻ രംഗങ്ങൾ, ത്രില്ലടിപ്പിക്കുന്ന പശ്ചാത്തല സംഗീതം, ഓളമുണ്ടാക്കുന്ന നാടൻ പാട്ടുകൾ ഇവയൊക്കെയാണ് അജഗജാന്തരത്തിനു വീര്യം വർധിപ്പിക്കുന്നത്. ഇതെല്ലാം കൂടി ഉണ്ടാക്കുന്ന ഒരു ഉത്സവ അന്തരീക്ഷമാണ് ഈ ചിത്രം.

 

ജസ്റ്റിൻ വർഗീസിന്റെ പശ്ചാത്തലസംഗീതവും ജിന്റോ ജോർജിന്റെ ക്യാമറയും ഷമീർ മുഹമ്മദിന്റെ എഡിറ്റിങ്ങും ചടുലമായ കഥ പറച്ചിലിനെ വളരെയേറെ സഹായിച്ചിട്ടുണ്ട്. ഉത്സവത്തിന്‍റെ നിറപ്പകിട്ടും നാടൻ തല്ലിന്റെ വന്യതയും ഛായാഗ്രഹകന്‍ പ്രേക്ഷകരിലേക്കു പകരുന്നു. രാത്രിദൃശ്യങ്ങളുടെ മിഴിവ് എടുത്തുപറയണം. 

 

ലാലിയായി എത്തുന്ന ആന്റണി വർഗീസിന്റെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. പ്രത്യേകിച്ചും ആക്ഷൻ രംഗങ്ങളിലെ ആന്റണിയുടെ ശരീരഭാഷയും ചടുലതയും മാസ് പരിവേഷം ജനിപ്പിക്കുന്നുണ്ട്. കണ്ണൻ എന്ന നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായി അർജുൻ അശോകനും തകർത്തഭിനയിച്ചിട്ടുണ്ട്. ഏത് തരം കഥാപാത്രങ്ങളെയും അനായാസമായി കൈകാര്യം ചെയ്യുന്ന അർജുന്റെ മിടുക്ക് ഈ ചിത്രത്തിലും പ്രകടമാണ്. കിച്ചു ടെല്ലസ്, സാബുമോൻ, ജാഫർ ഇടുക്കി, ലുക്മാൻ, വിനീത് വിശ്വം, സുധി കോപ്പ, വിജിലേഷ്, രാജേഷ് ശര്‍മ, ബിറ്റോ ഡേവിസ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

 

ഉത്സവപ്പറമ്പും പൂരവും വെടിക്കെട്ടുമൊക്കെയായി രണ്ട് മണിക്കൂറിൽ പ്രേക്ഷകനും ഇതിനുള്ളിലായ അവസ്ഥയാണ് തിയറ്ററിൽ അനുഭവിക്കാൻ കഴിയുക. ലോക്ഡൗണിന്റെ മടുപ്പിനു ശേഷം തുറന്ന തിയറ്ററുകളിൽ ആവേശം സൃഷ്ടിക്കാൻ അജഗജാന്തരത്തിനു കഴിയുമെന്നാണ് ആദ്യപ്രദർശനങ്ങൾക്കു ശേഷമുള്ള വിലയിരുത്തൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com