ADVERTISEMENT

കൗമാര സ്‌കൂൾ ജീവിതത്തിലെ സൗഹൃദങ്ങളും രസങ്ങളും പ്രണയവും വഴിതെറ്റലുകളുമെല്ലാം പ്രമേയമാക്കിയാണ് 'ഫോർ' എന്ന സിനിമ കഥപറയുന്നത്. സാങ്കേതികവിദ്യയുടെയും ലഹരികളുടെയും ന്യൂജെൻ കാലത്ത് കുട്ടികളെ വഴിതെറ്റാതെ നേർവഴിക്ക് നയിക്കുകയെന്നത് എത്ര വലിയ സമസ്യയാകുന്നു എന്ന് ചിത്രം കാട്ടിത്തരുന്നു. ആ അർഥത്തിൽ കൗമാരക്കാരായ മക്കൾക്കൊപ്പം മാതാപിതാക്കളും അധ്യാപകരും കണ്ടിരിക്കേണ്ട ചിത്രമാണ് ഫോർ.

 

എറണാകുളം കൂവപ്പടിയും പരിസരപ്രദേശങ്ങളുമാണ് കഥാപശ്‌ചാത്തലം. കൂവപ്പടി ഹയർസെക്കൻഡറി സ്‌കൂളിലെ മൂവർ സംഘമാണ് റിയാസും അഭിയും ജോണും. വ്യത്യസ്ത സാമ്പത്തിക പശ്ചാത്തലത്തിൽ നിന്നുള്ളവരാണെങ്കിലും ഉഴപ്പിന്റെ കാര്യത്തിൽ മൂവരും ഒറ്റക്കെട്ടാണ്. സ്‌കൂളിലെ ഒരു അധ്യാപകന്റെ നോട്ടപുള്ളികളാണ് മൂവരും. അതിന്റെ കാരണവും ചിത്രം പറയുന്നുണ്ട്.  ഈ അധ്യാപകനും മൂവർ സംഘവും തമ്മിലുള്ള  ആശയസംഘർഷങ്ങളാണ് ചിത്രത്തെ മുന്നോട്ടുനയിക്കുന്നത്. രണ്ടാംപകുതിയിൽ ഒരു കാര്യസാധ്യത്തിനായി ഒരാൾകൂടി അവരുടെ സംഘത്തിലേക്കെത്തുന്നു. അങ്ങനെ അവർ നാൽവർ( ഫോർ) സംഘമാകുന്നു. അവർ ചെന്നുചാടുന്ന ഒരു കുഴപ്പത്തിൽനിന്ന് അവർ എങ്ങനെ രക്ഷപെടുന്നു എന്നാണ് ചിത്രം പറഞ്ഞുവയ്ക്കുന്നത്.

 

മിനോൺ, അമൽ ഷാ, ഗോവിന്ദ പൈ, ഗൗരവ് മേനോൻ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൂപ്പർ ശരണ്യയിലൂടെ ശ്രദ്ധേയയായ മമിത ബൈജുവും തണ്ണീർമത്തൻ ദിനങ്ങളിലൂടെ ശ്രദ്ധനേടിയ ഗോപിക രമേശുമാണ് നായികമാരായി എത്തുന്നത്. സിദ്ദിഖ്,  സുരേഷ് കൃഷ്ണ, ജോണി ആന്റണി, സാധിക, അലൻസിയർ, റോഷൻ ബഷീർ, സ്‌മിനു സിജോ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

 

സുനിൽ ഹനീഫാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നിർമാണം വേണു ഗോപാലകൃഷ്ണൻ. വിധു ശങ്കർ, വൈശാഖ് എന്നിവരാണ് രചയിതാക്കൾ.  ബിജിബാലിന്റെ സംഗീതം ചിത്രത്തിന്റെ പ്ലസ്പോയിന്റാണ്. നിഷ്കളങ്കമായ കൗമാരപ്രണയം അവതരിപ്പിക്കുന്ന 'മഞ്ഞുത്തുള്ളികൾ' എന്ന ഗാനവും സ്‌കൂളിലെ ഓണാഘോഷം അവതരിപ്പിക്കുന്ന 'പൊലി പൊലി പൂവേ' എന്ന ഗാനവും മികച്ചുനിൽക്കുന്നു.

ഛായാഗ്രഹണം, പശ്ചാത്തലസംഗീതം, കലാസംവിധാനം, എഡിറ്റിങ് തുടങ്ങിയ സാങ്കേതികമേഖലകളെല്ലാം നിലവാരം പുലർത്തുന്നു.

 

ജൂനിയർ പിള്ളേരുടെ സ്‌കൂൾസൗഹൃദങ്ങൾക്കൊപ്പം സീനിയർ താരങ്ങളുടെ സൗഹൃദകൂടലുകൾക്കും സമാന്തരമായി കഥ അരങ്ങൊരുക്കുന്നുണ്ട്. കൊടുക്കുന്ന ഏത് വേഷവും അതിന്റെ പൂർണതയിൽ അവതരിപ്പിക്കുന്ന നടനാണ് സിദ്ദിഖ്. അത് ഫോറിലും തുടരുന്നു. കൗമാരതാരങ്ങളെ കേന്ദ്രമാക്കി കഥപറയുമ്പോഴും ചിത്രത്തെ മുന്നോട്ടുനയിക്കുന്നത് സിദ്ദിഖിന്റെ പ്രകടനമാണ്. ജോണി ആന്റണി പതിവ് അനായാസശൈലിയിൽ ചിരിയുണർത്തുന്നു. കൗമാരതാരങ്ങൾ നാലുപേരും തങ്ങളുടെ റോളുകൾ മികച്ചതാക്കി. സ്‌ക്രീൻ പ്രസൻസ് കൊണ്ട് മമിതയും ഗോപികയും പ്രേക്ഷകരെ ആകർഷിക്കുന്നുണ്ട്.

 

ആദ്യപകുതിയിൽ കോമഡിക്ക് പ്രാധാന്യം നൽകി മുന്നേറുന്ന ചിത്രം അവസാനത്തോടടുക്കുമ്പോൾ ചെറിയ ത്രില്ലർ മോഡിലേക്ക് ട്രാക്ക് മാറ്റുന്നുണ്ട്. ഒടുവിൽ ചെറിയൊരു സസ്‌പെൻസും ട്വിസ്റ്റും ഒരുക്കിയാണ് ചിത്രം പര്യവസാനിക്കുന്നത്.

 

ചുരുക്കത്തിൽ കൗമാര സ്‌കൂൾജീവിതകാലം ഒരു നൊസ്റ്റാൾജിയയായി കൊണ്ടുനടക്കുന്നവർക്കും പുതിയകാലത്ത് കൗമാരക്കാരെ നേർവഴിക്ക് നയിക്കുന്നതെങ്ങനെയെന്ന് ആശയക്കുഴപ്പത്തിൽ ഇരിക്കുന്ന മാതാപിതാക്കൾക്കും ഈ ചിത്രം ഒരു മികച്ച അനുഭവമാകും എന്നുറപ്പ്...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com