അടിമുടി രാഷ്ട്രീയമാണ് ‘കൊത്ത്’; റിവ്യൂ
Mail This Article
'കൊത്ത്' എന്നാൽ വെട്ട്. കുറച്ചധികം വെട്ടിന്റെയും അത് മൂലം ചിലർക്ക് ഉണ്ടാകുന്ന ദുരിതങ്ങളുടെയും കഥ പറയുകയാണ് കൊത്ത്. കണ്ണൂരിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിലവതരിപ്പിക്കപ്പെട്ട കൊത്ത് ആദ്യാവസാനം വൈകാരികതയുടെ സിനിമാ അനുഭവം കൂടിയാണ്. രാഷ്ട്രീയ പാർട്ടികൾക്കു വേണ്ടി തല്ലാനും കൊല്ലാനും, അരിഞ്ഞു വീഴ്ത്താനും മടിയില്ലാത്ത താഴെ തട്ടിൽ പ്രവർത്തിക്കുന്ന സാധാരണക്കാരനായ ഷാനുവാണ് കഥയിലെ നായകൻ. ഒരു ‘കൊലപാതക’ത്തിന് പകരം ‘മറ്റൊരു കൊലപാതകം’ എന്ന അലിഖിത നിയമത്തെയും അതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങളെ അതിജീവിക്കാൻ സാധാരണക്കാരൻ പാടുപെടുന്നതുമെല്ലാം കണ്ണൂരിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് കൊത്തിലൂടെ. വളരെ കാലത്തിനുശേഷം സിബി മലയിൽ എന്ന സംവിധായകന്റെ തിരിച്ചുവരവു കൂടിയായി 'കൊത്ത്' മാറുന്നു.
യഥാർഥ രാഷ്ട്രീയ പ്രവർത്തനം എന്നാൽ കൊല്ലും കൊലയും അല്ല പകരം മനുഷ്യനുവേണ്ടി പ്രവർത്തിക്കണമെന്ന് അടിവരയിട്ട് പറയുന്ന ചിത്രം പ്രണയത്തിന്റെയും നിസ്സഹായതയുടെയും കാത്തിരിപ്പിന്റെയും കൂടി കഥയാണ് പറയുന്നത്. നാട്ടിൽ നിരവധി രക്തസാക്ഷി മണ്ഡപങ്ങൾ ഉയരുമ്പോൾ അതിനു പിന്നിൽ പ്രവർത്തിക്കുന്നവർക്ക് വേണ്ടി മറ്റൊരു രക്തസാക്ഷി മണ്ഡപം ഒരുക്കാതെ സഹജീവികൾക്കു കൂടി വേണ്ടി ജീവിക്കണമെന്ന് സന്ദേശം പകരുന്ന ചിത്രം തീർച്ചയായും ഒരു സിബി മലയിൽ ചിത്രം തന്നെയാണ്.
പാർട്ടി പ്രവർത്തകരിൽ ഒരാളെ കൊലപ്പെടുത്തുന്നതിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. തങ്ങളിൽ ഒരുത്തനെ കൊന്നതിന് പകരം വീട്ടാൻ എതിർ പാർട്ടിക്കാരനായ കൊലപാതകിയെ തേടിപ്പിടിച്ച് കൊല്ലേണ്ടി വരുന്ന നാൽവർ സംഘം. കൊല്ലാനും ചാവാനും മടിയില്ലാത്ത അണികൾ ആയി അവർ ആ നാട്ടിൽ വിലസുമ്പോൾ ഇടയ്ക്ക് എപ്പോഴോ അവരുടെ ജീവിതത്തിലേക്ക് ചില വ്യക്തികളുടെ പ്രഭാവം കടന്നു വരുന്നു. പാർട്ടി പ്രവർത്തകനായ ഷാനുവിന്റെ ജീവിതത്തിലേക്ക് ഹിസാന കടന്നുവരുമ്പോൾ അയാൾക്ക് ജീവിതത്തോട് ഒരു കൊതിയുണ്ടാവുന്നു. ആ കൊതി അയാൾ മറച്ചു വയ്ക്കാതെ പലപ്പോഴും പ്രകടിപ്പിക്കുന്നുമുണ്ട്. എന്നാൽ അയാളുടെ സാഹചര്യങ്ങൾ അതിന് ആ സമയത്ത് അനുകൂലമായിരുന്നുമില്ല എന്നും പറയാം. തുടർന്ന് അയാളുടെ ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങളാണ് സിനിമയുടെ പ്രമേയം.
ആസിഫ് അലിയുടെ ഇരുത്തം വന്ന പ്രകടനമാണ് കൊത്തിന്റെ കരുത്ത്. ഷാനുവിന്റെ പ്രണയവും പ്രായത്തിന്റെ ചോരത്തിളപ്പും ഭയവും സൗഹൃദവുമെല്ലാം ആസിഫിലെ നടനെയാണ് ചൂണ്ടിക്കാണിക്കുന്നത്. ഓരോ ചിത്രങ്ങളിലൂടെയും തന്റെ അഭിനവപാടവത്തിനെ മിനുക്കിയൊതുക്കുകയാണ് റോഷൻമാത്യു എന്ന ചെറുപ്പക്കാരൻ എന്നുറപ്പിച്ചു പറയാൻ കഴിയുന്ന പ്രകടനം. ഷാനുവിന്റെയും സുമേഷിന്റെയും സൗഹൃദം ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്. തനിക്ക് കിട്ടുന്ന ഓരോ വേഷവും മിതത്വത്തോടെ ചെയ്യാൻ പരമാവധി ശ്രമിക്കുന്ന രഞ്ജിത് ഇക്കുറിയും തന്റെ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. സദേട്ടൻ എന്ന രാഷ്ട്രീയ നേതാവായി രഞ്ജിത് എത്തുന്നു.
