വേറിട്ട പ്രതികാരകഥ; ത്രില്ലടിപ്പിച്ച് തീർപ്പ്; റിവ്യു
Mail This Article
നാലു ബാല്യകാല സുഹൃത്തുക്കൾ. പരമേശ്വരൻ പോറ്റി, രാംകുമാർ, അബ്ദുല്ല, കല്യാൺ. ഇവർ വർഷങ്ങൾക്ക് ശേഷം രാംകുമാറിന്റെ ഹെറിറ്റേജ് ബംഗ്ലാവിൽവച്ച് കണ്ടുമുട്ടുന്നു. ഇവർക്ക് പരസ്പരം കെട്ടുപിണഞ്ഞുകിടക്കുന്ന സങ്കീർണമായ ഒരു ഭൂതകാലമുണ്ട്. അതിൽ രണ്ടുപേർ വേട്ടക്കാരും ഒരാൾ ദൃക്‌സാക്ഷിയും ഒരാൾ ഇരയുമാണ്. ബാക്കിവച്ച കണക്കുകൾ തീർക്കാനുള്ള ഈ അവസരം ഇര ഉപയോഗിക്കുമോ? എന്നാൽ വേട്ടക്കാരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ടുള്ള സംഭവങ്ങളാണ് പിന്നീട് അവിടെ അരങ്ങേറുന്നത്. ഇതാണ് തീർപ്പ് എന്ന സിനിമയുടെ പ്രമേയം.
ലൂസിഫറിനു ശേഷം മുരളി ഗോപി തിരക്കഥ എഴുതിയ ചിത്രം. കമ്മാരസംഭവത്തിനു ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത ചിത്രം. ഏറെ നിരൂപകപ്രശംസ നേടിയ ‘ഹോം' സിനിമയ്ക്കു ശേഷം ഫ്രൈഡേയുടെ ബാനറിൽ റിലീസിനെത്തിയ ചിത്രം. കോവിഡ് മൂന്നാം തരംഗസമയത്ത് പ്രോട്ടോക്കോളുകൾ പാലിച്ച് 48 ദിവസംകൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ സിനിമ. അങ്ങനെ പ്രത്യേകതകൾ ഏറെയുണ്ട് തീർപ്പിന്.
ചിത്രത്തിലെ ഏറ്റവും വലിയ ഹൈലൈറ്റ് ചിത്രത്തിന്റെ സെറ്റ് തന്നെയാണ്. ഒരു ഹെറിറ്റേജ് ബംഗ്ലാവാണ് ചിത്രത്തിൽ ഭൂരിഭാഗവും പശ്ചാത്തലമായി വരുന്നത്. ഇതുവരെ മലയാളസിനിമയിൽ കണ്ടുപരിചയിച്ചിട്ടില്ലാത്ത ദൃശ്യമികവോടെ, നൂതനസാങ്കേതികവിദ്യകൾ ഉപയോഗിച്ച് തയാറാക്കിയ ഹെറിറ്റേജ് ബംഗ്ലാവിലെ കാഴ്ചകളാണ് ചിത്രത്തിന്റെ ആദ്യപകുതി സജീവമാക്കുന്നത്. ഇതിൽ കലാസംവിധാനത്തിന്റെ പങ്കിനെ അഭിനന്ദിക്കാതിരിക്കാനാകില്ല. രണ്ടാംപകുതിയിൽ ക്ഷണിക്കപ്പെടാത്ത ഒരു അതിഥിയുടെ വരവോടെ കഥാതലം മാറിമറിയുന്നു. ചിത്രം ത്രില്ലർ ട്രാക്കിലേക്ക് ഗിയർ മാറ്റുന്നു. ആ ഹെറിറ്റേജ് ബംഗ്ലാവിന്റെയടക്കം ഭൂതകാലം പ്രേക്ഷകന്റെ കണ്ണിൽ സെൻസറിങ്ങിന് വിധേയമാകുന്നു.
മുരളി ഗോപി തന്റെ എഴുത്തിലൂടെയും സിനിമകളിലൂടെയും, ശരാശരി പ്രേക്ഷകർക്ക് ദുർഗ്രാഹ്യമായ തരത്തിൽ അന്തർധാരകളുള്ള രാഷ്ട്രീയം പറയുന്ന കലാകാരനാണ്. തീർപ്പിലും ആ ശൈലി തുടരുന്നുണ്ട്. 1990 കളിലാണ് ചിത്രത്തിലെ മൂലകഥ സംഭവിക്കുന്നത്. കേരളത്തിന്റെ കടലോരത്ത് നടക്കുന്ന കഥയെ, ആ കാലഘട്ടത്തിലെ ദേശീയരാഷ്ട്രീയവും നയങ്ങളും (ബാബ്‌റി മസ്ജിദ് തകർച്ച, ഹിന്ദു- മുസ്‌ലിം സംഘർഷങ്ങൾ, ആഗോളവത്കരണം, തീവ്രഹിന്ദുത്വ നിലപാടുകളിലേക്കുള്ള പ്രയാണം) തിരകളായി വന്നുതൊടുന്നുണ്ട്. അടുത്തിടെ കേരളത്തിൽ വലിയ രാഷ്ട്രീയ ഒച്ചപ്പാടുണ്ടാക്കിയ ഒരു തട്ടിപ്പും ചാതുര്യത്തോടെ കഥയിൽ പ്രതിഫലിപ്പിക്കുന്നുണ്ട്. യഥാർഥ ചരിത്രത്തെ വളച്ചൊടിച്ചു പുതിയ ചരിത്രം രചിക്കുകയും അത് ആരാധിക്കപ്പെടുകയും ചെയ്യുന്ന കാലഘട്ടത്തിന്റെ പ്രതീകമായി ആ ഹെറിറ്റേജ് ബംഗ്ലാവ് മാറുന്നു. തിരക്കഥയിലെ ഈ ബ്രില്യൻസാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. അതേസമയം ഈ ആന്തരാർഥങ്ങൾ എത്രത്തോളം ശരാശരി പ്രേക്ഷകനിലേക്ക് വിനിമയം ചെയ്യാനാകും എന്നത് വെല്ലുവിളിയാണ്.
