സാഹസികതയുടെ ഉദ്വേഗനിമിഷങ്ങൾ; ‘ജിബൂട്ടി’ റിവ്യു
Mail This Article
ഹൃദയംകൊണ്ടു സംസാരിക്കുന്നവരുടെ നന്മകളുടെ ആകെ തുക. എല്ലാം നഷ്ടപ്പെടുമ്പോഴും ഒന്നും നഷ്ടമായിട്ടില്ലെന്ന് കരുത്തോടെ കാത്തിരിക്കുന്നവരുടെ സിനിമ. ആത്മബന്ധങ്ങളുടെ ആഴങ്ങളും സാഹസികതയുടെ ഉദ്വേഗനിമിഷങ്ങളും... ശ്വാസമടക്കി പിടിച്ചിരുന്ന് കാണാന്‍ ഏറെയുണ്ട് ജിബൂട്ടിയില്‍. പേരിലെ പുതുമ സിനിമയിലും കാത്തുസൂക്ഷിക്കുന്ന പുതിയ ദൃശ്യാനുഭവമായി മാറുകയാണ് ജിബൂട്ടി.
നാട്ടിന്‍പുറത്തിന്റെ നന്മകളിലും പച്ചപ്പിലും തുടങ്ങുന്ന സിനിമ കിഴക്കന്‍ ആഫ്രിക്കയിലെ ജിബൂട്ടിയെന്ന രാജ്യത്തേക്ക് എത്തുന്നതോടെ പ്രേക്ഷകര്‍ക്ക് പുതിയ അനുഭവമായി മാറുകയാണ്. ആകെ മൊത്തം സംഭവബഹുലമായ പരമ്പരകളാണ് ജിബൂട്ടിയെ ഒട്ടും മുഷിപ്പില്ലാത്ത കാഴ്ചാനുഭവം പകരുന്ന സിനിമയാക്കി മാറ്റുന്നത്. രണ്ടാം പകുതിയില്‍ സിനിമ യാത്രാനുഭവം പകരുന്ന ആഖ്യാനശൈലിയിലാണ് ഒരുക്കിയിരിക്കുന്നത്. ജിബൂട്ടിയെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാക്കുന്നതും ത്രില്ലടിപ്പിക്കുന്ന ക്ലൈമാക്സിലേക്കുള്ള ഈ യാത്ര തന്നെയാണ്.
നാട്ടിന്‍പുറത്തെ ജീപ്പ് ഡ്രൈവറായ ലൂയിയും എബിയും. കേരളത്തിലെ ഏതൊരു ശരാശരി ചെറുപ്പക്കാരേപോലെയും പ്രവാസത്തിന്റെ മായികലോകമാണ് അവരുടേയും സ്വപ്നം. സഞ്ചാരിയായി ജിബൂട്ടിയില്‍ നിന്നെത്തുന്ന ഹന്നയെ കാണുന്നതോടെ ലൂയിയുടെ ജീവിതം മാറി മറിയുന്നു. ഹന്നയുടെ കേരളത്തിലേക്കുള്ള യാത്രയ്ക്ക് ഒരു ലക്ഷ്യമുണ്ട്. ആ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ ലൂയിയും പങ്കു ചേരുന്നു. അതോടെ അവളുമായി ഉണ്ടാകുന്ന വൈകാരിക അടുപ്പം ലൂയിയേയും എബിയേയും ജിബൂട്ടിയിലേക്ക് എത്തിക്കുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് ജിബൂട്ടിയുടെ പ്രമേയം.
പ്രണയവും അതേ തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളും മലയാള സിനിമയ്ക്ക് പുതിയ വിഷയമല്ലെങ്കിലും ജിബൂട്ടിയെ വ്യത്യസ്തമാക്കുന്നത് ദൃശ്യഭാഷയും ത്രില്ലടിപ്പിക്കുന്ന കഥയിലെ വേഗതയുമാണ്. അടുത്തതെന്തെന്ന ആകാംക്ഷ ഓരോ സീനിലും പകരാന്‍ സംവിധായകനു കഴിഞ്ഞിട്ടുണ്ട്. ലൂയിയുടെ ജീവിത യാത്രയിലെ സാഹസികതയും നിഷ്കളങ്കമായ അവസ്ഥയും പ്രേക്ഷന്റെ ഹൃദയത്തെ പലപ്പോഴും ആര്‍ദ്രമാക്കുന്നുണ്ട്.
