മനംകവരുന്ന ചാർളി; റിവ്യു
Mail This Article
‘ഇവനെന്തെങ്കിലും പറ്റിയാല്‍ ഒരു നായ പോലും തിരിഞ്ഞുനോക്കില്ല’ എന്ന അയൽക്കാരുടെ ശാപവചനങ്ങൾ കേട്ട് തഴമ്പിച്ച കാതുകളാണ് ധർമയുടേത്. ജീവിതത്തിലെ അടുക്കും ചിട്ടയുമില്ലായ്മ ധർമയുടെ വീടിനുള്ളിലും പരിസരത്തും കാണാം. ഒഴിഞ്ഞ മദ്യക്കുപ്പികളും ഈച്ചയരിക്കുന്ന എച്ചിൽ പാത്രങ്ങളും കീറിപ്പറിഞ്ഞ സോഫാസെറ്റും ധർമയുടെ കുത്തഴിഞ്ഞ ജീവിതത്തിന്റെ സാക്ഷ്യപത്രങ്ങളാണ്. ഒറ്റയ്ക്കു ജീവിക്കുന്ന ധർമയെ കാണുമ്പോൾ കോളനിയിലെ കുട്ടികൾ പേടിച്ചു വിറയ്ക്കും, സ്ത്രീകൾ വീട്ടിലേക്ക് ഉൾവലിയും, പുരുഷന്മാർ അറപ്പോടെ നോക്കും. അങ്ങനെയുള്ള ധർമയെ സ്നേഹിക്കാനെത്തുകയാണ് ഒരു പെൺ നായക്കുട്ടി. പിന്നീട് നടക്കുന്നത് വികാരനിർഭരമായ കാഴ്ചകളുടെ മായികലോകവും. അതെ, കിരൺ രാജ് സംവിധാനം ചെയ്ത ‘777 ചാർളി’ ഒരനുഭവം തന്നെയാണ്. മനുഷ്യനും നായും തമ്മിലുള്ള ബന്ധത്തിന്റെ കഥപറയുന്ന ചിത്രമാണെങ്കിലും ഇതൊരു മനോഹരമായ ട്രാവൽ മൂവി കൂടിയാണ്.
തീരെ ചെറുപ്പത്തിൽ കാർ അപകടത്തില്‍ അച്ഛനെയും അമ്മയെയും അനുജത്തിയെയും നഷ്ടപ്പെട്ട് അനാഥനായ ധർമയ്ക്ക് എല്ലാവരോടും വെറുപ്പാണ്. ജീവിതംപോലും വെറുത്ത അവസ്ഥയിലാണ് ചാർളി എത്തുന്നത്. അടുത്തുള്ള കടയിലെ വൃദ്ധയിൽനിന്ന് രണ്ട് ഇഡ്‌ഡലി വാങ്ങുമ്പോൾ അവർ സ്നേഹത്തോടെ ഒരെണ്ണം അധികം പൊതിഞ്ഞുകൊടുക്കുന്നതിനു പോലും ധർമ വഴക്കിടാറുണ്ട്. ഇത്തരത്തിൽ ജീവിതത്തിൽ ഒരു കെട്ടുപാടുമില്ലാതെ ജീവിച്ച ധർമയുടെ ജീവിതത്തിലേക്ക് ഒരു പെൺ നായ്ക്കുട്ടി കടന്നുവരുന്നതും അത് അവന്റെ ജീവിതം തന്നെ മാറ്റി മറിക്കുന്നതുമാണ് 777 ചാർളി എന്ന സിനിമയുടെ കഥാതന്തു.
നായയെ ഇഷ്ടമല്ലാത്ത ധർമയ്ക്ക് നായക്കുട്ടിയോട് സ്നേഹമോ സഹതാപമോ ഇല്ല. ധർമ അറിയാതെ നായ്ക്കുട്ടി ധർമയെ അതിന്റെ മാസ്റ്റർ ആയി തിരഞ്ഞെടുക്കുന്നു. പിന്നീട് ഒഴിവാക്കാൻ കഴിയാതെ അവൾ ധർമയുടെ ജീവിതത്തിലേക്ക് പറ്റിക്കൂടി. ചാർളി ചാപ്ലിനെ ഏറെ ആരാധിക്കുന്ന ധർമ നായ്ക്കുട്ടിക്ക് ചാർളി എന്ന് പേരിട്ടുവിളിച്ചു. ആരെയും സ്നേഹിക്കാൻ കഴിയില്ല എന്ന് കരുതി മനസ്സ് കരിങ്കല്ലാക്കി വളർന്ന ധർമ നായക്കുട്ടിയുടെ സ്നേഹത്തിനുമുന്നിൽ അടിയറവു പറഞ്ഞു.