നായികാ കഥാപാത്രങ്ങളിൽ തിളങ്ങി നിന്നിരുന്ന ശ്രീലക്ഷ്മി ഒരു ഇടവേളയ്ക്ക് ശേഷം തിരികെ എത്തിയപ്പോൾ കിട്ടിയ ഒരു മികച്ച അമ്മ വേഷമാണ് കൊത്തിലെ അമ്മിണിയേച്ചി. അമ്മിണിയേച്ചിയുടെ കണ്ണീരിൽ നിസ്സഹായതയുടെയും, ഒപ്പം ഇനിയൊരു തലമുറ ഒരിക്കലും വഴിപിഴച്ചു പോകരുത് എന്ന് ആഗ്രഹിക്കുന്ന ഒരു മനസ്സും നമുക്ക് കാണാൻ കഴിയും. ചില രംഗങ്ങളിൽ ക്ലീഷേ സ്വഭാവം അനുഭവപ്പെടുന്നുണ്ടെങ്കിലും അവയെല്ലാം മറികടക്കുന്ന പ്രകടനം കൊണ്ട് ചിത്രം മുന്നേറുമെന്ന് നമുക്ക് കരുതാം.
കയ്യടക്കമുള്ള തിരക്കഥാ രചനയിലൂടെ ഹേമന്ത് കുമാർ മലയാളത്തിന്റെ മുൻനിര തിരക്കഥാകൃത്തുക്കളിലൊരാളാവാനുള്ള യാത്ര തുടങ്ങിയിരിക്കുകയാണ് എന്ന് ഉറപ്പിച്ചു പറയാം. രതിൻ രാധാകൃഷ്ണൻ എന്ന എഡിറ്ററുടെ കരവിരുതും എടുത്തുപറയണം. കൈലാസ് മേനോന്റെ സംഗീതവും ജെയ്ക്സ് ബിജോയിയുടെ പശ്ചാത്തലസംഗീതവും കഥയുടെ ഗൗരവം നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. പ്രശാന്ത് രവീന്ദ്രന്റെ ഛായാഗ്രഹണവും മികച്ചുനിന്നു. സാമൂഹിക പ്രസക്തിയുള്ള കഥയെ അതിന്റെ ഗംഭീര മേക്കിങ് കൊണ്ട് ഒരു പൂർണ സിനിമ ആക്കി മാറ്റാൻ കഴിഞ്ഞു എന്നതിൽ 'കൊത്തി'ന്റെ അണിയറ പ്രവർത്തകർക്കും അഭിമാനിക്കാം.
ജീവനെടുക്കുന്നതല്ല യഥാർഥ രാഷ്ട്രീയ പ്രവർത്തനം. ഒരു ജീവൻ ഇല്ലാതാക്കിയാൽ അതുകൊണ്ട് എന്ത് വിപ്ലവമാണ് നാടിനുണ്ടാവുകയെന്ന ചോദ്യം ചിത്രം ഉയർത്തുമ്പോൾ, ഒപ്പം ഒരു കുടുംബം കൂടി ഇല്ലാതാവുന്നുണ്ടെന്ന കാര്യം കൂടി ഓർമിപ്പിക്കുന്നു. കൊത്തിൽ പറയുന്ന രാഷ്ട്രീയ അന്തരീക്ഷം നമുക്ക് പരിചിതമാണ്. പലപ്പോഴും നാം പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾക്കു ഒരു ദൃശ്യഭാഷ്യം ചമച്ചിരിക്കുകയാണ് ഈ സിനിമ. കണ്ണൂരിന്റെ പശ്ചാത്തലത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ കേരളത്തിന്റെ മുഴുവൻ രാഷ്ട്രീയം ഒരു പ്രദേശത്തെ അടിസ്ഥാനമാക്കി പറഞ്ഞിരിക്കുന്ന ചിത്രമാണ് കൊത്ത്. അക്രമ രാഷ്ട്രീയത്തിന് എതിരായുള്ള ഒരു സന്ദേശം പങ്കുവയ്ക്കുന്ന ഈ ചിത്രം കാലിക പ്രസക്തമാണ് എന്നുറപ്പിച്ചു പറയാം. രാഷ്ട്രീയ കൊലപാതകങ്ങളും അക്രമ രാഷ്ട്രീയവുമൊക്കെ കണ്ടു പഴകിയ മലയാളികൾക്ക് ഈ ചിത്രം വളരെ നന്നായി മനസ്സിലാക്കാൻ കഴിയുമെന്നതിൽ ഒരു സംശയവുമില്ല. കലുഷിതമായ രാഷ്ടീയ സാഹചര്യങ്ങളിലൂടെ ഒരിക്കലും വികസനമോ സ്വസ്ഥതയോ ലഭിക്കുകയില്ല എന്ന കാര്യം ഒരിക്കൽ കൂടി അടിവരയിട്ടു പറയുകയാണ് കൊത്ത്.
English Summary: Kotthu 2022 Malayalam Movie Review by Manorama Online. Kotthu is a drama film directed by Siby Malayil. The film stars Asif Ali in lead role.