ഭയവും ആകാംക്ഷയും നിറയുന്ന അന്താക്ഷരി; കുറ്റാന്വേഷണത്തിന്റെ ത്രില്ലിങ് അനുഭവം
Mail This Article
കളിച്ചു തുടങ്ങിയാൽ രസം പിടിപ്പിക്കുന്ന ഒന്നാണ് അന്താക്ഷരി. ആദ്യത്തെ പാട്ടിന്റെ അവസാനത്തെ അക്ഷരത്തിലെത്തുമ്പോൽ കേൾക്കുന്നവർ പോലും സ്വാഭാവികമായി അതു വച്ചുള്ള പാട്ട് ഓർത്തെടുക്കാൻ തുടങ്ങും. അതുപോലെയാണ് വിപിൻ ദാസ് സംവിധാനം ചെയ്ത ‘അന്താക്ഷരി’ എന്ന ത്രില്ലർ സിനിമ. സോണി ലിവിൽ റിലീസ് ചെയ്ത ചിത്രം ഓപ്പണിങ് സീനിൽത്തന്നെ പ്രേക്ഷകരെ കഥയുടെ ലൂപ്പിലേക്ക് വലിച്ചിടും. ഭയവും ടെൻഷനും ആകാംക്ഷയും നിറയുന്ന കള്ളനും പൊലീസും കളിയിലേക്കാണ് പ്രേക്ഷകർ വീഴുന്നത്. സൈജു കുറുപ്പിന്റെ സിഐ ദാസും സുധി കോപ്പയുടെ എസ്ഐ ശ്രീനിവാസും സ്വാഭാവിക അഭിനയത്തിലൂടെ കളം നിറയുമ്പോൾ കോട്ടയം രമേശിന്റെ പൊലീസ് കഥാപാത്രവും ഒതളങ്ങ തുരുത്തിലൂടെ ശ്രദ്ധേയനായ മൃദുൽ മുകേഷും ഗംഭീര പ്രകടനത്തിലൂടെ പ്രേക്ഷകരെ അമ്പരപ്പിക്കുന്നു.
ഒരു കുറ്റകൃത്യം നടക്കുന്നു. അതിനു പിന്നിലെ ദുരൂഹത നീക്കുന്നതിന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ മുന്നിട്ടിറങ്ങുന്നു. പതിയെ ദുരൂഹതയുടെ കുരുക്കഴിച്ചുകൊണ്ട് പൊലീസ് ഉദ്യോഗസ്ഥൻ കുറ്റവാളിയെ കണ്ടെത്തുന്നു– ക്രൈം ത്രില്ലർ സിനിമകളുടെ ഈ സ്ഥിരം ഫോർമാറ്റ് തന്നെയാണ് അന്താക്ഷരിയും പിന്തുടരുന്നത്. പക്ഷേ, സംഭവങ്ങളെ വളരെ കൗശലത്തോടെ അടുക്കി വച്ച തിരക്കഥയും മേക്കിങ്ങും അന്താക്ഷരിയെ ഗംഭീര കാഴ്ചാനുഭവമാക്കുന്നു. ഫ്ലാഷ്ബാക്ക് രംഗങ്ങളിലൂടെയാണ് സിനിമയുടെ തുടക്കം. പല കാലങ്ങളിൽ, പലയിടങ്ങളിൽ നടക്കുന്ന സംഭവങ്ങളിൽനിന്ന് പ്രേക്ഷകർ നേരേയെത്തുന്നത് കേദാരം പൊലീസ് സ്റ്റേഷൻ പരിധിയിലേക്കാണ്. അവിടെനിന്ന് കഥയുടെ രസച്ചരട് അന്താക്ഷരി ഭ്രാന്തനായ സിഐ ദാസ് ഏറ്റെടുക്കുകയാണ്. റിയലിസ്റ്റിക്കായ കഥാപാത്രനിർമിതിയും സൂക്ഷ്മമായ അഭിനയവും സൈജു കുറുപ്പിന്റെ പൊലീസ് കഥാപാത്രത്തെ പ്രേക്ഷകരോട് അടുപ്പിച്ചു നിറുത്തും.
സൈജു കുറുപ്പിന്റെ അടുത്ത കാലത്തു വന്ന മറ്റൊരു മികച്ച പ്രകടനമാണ് അന്താക്ഷരിയിലേത്. പുറമേയ്ക്ക് രസികനാണ് സൈജു കുറുപ്പിന്റെ സിഐ ദാസ്. അതിബുദ്ധിമാനായ പൊലീസ് ഉദ്യോഗസ്ഥനായി ദാസിനെ സിനിമയിൽ സ്ഥാപിച്ചെടുക്കുന്നില്ല എന്നത് കഥപറച്ചിലിനെ കൂടുതൽ റിയലിസ്റ്റാക്കുന്നു. ചില ഘട്ടങ്ങളിൽ അയാൾ കുറ്റവാളിയെ ഭയക്കുന്നുണ്ട്. മേലുദ്യോഗസ്ഥരുടെ വിരട്ടലുകളിൽ നിശബ്ദനാക്കപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ, ലഭ്യമായ സങ്കേതങ്ങളും സാധ്യതകളും ഉപയോഗപ്പെടുത്തി സി.ഐ ദാസ് നടത്തുന്ന അന്വേഷണം പ്രേക്ഷകരുമായി കൃത്യമായി കണക്ട് ചെയ്യുന്നുണ്ട്. വലിയ ബഹളങ്ങളോ നെടുനീളൻ ഡയലോഗുകളോ ഒന്നുമില്ലാതെ സിഐ ദാസിനൊപ്പം സുധി കോപ്പയുടെ എസ്ഐ ശ്രീനിവാസും കയ്യടി നേടുന്നു.