ചാർളി ധർമയ്ക്ക് നൽകിയത് സന്തോഷത്തിന്റെ കൊടുമുടി മാത്രമല്ല സ്നേഹത്താൽ കെട്ടിയിടുന്ന ഒരുപാട് ഹൃദയവ്യഥകൾ കൂടിയാണ്. നായയെ ഇഷ്ടമല്ലാത്ത ഒരാളുടെ പോലും ഹൃദയത്തെ ചലിപ്പിക്കാൻ ഈ സിനിമയ്ക്ക് കഴിയും. കൃത്രിമമാണെന്ന് തോന്നാത്തവിധമാണ് ലാബ്രഡോർ ഇനത്തിൽപ്പെട്ട നായകുട്ടിയുടെ പ്രകടനം.
രക്ഷിത് ഷെട്ടിയും ചാർളിയും തമ്മിലുള്ള അടുപ്പം ഏറെ ഹൃദയസ്പർശിയായി അവതരിപ്പിച്ചിട്ടുണ്ട്. വളരെ തന്മയത്വമുള്ള പ്രകടനം കാഴ്ചവച്ച ചാർളി എന്ന ലാബ്രഡോർ ഇനത്തിൽപ്പെട്ട നായ ഏവരുടെയും മനം കവരും.
സംഗീത ശംഗേരിയാണ് നായികയായെത്തുന്നത്. രാജ് ബി. ഷെട്ടി, ബോബി സിൻഹ, ഡാനിഷ് സേട്ട് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തോടൊപ്പം ഒഴുകിപ്പോകുന്ന പശ്ചാത്തലസംഗീതവും ഹൃദയസ്പർശിയായ ഗാനങ്ങളും ഏറെ ശ്രദ്ധേയമാണ്. മലയാളിയായ നോബിള്‍ പോളാണ് സംഗീത സംവിധായകൻ. ഈ ചിത്രത്തിന്റെ വിഷയം മുഴുവൻ ഹൃദയബന്ധത്തിന്റേതാകയാൽ ഭാഷ ഒരു പ്രശ്‌നമേയല്ല എങ്കിലും ചിത്രത്തിന്റെ മലയാളം ഡബ്ബിങ് മികച്ച നിലവാരം പുലർത്തുന്നുണ്ട്.
സംവിധായകൻ കിരണ്‍രാജിന്റെ അഞ്ച് വർഷം നീണ്ട യാത്രയാണ് 777 ചാർളി എന്ന സിനിമ. കെ.എൻ. വിജയകുമാർ, സതീഷ് മുതുകുളം, സഞ്ജയ് ഉപാധ്യായ എന്നിവർ ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്. മഞ്ഞും മഴയും ഹിമാലയൻ യാത്രയും പാരാഗ്ലൈഡിങ്ങും എല്ലാം ചേർന്ന മനോഹരമായ ഫ്രെയിമുകൾ ഒപ്പിയെടുത്തത് അരവിന്ദ് എസ്. കശ്യപ് എന്ന ഛായാഗ്രാഹകനാണ്. എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് പ്രതീക് ഷെട്ടി.
നായകനായ രക്ഷിത് ഷെട്ടി അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു. ഒരു നായയെക്കൊണ്ട് ആക്‌ഷൻ രംഗങ്ങൾ ചിത്രീകരിക്കുക വലിയ ബുദ്ധിമുട്ടില്ലാത്ത കാര്യമാണ്. പക്ഷേ പ്രേക്ഷകന്റെ മനം തൊടുന്ന രീതിയിൽ നായയോടൊപ്പം ഇമോഷനൽ രംഗങ്ങൾ ചിത്രീകരിക്കുക അത്ര എളുപ്പമല്ല. മനുഷ്യനും വളർത്തുനായയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥപറയുന്ന ഈ സിനിമ പ്രേക്ഷകരെ ഒരുപാട് സന്തോഷിപ്പിക്കുകയും കണ്ണ് നനയ്ക്കുകയും ചെയ്യുമെന്നുറപ്പാണ്. ‘നിങ്ങൾ ലക്കിയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിലേക്ക് ഒരു ചാർളി കടന്നുവരും, നിങ്ങൾ ലക്കിയാണെങ്കിൽ മാത്രം’ എന്ന ടാഗ് ലൈനോടെ തിയറ്ററിൽ എത്തിയ ചിത്രം ഒരുവട്ടമെങ്കിലും കണ്ടില്ലെങ്കിൽ അതൊരു നഷ്ടം തന്നെയായിരിക്കും.