ആഫ്രിക്കയില്‍ ചിത്രീകരിക്കുന്ന ആദ്യ മലയാള സിനിമ എന്ന പരസ്യവാചകത്തോടെയാണ് ജിബൂട്ടി ശ്രദ്ധ നേടുന്നത്. ആഫ്രിക്കന്‍ കാഴ്ചകളെ ഹൃദ്യമായി പകര്‍ത്താന്‍ സിനിമയ്ക്കു കഴിഞ്ഞിട്ടുണ്ട്. കഥാപരിസരത്തിലെ പുതുമയ്ക്കൊപ്പം കഥാപാത്രങ്ങളുടെ സംഘര്ഷങ്ങള്ക്കൂടി ചേരുന്നതോടെ ജിബൂട്ടി ഒട്ടുംതന്നെ മടുപ്പിക്കുന്നില്ല. ജിബൂട്ടിയിലെ ഗ്രാമ നഗരങ്ങളും കാഴ്ചകളും സംസ്കാരവുമൊക്കെ ഇതുവരെ കാണാത്ത ദൃശ്യാനുഭവം കൂടിയാണ് പ്രേക്ഷകനു പകരുന്നത്.
പക്വമായ അവതരണത്തിലൂടെ എസ്. ജെ. സിനു എന്ന മികച്ച സംവിധായകനെക്കൂടി മലയാള സിനിമയ്ക്ക് സമ്മാനിക്കുകയാണ് ജിബൂട്ടി. സിനിമയെ ആസ്വാദ്യമാക്കുന്നതില്‍ ഓരോ സീനിലും സംവിധായകന്റെ സാന്നിധ്യവും ആവോളം അടുത്തറിയാം. അപരിചിതമായ ഒരു പ്രദേശത്തേക്കുള്ള കഥാപരിസരത്തിലെ മാറ്റം, യാത്രാനുഭവത്തിലുള്ള ആഖ്യാനം തുടങ്ങിയവ ബോറാകാതെ തോന്നുന്നത് സംവിധായക പ്രതിഭയുടെ മാറ്റുകൊണ്ടു മാത്രമാണ്.
ലൂയിയിലൂടെ നായകനിരയിലേക്കുള്ള അമിത് ചക്കാലക്കലിന്റെ മുന്നേറ്റം കൂടുതല്‍ ആര്ജവമുള്ളതായി മാറുന്നുണ്ട്. നാട്ടിന്‍പുറത്തിന്റെ നന്മയും ലൂയിയുടെ കാലക്രമത്തിലുള്ള പരിണാമത്തിന്റെ ഘട്ടങ്ങളും അമിത്ത് മികച്ചതാക്കി. എബിയായി അഭിനയിച്ച ഗ്രിഗറി, നായിക ഷഗുന്‍ ജസ്വാള്, ദിലീഷ് പോത്തന് തുടങ്ങിയവരുടെ പ്രകടനം മികച്ചതെന്ന് പറയാതെ വയ്യ. ചെറു കഥാപാത്രമെങ്കിലും തികഞ്ഞ കയ്യടക്കത്തോടെ ചെയ്യാന്‍ തമിഴ് നടന് കിഷോറിനുമായി.
ജിബൂട്ടിയുടെ വലിയ പ്രത്യേകതകളില്‍ ഒന്ന് ടി.ഡി. ശ്രീനിവാസിന്റെ ഛായാഗ്രഹണമാണ്. കഥാഗതിക്കൊപ്പം അപരിചിതമായ പ്രദേശത്തെ പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള ക്യാമറാമാന്റെ ശ്രമങ്ങള്‍ വിജയം കണ്ടിട്ടുണ്ട്. സംജിത്ത് മുഹമ്മദിന്റെ ചിത്രസംയോജനം സിനിമയെ പ്രേക്ഷകരിലേക്ക് കൂടുതല്‍ അടുപ്പിച്ചു. ദീപക് ദേവിന്റെ പശ്ചാത്തല സംഗീതമാണ് സിനിമയുടെ മറ്റൊരു സവിശേഷത. ജിബൂട്ടിയുടെ സംസ്കാരവും സംഗീതവുമൊക്കെ അടുത്തറിഞ്ഞ് പശ്ചാത്തലമായി ഉപയോഗിക്കാന്‍ ദീപക്ദേവിന് കഴിഞ്ഞിട്ടുണ്ട്. ചിത്രത്തിലെ ഗാനങ്ങളും ആസ്വാദ്യമാണ്.