പൊലീസിലെ ജാതി, അധികാരവ്യവസ്ഥയിലെ അടിച്ചമർത്തലുകൾ തുടങ്ങിയ വിഷയങ്ങളും കയ്യടക്കത്തോടെ സിനിമയിൽ ഉൾച്ചേർത്തിട്ടുണ്ട്. ബിനു പപ്പു, കോട്ടയം രമേശ് എന്നിവരുടെ കഥാപാത്രനിർമിതിയും പ്രകടനവും എടുത്തു പറയേണ്ടതാണ്. ബിനു പപ്പു തന്റെ ഔദ്യോഗിക പദവിയുടെ ബലത്തിൽ ഉന്നത തലത്തിൽ കളിക്കുമ്പോൾ താഴേത്തട്ടിലാണ് കോട്ടയം രമേശിന്റെ കഥാപാത്രത്തിന്റെ ഇടപെടൽ. രണ്ടും നമ്മുടെ പൊലീസ് വ്യവസ്ഥയുടെ നേർചിത്രം വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ടു കൂടിയാണ് അന്താക്ഷരി എന്ന ത്രില്ലർ പ്രേക്ഷകർക്ക് കണക്ട് ചെയ്യാവുന്ന ചിത്രം കൂടിയാകുന്നത്. ഫ്ലാഷ്ബാക്ക് രംഗങ്ങളിൽ കിടിലൻ പ്രകടനം കാഴ്ച വയ്ക്കുന്ന മൃദുൽ മുകേഷാണ് സിനിമയുടെ മറ്റൊരു പ്ലസ് പോയിന്റ്. ആ കഥാപാത്രത്തോട് അനുകമ്പ തോന്നുമ്പോൾത്തന്നെ അവന്റെള്ളിൽ കത്തുന്ന വയലൻസ് ഭയപ്പെടുത്തും. അവിടെയാണ് മൃദുൽ എന്ന കൊച്ചുതാരത്തെ പ്രേക്ഷകരും കയ്യടിയോടെ ഹൃദയത്തിലേറ്റുക.
മേക്കിങ് പോലെ മികച്ചതാണ് അന്താക്ഷരിയുടെ പശ്ചാത്തല സംഗീതവും സൗണ്ട് ഡിസൈനും. അന്താക്ഷരിയുടെ കാഴ്ചാനുഭവം ത്രില്ലിങ് ആക്കുന്നതിൽ പശ്ചാത്തലസംഗീതം വഹിച്ച പങ്ക് വലുതാണ്. അങ്കിത് മേനോനാണ് സിനിമയുടെ സംഗീത വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നു. സിനിമയ്ക്ക് കൃത്യമായ വ്യക്തിത്വം നൽകുന്ന തരത്തിൽ ശബ്ദങ്ങളെ ഏകോപിപ്പിക്കുന്നതിൽ അങ്കിത് മികവ് പുലർത്തി. ബബ്‍ലു അജുവിന്റെ ക്യാമറയും മികച്ചതായി. കേദാരം എന്ന മലയോരഗ്രാമത്തെ ഇരുട്ടിലും പച്ചപ്പിലും അതിഗംഭീരമായി അജു പകർത്തിയിട്ടുണ്ട്. പ്രത്യേകിച്ചും ആ പ്രദേശത്തിന്റെ ദുരൂഹതയെ അടയാളപ്പെടുത്തും വിധമാണ് ബബ്‍ലുവിന്റെ ദൃശ്യാഖ്യാനം.
പല കാലങ്ങളിലൂടെ കടന്നു പോകുന്ന കഥ ചിലപ്പോഴെങ്കിലും പ്രേക്ഷകരിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. തിരക്കഥയിലെ ഈ പരിമിതി എഡിറ്റിങ്ങിലും ചിലയിടങ്ങളിൽ പ്രകടമാണ്. എന്നാൽ ഇവയൊന്നും കഥപറച്ചിലിന്റെ രസച്ചരടിനെ അലോസരപ്പെടുത്തുന്നില്ല. സംവിധായകൻ ജീത്തു ജോസഫ് അവതരിപ്പിച്ചിരിക്കുന്ന ചിത്രം സുൽത്താൻ ബ്രദേഴ്സ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ നിർമിച്ചിരിക്കുന്നത് അൽ ജസാം അബ്ദുൽ ജബ്ബാറാണ്. സംവിധായകൻ എന്ന നിലയിൽ വിപിൻ ദാസിന്റെ രണ്ടാമത്തെ ചിത്രമായ അന്താക്ഷരി പ്രതീക്ഷ നിലനിർത്തുന്ന ചിത്രമാണ്. വിചിത്രമായ കോംബിനേഷനുകൾ പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്ന സംവിധായകന്റെ വേറിട്ട സമീപനമാണ് ‘അന്താക്ഷരി’.