നല്ല കഥാപാത്രങ്ങൾക്കു വേണ്ടി പിന്നിലേക്ക് മാറിക്കൊടുക്കുന്ന പതിവ് പൃഥ്വിരാജ് തീർപ്പിലും തുടരുന്നു. സ്ക്രീൻടൈം താരതമ്യേന കുറവാണെങ്കിലും ചിത്രത്തിന്റെ കഥാഗതി മാറ്റിമറിക്കുന്നത് പൃഥ്വിയുടെ അബ്ദുല്ല എന്ന കഥാപാത്രമാണ്. ചിത്രത്തിൽ ആദ്യ പകുതിയിൽ വിരലിലെണ്ണാവുന്ന നർമമുഹൂർത്തങ്ങൾ സമ്മാനിക്കുന്നത് സൈജു കുറുപ്പാണ്. കുരുട്ടു ബുദ്ധിയുള്ള വ്യവസായി കഥാപാത്രത്തെ വിജയ് ബാബുവും ഭംഗിയാക്കി. ഇന്ദ്രജിത്ത് അവസാനഭാഗത്താണ് എത്തുന്നതെങ്കിലും ഏല്പിച്ച റോൾ ഭംഗിയാക്കി. ഇഷ, ഹന്ന എന്നിവരും പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നുണ്ട്. സിദ്ദീഖ്, മാമുക്കോയ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഏൽപിക്കുന്ന ഏത് ചെറിയ വേഷവും പൂർണതയിലെത്തിക്കുന്ന പതിവ് സിദ്ദീഖ് ഈ ചിത്രത്തിലും തുടരുന്നു. നാലു സുഹൃത്തുക്കളുടെ ബാല്യകാലം അവതരിപ്പിച്ച ബാലതാരങ്ങളും വേഷം ഭംഗിയാക്കിയിട്ടുണ്ട്.
കഥാപരമായി രണ്ടഭിപ്രായങ്ങൾ ഉണ്ടാകാമെങ്കിലും 'കമ്മാരസംഭവം' പോലെതന്നെ ഏറ്റവും മികച്ച വിഷ്വൽ പാക്കേജാണ് ചിത്രമെന്നതിൽ തർക്കമുണ്ടാകില്ല. അതിമനോഹരമായ കലാസംവിധാനം, സുനിൽ കെ.എസിന്റെ ഛായാഗ്രഹണം, ഗോപി സുന്ദറിന്റെ പശ്ചാത്തലസംഗീതം എന്നിവയും ചിത്രത്തിന്റെ ബോണസ് പോയിന്റുകളാണ്.
ഒന്ന് പാളിപ്പോയാൽ കൈവിട്ടുപോകാവുന്ന അത്രയും സെൻസീറ്റീവ് ആയ വിഷയമാണ് ഇന്ന് മതം. അതിനെ വിദഗ്ധമായി സിനിമ കൈകാര്യം ചെയ്തിട്ടുണ്ട്. ഒരർഥത്തിൽ തീർപ്പിലെ പല സംഭവങ്ങളും മലയാളി ഇപ്പോൾ ജീവിക്കുന്ന സമൂഹത്തിന്റെ പരിച്ഛേദങ്ങളാണ്. വളരെ സുഗമമായി നീങ്ങുന്ന ആദ്യപകുതിയും ത്രില്ലർ മൂഡിലൂടെയുള്ള രണ്ടാംപകുതിയും പെട്ടെന്നുള്ള ക്ലൈമാക്സുമാണ് ചിത്രത്തിനുള്ളത്. അടുത്തിടെ തിയറ്റർ റിലീസ് ചെയ്ത, കോവിഡ് കാലയളവിൽ ചിത്രീകരിച്ച പല സിനിമകളും ഒടിടി പ്രേക്ഷകരെ ലക്ഷ്യമിട്ടാണ് നിർമിച്ചത്. തീർപ്പും ആ പ്രതീതി ഉളവാക്കുന്നുണ്ട്. ചുരുക്കത്തിൽ ത്രില്ലർ-ഡ്രാമ തീമിലുള്ള ചിത്രങ്ങൾ ഇഷ്ടമുള്ള പ്രേക്ഷകർക്ക് ചിത്രം തൃപ്തികരമായ അനുഭവമാകും.