ADVERTISEMENT

സതുരംഗ േവട്ടൈ, തീരൻ അധികാരം ഒന്‍ട്ര്, നേർകൊണ്ട പറവൈ...സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം സൂപ്പർഹിറ്റ്. ചര്‍ച്ച ചെയ്യുന്ന പ്രമേയങ്ങളും വ്യത്യസ്തം. എച്ച്. വിനോദിന്റെ സംവിധാനമികവിൽ സൂപ്പർതാരം അജിത് കുമാർ ഒന്നിക്കുമ്പോൾ ‘വലിമൈ’യിലും മറിച്ചൊന്നുമല്ല പ്രേക്ഷകർ പ്രതീക്ഷിച്ചത്. ബൈക്ക് സ്റ്റണ്ട് ഇഷ്ടപ്പെടുന്ന യുവാക്കളെ ഉപയോഗിച്ച് മയക്കുമരുന്നും സാത്താൻ സേവയും വഴി കൊല്ലും കൊലയും നടത്തുന്ന ഗ്യാങിന്റെ കഥയുമായാണ് ഇത്തവണ വിനോദിന്റെ വരവ്. തമിഴ്നാട് പൊലീസ് നേരിട്ടതിൽ വച്ച് ഏറ്റവും മോശമായ ഗ്യാങിന് കൂച്ചുവിലങ്ങ് ഇടാൻ വരുന്നത് അർജുൻ കുമാർ എന്ന ഐപിഎസ് ഉദ്യോഗസ്ഥനും.

 

ബൈക്കുകൾ ഉപയോഗിച്ചുള്ള മാല മോഷണവും മയക്കുമരുന്ന് കച്ചവടവും കൊലയും ഓരോ ആഴ്ചകൾ കഴിയുന്തോറും പെരുകുകയാണ്. ചെന്നൈ നഗരത്തിൽ പൊലീസിനുപോലും ഒന്നും ചെയ്യാനാകാത്ത അവസ്ഥ. അന്വേഷണം എവിടെ തുടങ്ങണമെന്ന യാതൊരു തുമ്പുമില്ലാതെ പൊലീസ് പാടുപെടുമ്പോഴാണ് ചെന്നൈയിലേയ്ക്ക് ട്രാൻസ്ഫറായി അർജുൻ ചാർജ് എടുക്കുന്നത്. താൻ ഏറ്റെടുക്കുന്ന ആദ്യ കേസിൽ തന്നെ വലിയൊരപകടം പതിയിരിക്കുന്നതായി അർജുൻ മനസിലാക്കുന്നു. മണിക്കൂറുകൾക്കുള്ളിൽ കേസിന്റെ ചുരുളഴിക്കുന്ന അർജുൻ കണ്ടെത്തുന്നത് ഞെട്ടിക്കുന്ന സത്യങ്ങളാണ്. സാത്താൻ സ്ലേവ്സ് എന്ന ഡാർക് വെബ്ബിലെ വെബ്സൈറ്റിലൂടെ  കൊടുംകുറ്റകൃത്യങ്ങൾ ചെയ്യുന്ന ഗ്യാങ്. ഈ ഗ്യാങിന്റെ നേതാവിനെ കണ്ടെത്തുന്നതോടെ പിന്നീട് പോരാട്ടം നേർക്കുനേർ ആകുന്നു.

 

