ADVERTISEMENT

ചില മനുഷ്യരെ കണ്ടിട്ടില്ലേ, നിലയില്ലാ ആഴത്തിൽ മുങ്ങിക്കൊണ്ടിരിക്കുമ്പോഴും എല്ലാം ശരിയാകുമെന്ന് സ്വയം ആശ്വസിക്കുന്നവർ! എങ്ങനെ ഇതുപോലെ ചിരിക്കാൻ കഴിയുന്നുവെന്ന് നമ്മെ അതിശയിപ്പിക്കുന്നവർ! ആ മനുഷ്യരായിരിക്കും നമ്മുടെ കണ്ണുകളെ ഈറനണിയിച്ചിരിക്കുക! അവരുടെ ജീവിതമായിരിക്കും നമ്മുടെ മനസുകളെ ആർദ്രമാക്കിയിരിക്കുക! അതുപോലൊരു അനുഭവമാണ് അഹമ്മദ് കബീർ സംവിധാനം ചെയ്ത മധുരം എന്ന സിനിമ.   

 

കൊച്ചിയിലെ തിരക്കേറിയ സർക്കാർ മെഡിക്കൽ കോളജിലെ കൂട്ടിരിപ്പു മുറി. അവിടേക്ക് കടന്നുവരുന്ന അപരിചിതരായ ഒരു കൂട്ടം മനുഷ്യർ! എല്ലാവരെയും പരസ്പരം ബന്ധിപ്പിക്കുന്നത് അവരുടെ പ്രിയപ്പെട്ടവരുടെ രോഗങ്ങളാണ്. അവരിൽ നാലു പേരിലൂടെയാണ് മധുരത്തിന്റെ കഥ കടന്നു പോകുന്നത്. സാബു, കെവിൻ, രവി, താജു– നാലു വ്യത്യസ്ത ജീവിതസാഹചര്യങ്ങളിൽ നിന്ന് സർക്കാർ ആശുപത്രിയിൽ എത്തിപ്പെട്ടവരാണ് അവർ. ഏതാനും മാസങ്ങൾ നീളുന്ന ഇവരുടെ ആശുപത്രിവാസക്കാലത്തിലൂടെ അവരുടെ ജീവിതങ്ങളുടെ മധുരവും ഉപ്പും കയ്പും എരിവുമെല്ലാം വെളിപ്പെടുകയാണ്. ശരിക്കുമൊരു ആശുപത്രിയിലെ കൂട്ടിരിപ്പു മുറിയിൽ ക്യാമറ വച്ചെടുത്തതെന്ന് തോന്നിപ്പിക്കും ഈ സിനിമയും ഇതിലെ കഥാപാത്രങ്ങളും. 

 

നോൺ ലീനിയറാണ് മധുരത്തിന്റെ കഥ പറച്ചിൽ. തിളച്ചു മറിയുന്ന എണ്ണയിലും പഞ്ചസാര പാനിയിലും മുങ്ങി ഒരു മുഹബത്തിന്റെ അനുഭവം നാവിൽ തരുന്ന മഞ്ഞ ജിലേബി പോലെ മധുരത്തിലെ ഓരോ കഥാപാത്രങ്ങളും ജീവിതാനുഭവങ്ങളിൽ വീണു പൊള്ളുന്നുണ്ടെങ്കിലും പ്രേക്ഷകരുടെ മനസിൽ അവശേഷിപ്പിക്കുക ജിലേബിയുടെ മധുരമാണ്. ആ മധുരത്തിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്നത് ജോജു ജോർജ് അവതരിപ്പിക്കുന്ന സാബു എന്ന കഥാപാത്രമാണ്. കപ്പലിൽ ഷെഫ് അസിസ്റ്റന്റാണ് കൊച്ചിക്കാരനായ സാബു. കടലിൽ എട്ടു മാസവും നാട്ടിൽ നാലു മാസവുമായി കഴിയുന്ന സാബുവിന്റെ ജീവിതത്തിലേക്ക് ചിത്രയെന്ന ഗുജറാത്തി പെൺകുട്ടി കടന്നു വരുന്നു. 

madhuram-traile3-2

 

അവരുടെ പ്രണയത്തിനും ജീവിതത്തിനും പശ്ചാത്തലമാകുന്നത് ജാഫർ ഇടുക്കിയുടെ കുഞ്ഞിക്ക നടത്തുന്ന മദീന ഹോട്ടലാണ്. സാബുവിന്റെ പ്രണയവും വിവാഹവും അതിനുശേഷമുണ്ടാകുന്ന സംഭവവികാസങ്ങളും കെവിൻ–ചെറി ദമ്പതികളുടെ സംഘർഷഭരിതമായ ദാമ്പത്യജീവിതത്തിന് സമാന്തരമായാണ് പ്രേക്ഷകർക്കു മുമ്പിൽ വെളിപ്പെടുന്നത്. അർജുൻ അശോകനും നിഖില വിമലുമാണ് കെവിൻ ആയും ചെറിയായും വേഷമിടുന്നത്. 

