ADVERTISEMENT

അമിത പ്രതീക്ഷകളുടെ ഭാരമേതുമില്ലാതെ കാണാവുന്ന ഒരു കൊച്ചുചിത്രം. അതാണ് വിശുദ്ധ മെജോ. സൗഹൃദത്തിനും പ്രണയത്തിനുമിടയിലുള്ള അതിർവരമ്പിലൂടെയാണ് ചിത്രത്തിന്റെ സഞ്ചാരം. ഡിനോയ് പൗലോസ് കഥ-തിരക്കഥ-സംഭാഷണമൊരുക്കി നായകനാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കിരൺ ആന്റണിയാണ്. വിനോദ് ഷൊര്‍ണൂര്‍, ജോമോന്‍ ടി. ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് നിർമിച്ച ചിത്രത്തിന്റെ ഛായാഗ്രഹണവും ജോമോന്‍ ടി. ജോണാണ്.

 

വായിൽ കയ്യിട്ടാൽപോലും കടിക്കാത്ത പാവത്താനാണ് മെജോ. നാട്ടിൽ ചെറിയ ജോലി. അധികം കൂട്ടുകെട്ടുകളില്ലാത്ത വിരസമായ ജീവിതം. അതിനിടെ അയാളുടെ ബാല്യകാല സുഹൃത്തായ ജീന ചെന്നൈയിലെ പഠനശേഷം ഗ്രാമത്തിലേക്ക് തിരിച്ചെത്തുന്നു. അയാളുടെ വിരസമായ ജീവിതത്തിൽ ജീനയുടെ മടങ്ങിവരവ് പുത്തൻപ്രതീക്ഷകൾ നിറയ്ക്കുന്നു. നഗരജീവിതം ജീനയെ സ്മാർട്ടും സ്വയംപര്യാപ്തയുമാക്കിയിരുന്നു. അന്തർമുഖനായ തന്റെ ബാല്യകാല സുഹൃത്തിനെ കൂട്ടുകെട്ടിലൂടെ സ്മാർട്ടാക്കാൻ ജീന ശ്രമിക്കുന്നു. അതിനിടയിൽ മെജോയ്ക്ക് അയാൾ  പണ്ടുമുതൽ ജീനയോട് ഒളിപ്പിച്ചുവച്ച പ്രേമം വീണ്ടും മുളപൊട്ടുന്നു. അയാളുടെ വൺസൈഡ് പ്രേമം വിജയിക്കുമോ? അയാളെ ഉഷാറാക്കാൻ ജീനയ്ക്ക് കഴിയുമോ? ഇതിന്റെ ഉത്തരമാണ് വിശുദ്ധ മെജോ എന്ന ചിത്രം.

 

ഡിനോയ് പൗലോസ്, ലിജോമോൾ, മാത്യു തോമസ്, ആർജെ മുരുഗൻ, ബൈജു എഴുപുന്ന എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങൾ. അന്തർമുഖനായ, ചെറിയ കാര്യങ്ങളിൽ പോലും അസ്വസ്ഥനാകുന്ന, സ്വത്വപ്രതിസന്ധി നേരിടുന്ന മെജോയെ ഡിനോയ് ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. നമ്മുടെ നാട്ടിൻപുറങ്ങളിലൊക്കെ ഇതുപോലെയുള്ള ചെറുപ്പക്കാരെ നാം കണ്ടുമുട്ടിയിട്ടുണ്ടാകും.

 

നായകനെക്കാൾ ചിത്രത്തെ മുന്നോട്ടുനയിക്കുന്നത് ലിജോമോളുടെ ജീനയാണ്. ജയ്‌ ഭീമിലെ മാസ്മരിക പ്രകടനത്തിനു ശേഷമുള്ള ലിജോയുടെ തിയറ്റർ റിലീസ് ചിത്രം കൂടിയാണിത്. നഗരജീവിതത്തിലൂടെ ലഭിച്ച ആത്മവിശ്വാസവും തുറന്ന സമീപനവുമുള്ള ജീനയെ ലിജോ മികച്ചതാക്കി. നായകന്റെ എർത്തായി ഉടനീളമുള്ള ഫ്രീക്കൻ ആംബ്രോസിനെ അവതരിപ്പിച്ച മാത്യുവാണ് ചിത്രത്തെ കോമഡികളിലൂടെ സജീവമാക്കി നിലനിർത്തുന്നത്.

 

പ്രേക്ഷകന്റെ വീക്ഷണകോണിൽ, പ്രത്യേകിച്ച് പുതുമകളൊന്നുമില്ലാത്ത, ആവർത്തനവിരസം എന്നു തോന്നാവുന്ന ലഘുവായ കഥയാണ് ചിത്രം പറയുന്നത്. ആദ്യപകുതി വലിയ തട്ടുകേടുകളില്ലാതെ പിന്നിടുമ്പോൾ രണ്ടാംപകുതിയിൽ കാര്യമായൊന്നും സംഭവിക്കാനില്ലാതെ ചിത്രം മുന്നോട്ടുപോകുന്നു. ഒടുവിൽ വലിയ വഴിത്തിരിവുകളില്ലാതെ ചിത്രം പര്യവസാനിക്കുന്നു. മിക്ക പ്രണയസിനിമകളിലും പതിവുള്ള ക്ളീഷേ രംഗങ്ങളും ചിത്രത്തിലുണ്ട്.

 

സാങ്കേതികവശങ്ങളിൽ മികവു പുലർത്തുന്നത് ജോമോൻ ടി. ജോണിന്റെ ഛായാഗ്രഹണവും ജസ്റ്റിൻ വർഗീസിന്റെ സംഗീതവുമാണ്. ചിത്രത്തെ വിരസതയിൽനിന്ന് കരകയറ്റുന്നതിൽ ഗാനങ്ങൾ നല്ലൊരു പങ്കുവഹിക്കുന്നുണ്ട്.

 

വാൽക്കഷ്ണം: കോവിഡ് കാലത്തിനുശേഷം ഒടിടി- മിനിസ്ക്രീൻ എന്നിങ്ങനെ ചിത്രങ്ങൾക്ക് തരംതിരിവുണ്ടായത് ലഘുസ്വഭാവമുള്ള സിനിമകളുടെ വേലിയേറ്റത്തിനും കാരണമായിട്ടുണ്ട്. പ്രേക്ഷകരും സിലക്ടീവായി മാറിയതോടെ തിയറ്ററുകളിൽ ആളുകുറയുന്നു എന്ന പരാതിയുമുണ്ട്. ഒടിടിക്ക് യോജിച്ച ചിത്രങ്ങൾ അതിൽത്തന്നെ റിലീസ് ചെയ്യുന്നതല്ലേ ഉചിതം.

 

English Summary: Visudha Mejo Malayalam Movie Review by Manorama Online. Visudha Mejo is a drama film written and directed by Kiran Antony. The film stars Dinoy Paulose in lead role.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com