Ajith-valimai

കരുത്തുറ്റ തിരക്കഥയും വേഗതയേറിയ അവതരണ ശൈലിയിലൂടെയും ചിത്രത്തിന്റെ ആദ്യ പകുതി എൻഗേജിങ് ആയി തന്നെ മുന്നോട്ടുപോകുന്നു. മാസ് മസാല രംഗങ്ങൾക്കും അമാനുഷിക ആക്‌ഷൻ സ്വീകൻസുകൾക്കും പ്രാധാന്യം കൊടുക്കാതെ റിയലിസ്റ്റിക് ആയുള്ള ചിത്രീകരണരീതിയാണ് വിനോദ് അവംലബിച്ചിരിക്കുന്നത്. പ്രത്യേകിച്ചും റേസിങ് സീനുകളിലെ ക്യാമറയും ആക്‌ഷന്‍ കൊറിയോഗ്രഫിയും എടുത്തുപറയേണ്ടതാണ്. പ്രീ ഇന്റർവൽ ബ്ലോക്കിനു മുമ്പുള്ള അരമണിക്കൂർ മികച്ചൊരു വിഷ്വൽ ട്രീറ്റ് തന്നെ പ്രേക്ഷകർക്കു സമ്മാനിക്കുന്നു. സിനിമയുടെ ട്രെയിലറിൽ കാണിക്കുന്ന ബസ് ചേസിങ് തന്നെ അതിഗംഭീരമാണ്. അങ്ങേയറ്റം സാഹസിക നിറഞ്ഞ ഈ രംഗങ്ങൾക്കു പിന്നിൽ പ്രവർത്തിച്ച എല്ലാവരും കയ്യടി അർഹിക്കുന്നു. വിഎഫ്എക്സിന്റെ സാധ്യതകൾ പരമാവധി കുറച്ച് ലൈവ് ആക്‌ഷൻ രംഗങ്ങൾ ഉൾപ്പെടുത്തിയാണ് മേക്കിങ്.

 

പതിവുപോലെ അജിത് തന്നെയാണ് പ്രധാന ആകർഷണം. തന്റെ ജീവിതവുമായി ബന്ധപ്പെട്ട ഇഷ്ടവിനോദം വാലിമൈയിലെ അദ്ദേഹത്തിന്റെ കഥാപാത്രത്തിനുണ്ട്. പല ബൈക്ക് സ്റ്റണ്ട് രംഗങ്ങളും ഡ്യൂപ്പില്ലാതെയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. വില്ലനായുള്ള കാർത്തികേയയുടെ പെർഫോമൻസ് എടുത്തുപറയേണ്ടതാണ്. മലയാളികളായ ദിനേശ് പ്രഭാകര്‍, ധ്രുവൻ എന്നിവർ ഏറെ പ്രാധാന്യമുള്ള കഥാപാത്രങ്ങളായി ചിത്രത്തിലെത്തുന്നുണ്ട്. പേളി മാണി, ഹുമ ഖുറേഷി, സുമിത്ര, രാജ് അയ്യപ്പ, ചൈത്ര റെഡ്ഡി എന്നിവരാണ് മറ്റ് അഭിനേതാക്കൾ. നിരവ് ഷായുടെ ഛായാഗ്രഹണം ചിത്രത്തിന്റെ കരുത്ത് പകരുന്നുണ്ട്. പ്രത്യേകിച്ചും ചേസിങ് രംഗങ്ങളിലെ ക്യാമറ ചലനങ്ങൾ ഹോളിവുഡ് ലെവലിൽ പ്രേക്ഷകന് അനുഭവപ്പെടുന്നുണ്ട്. യുവൻ ശങ്കർ രാജയുടെ സംഗീതവും സിനിമയോടു നീതി പുലർത്തി. 

 

രണ്ടര വർഷത്തെ കാത്തിരിപ്പിനു ശേഷം എത്തുന്ന ‘വലിമൈ’ പ്രേക്ഷകരോട് നൂറു ശതമാനം നീതി പുലർത്തുന്ന ചിത്രമാണ്. ആദ്യ പകുതിയിലെ ഗംഭീര ആക്‌ഷനും രണ്ടാം പകുതിയിലെ ഫാമിലി സെന്റിമെന്റ്സും ചേരുമ്പോൾ  ചിത്രം പ്രേക്ഷകനെ ആകർഷിക്കുന്നതാകുന്നു. അജിത് ആരാധകർക്കും അല്ലാത്തവർക്കും ആഘോഷിക്കാനും ആവേശം കൊള്ളാനുമുള്ള നിരവധി രംഗങ്ങളുള്ള ചിത്രം തിയറ്ററിൽ കാണേണ്ടതു തന്നെയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com