 

madhuram-trailer

സാബുവിന്റെ ജീവനായ ചിത്രയായി തിരശീലയിലെത്തുന്നത് ശ്രുതി രാമചന്ദ്രനാണ്. ജോജുവും ശ്രുതിയും തമ്മിലുള്ള റൊമാന്റിക് രംഗങ്ങൾ നൽകുന്ന ഫ്രഷ്നെസാണ് മധുരത്തിന്റെ 'മധുരം'. ഈയടുത്ത കാലത്തൊന്നും ഇത്രയും മനോഹരമായ പ്രണയരംഗങ്ങൾ സിനിമയിൽ സംഭവിച്ചിട്ടില്ല. ശ്രുതിയുടെ കരിയറിലെ അതിസുന്ദരമായ കഥാപാത്രമാണ് മധുരത്തിലെ ചിത്ര. അതുപോലെ മനോഹരമാണ് അർജുൻ അശോകന്റെയും നിഖില വിമലിന്റെയും സ്ക്രീൻ കെമിസ്ട്രി. 

 

ഒട്ടേറെ കഥാപാത്രങ്ങളും അവരുടെ ജീവിതങ്ങളും ഈ നോൺ ലീനിയർ കഥ പറച്ചിലിൽ വരുന്നുണ്ടെങ്കിലും അവയെല്ലാം അതിമനോഹരമായി തിരക്കഥയിൽ ഉൾച്ചേർക്കപ്പെട്ടിരിക്കുന്നിടത്താണ് മധുരം മികച്ചൊരു സിനിമാനുഭവമാകുന്നത്. അതിനായി സംവിധായകൻ ഉപയോഗിച്ചിരിക്കുന്ന സങ്കേതങ്ങളിലൊന്ന് ഭക്ഷണമാണ്. ആദ്യ ഷോട്ടിലെ പിറന്നാൾ ആഘോഷത്തിന്റെ ഫ്രെയിമിലെ ചോറ്റുപാത്രത്തിലെ ബിരിയാണി മുതൽ സമൃദ്ധമാണ് സിനിമയിലെ ഭക്ഷണക്കാഴ്ചകൾ. 

madhuram-teaser

 

കുഞ്ഞിക്കാന്റെ കടയിലെ ബിരിയാണി, അതിനൊപ്പമുള്ള ഗുജറാത്തി പപ്പടം, ചിത്രയിൽ നിന്ന് സാബു പഠിച്ചെടുത്ത മഞ്ഞ ജിലേബി, ആശുപത്രി ക്യാന്റീനിലെ പതച്ചായ, കെവിന്റെ അമ്മയെ സ്വാധീനിക്കാൻ ചെറിയുണ്ടാക്കുന്ന റവ കേസരി, ഇറ്റലിയിലെ ബ്ലാക്ക് കോഫി, റിയോനോവയിലെ ലോബ്സ്റ്റർ പാസ്ത, ചൂടു ചോറും തേങ്ങാച്ചമന്തിയും മാങ്ങയിട്ട മീൻകറിയും അൽപം തേങ്ങാപ്പാലൊഴിച്ച് തയാറാക്കുന്ന മസാലയിൽ പൊരിച്ചെടുത്ത മീനും... അങ്ങനെ സിനിമയിലുടനീളം കൊതിയൂറുന്ന രുചികളുണ്ട്. അവയിൽ പലതും കഥാപാത്രങ്ങളുടെ വിവരണങ്ങളിലൂടെയാണ് പ്രേക്ഷകർക്കു മുമ്പിൽ തെളിയുന്നത്. സോൾട്ട് ആന്റ് പെപ്പർ, ഉസ്താദ് ഹോട്ടൽ, ഗോദ എന്നീ സിനിമകളിൽ മലയാളികൾ കണ്ടുപരിചയിച്ച ഭക്ഷണകാഴ്ചകളിൽ നിന്ന് മധുരത്തെ വ്യത്യസ്തമാക്കുന്നത് അവയെ സിനിമയിൽ ക്രമീകരിച്ചിരിക്കുന്ന രീതിയാണ്. 

 

സംവിധായകൻ അഹമ്മദ് കബീറിന്റെ കഥയ്ക്ക് ആഷിക് ഐമറും ഫാഹിം സഫറും ഒരുക്കിയ തിരക്കഥ മധുരത്തെ ഹൃദയസ്പർശിയായ സിനിമയാക്കി മാറ്റുന്നു. ഒറ്റ വരിയിൽ പറഞ്ഞാൽ അത്രയൊന്നും പുതുമ അവകാശപ്പെടാനില്ലാത്ത കഥയെ മറക്കാനാവാത്ത കാഴ്ചയായി പരിവർത്തനം ചെയ്യുന്നത് സിനിമയുടെ തിരക്കഥയും അതിന്റെ മെയ്ക്കിങ്ങുമാണ്. തിരക്കഥാകൃത്തുക്കളിൽ ഒരാളായ ഫാഹിം സഫർ അവതരിപ്പിച്ച താജു രസകരമായ ഒട്ടേറെ ചിരി മുഹൂർത്തങ്ങൾ സമ്മാനിക്കുന്നുണ്ട്. 

 

ഒരു സംവിധായകൻ എന്ന നിലയിൽ ആദ്യചിത്രമായ ജൂണിൽ നിന്ന് ഏറെ മുന്നേറിയിട്ടുണ്ട് അഹമ്മദ് കബീർ. കഥാപാത്രങ്ങൾക്ക് ഏറ്റവും അനുയോജ്യരായ അഭിനേതാക്കളെ കണ്ടെത്തുന്നതിലും അവരെ കൃത്യമായി ഉപയോഗിക്കുന്നതിലും അഹമ്മദ് കബീർ വിജയിച്ചിരിക്കുന്നു. ക്യാമറയ്ക്ക് മുമ്പിൽ വരാത്ത കഥാപാത്രങ്ങളെ പോലും പ്രേക്ഷകർക്ക് ഫീൽ ചെയ്യും. അതു സാധ്യമാക്കുന്നത് ജോജു ജോർജ്, ഇന്ദ്രൻസ്, അർജുൻ അശോകൻ എന്നിവരുടെ ബ്രില്യൻസാണ്. ഒരു സ്ക്രീനിൽ ഇവർ ഒരുമിച്ചു പെർഫോം ചെയ്യുന്നത് കാണുന്നതു തന്നെ മനോഹരമായ അനുഭവമാണ്. 

 

ഓരോ സിനിമ കഴിയുന്തോറും ജോജു ജോർജ് എന്ന അഭിനേതാവ് സ്വന്തം ഗ്രാഫ് ഉയർത്തുകയാണെന്ന് പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല. കാരണം, മധുരം കണ്ടു കഴിയുമ്പോൾ ആരും ചോദിച്ചു പോകും, എങ്ങനെയാണ് ഈ മനുഷ്യൻ ഓരോ കഥാപാത്രമായി ഇങ്ങനെ ജീവിക്കുന്നത് എന്ന്! സാബുവിന്റെ റൊമാൻസ് ആരെയും റൊമാന്റിക് ആക്കും! അതുപോലെ അയാളുടെ വേദനകളും പ്രേക്ഷകരുടെ ഉള്ളുലയ്ക്കും. അതിസ്വാഭാവികമായിരുന്നു സാബു ആയുള്ള ജോജുവിന്റെ പകർന്നാട്ടം. അതുപോലെ കയ്യടി നേടുന്ന കഥാപാത്രമാണ് ഇന്ദ്രൻസ് അവതരിപ്പിച്ച രവി. 

 

പോസ്റ്റൽ ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥനായ രവിയുടെ നാൽപ്പതു വർഷത്തെ ദാമ്പത്യജീവിതത്തിന്റെ ഒരു ഫ്ലാഷ് ബാക്ക് സീൻ പോലുമില്ലെങ്കിലും അയാളുടെ പ്രിയതമയായ സുലേഖയെ പ്രേക്ഷകർക്ക് മറക്കാനാവില്ല. അത് സാധ്യമാക്കുന്നത് ഇന്ദ്രൻസ് എന്ന നടന്റെ അസാമാന്യമായ പ്രകടനമാണ്.'രവി വെഡ്സ് സുലേഖ, ഫോർട്ടി ഇയേഴ്സ്!' - ഇന്ദ്രൻസിന്റെ കഥാപാത്രം സിനിമയിൽ പലയാവർത്തി പറയുന്നൊരു ഈ ഡയലോഗ് ഡെലിവറിയിലറിയാം ഇന്ദ്രൻസിന്റെ റേഞ്ച്. 

 

ജാൻ.എ.മന്നിനു ശേഷം അർജുൻ അശോകൻ അവതരിപ്പിക്കുന്ന ഗംഭീര കഥാപാത്രമാണ് മധുരത്തിലെ കെവിൻ. നല്ലൊരു ആക്ടറാണ് താനെന്ന് അർജുൻ അശോകൻ മധുരത്തിലൂടെ ഒരിക്കൽക്കൂടി തെളിയിക്കുന്നു. മലയാളികൾക്ക് ഏറെ സുപരിചിതനായ ജഗദീഷും നല്ലൊരു കഥാപാത്രമായി സിനിമയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. അവതരിപ്പിച്ച കഥാപാത്രങ്ങളുടെ ഷെയ്ഡുകൾ ഒരൽപം പോലും അവശേഷിപ്പിക്കാതെയാണ് ജാഫർ ഇടുക്കി ബിരിയാണി മാസ്റ്ററായ കുഞ്ഞിക്കയായി വിലസുന്നത്. ദമ്മിൽ വേവുന്ന ബിരിയാണി അരിയുടെ പാകം നാസികയിൽ കൃത്യമായി ആവാഹിക്കാൻ കഴിയുന്ന കുഞ്ഞിക്കയുടെ ഓരോ ചലനങ്ങളിലും ജാഫർ ഇടുക്കിയെന്ന അഭിനേതാവിന്റെ കയ്യടക്കം പ്രതിഫലിക്കുന്നുണ്ട്. 

 

നവാസ് വള്ളിക്കുന്ന്, ലാൽ, ചെറിയൊരു രംഗത്ത് വരുന്ന നഴ്സ്, ആശുപത്രിയിലെ കൂട്ടിരിപ്പു സംഘത്തിലെ ചേച്ചിമാർ, ക്യാന്റീനിലെ ചേട്ടൻ എന്നിങ്ങനെ ചെറുതും വലുതുമായ എല്ലാ കഥാപാത്രങ്ങളും ഗംഭീര കാസ്റ്റിങ്ങിന്റെ ഉത്തമ ഉദാഹരണമാണ്. പതിഞ്ഞ താളത്തിൽ പറയുന്ന കഥയിലേക്ക് പ്രേക്ഷകരുടെ കണ്ണും കരളും കൊരുത്തിടുന്നത് ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തലസംഗീതവുമാണ്. ഹിഷാം അബ്ദുൾ വഹാബും ഗോവിന്ദ് വസന്തയുമാണ് മധുരത്തിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്. ജിതിൻ സ്റ്റാനിസ്ലെസിന്റെ ഫ്രെയിമുകൾ മധുരത്തിന്റെ കാഴ്ചയെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നുണ്ട്. 

 

ഒരു ആശുപത്രി കഥയെ റിയലിസ്റ്റാക്കായും കളറായും അവതരിപ്പിക്കാൻ കഴിയുമെന്ന് ജിതിന്റെ ക്യാമറ കാണിച്ചു തരുന്നു. എഡിറ്റർ മഹേഷ് ഭുവനന്ദിന്റെ കട്ടുകൾ സിനിമയുടെ നോൺ ലീനിയർ കഥ പറച്ചിലിനെ വ്യക്തവും ചടുലവുമാക്കുന്നതിൽ വഹിച്ച പങ്ക് ചെറുതല്ല. ജോജു ജോർജും സിജോ വടക്കനും ചേർന്നു നിർമിച്ചിരിക്കുന്ന ചിത്രം ഒടിടി പ്ലാറ്റ്ഫോമായ സോണി ലൈവിലാണ് റിലീസ് ചെയ്തിരിക്കുന്നത്. 

 

അപരിചതരെന്നു തോന്നിപ്പിക്കുമെങ്കിലും സ്നേഹമെന്ന അദൃശ്യ ചരടിനാൽ പരസ്പരം ബന്ധിപ്പിക്കപ്പെട്ട ഒരു കൂട്ടം മനുഷ്യരുടെ സിനിമയാണ് അഹമ്മദ് കബീർ സംവിധാനം ചെയ്ത മധുരം. ഇത് ഒരാളുടെയോ ഒരു താരത്തിന്റെയോ സിനിമയല്ല. ഒരു കൂട്ടം മനുഷ്യരുടെ, മലയാളത്തിനെന്നും അഭിമാനിക്കാവുന്ന നല്ല അഭിനേതാക്കളുടെ സിനിമയാണ്. മധുരം കണ്ടു കഴിഞ്ഞാൽ തീർച്ചയായും നിങ്ങൾക്ക് ആരെയെങ്കിലുമൊക്കെ പ്രേമിക്കാൻ തോന്നും... പ്രിയപ്പെട്ടവരിൽ ആരെയെങ്കിലുമൊക്കെ കാണാൻ തോന്നും! അവർക്കൊപ്പം ഒരു പൊതി ബിരിയാണിയെങ്കിലും കഴിക്കാൻ തോന്നും. ഈ ക്രിസ്മസ് കാലത്ത് ഇതിനുമപ്പുറം മറ്റെന്താണ് വേണ്ടത്?! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com