നിഗൂഢതയുടെ മുഖാവരണമഴിയുമ്പോൾ...: കാഴ്ചശീലങ്ങളെ നടുക്കുന്ന റോഷാക്ക്; റിവ്യു
Mail This Article
ഒരു രാത്രി പൊലീസ് സ്റ്റേഷനിലേക്ക് ലൂക്ക് ആന്റണി എന്ന വ്യക്തി കടന്നു വരുന്നു. താൻ വന്ന കാർ അപകടത്തിൽ പെട്ടെന്നും ഭാര്യയെ കാണാനില്ലെന്നും പൊലീസ് ഇൻസ്പെക്ടറോട് പറയുന്നു. റോഷാക്ക് സിനിമയുമായി ബന്ധപ്പെട്ട അഭിമുഖങ്ങൾക്കിടയില്‍ മമ്മൂട്ടി പറഞ്ഞ ഈ കഥാസന്ദർഭത്തിൽ നിന്നാണ് സിനിമയുടെ തുടക്കം. ഭാര്യയ്ക്കൊപ്പം കേരളത്തിൽ അവധിക്കു വന്നതാണ് എൻആർഐ ആയ ലൂക്ക് ആന്റണി. കാടിനോടു ചേര്‍ന്നുളള മലയിലേക്കുള്ള യാത്രയ്ക്കിടെ വിടെയോ വച്ച് കാർ അപകടത്തിൽപെടുന്നു. അബോധാവസ്ഥയിലായ ലൂക്ക് കണ്ണു തുറക്കുമ്പോൾ ഭാര്യയെ കാണുന്നില്ല. പൊലീസുകാരും നാട്ടുകാരും ചേർന്ന് അവിടെ മുഴുവൻ അരിച്ചുപെറുക്കിയെങ്കിലും അവരെ കണ്ടെത്താനായില്ല. കുറച്ചു ദിവസങ്ങൾ കൂടി ലൂക്കിനൊപ്പം ആളുകൾ അന്വേഷിക്കാൻ കൂടി. പിന്നീട് പതിയെ എല്ലാവരും പ്രതീക്ഷ കൈവിട്ടു. എന്നാൽ ലൂക്കിന് ആ അന്വേഷണം അവസാനിപ്പിക്കാൻ കഴിയുന്നില്ല. ദിവസങ്ങൾ മാസങ്ങളായിട്ടും ലൂക്ക് അവിടം വിടാൻ ഒരുക്കമായിരുന്നില്ല. ഭാര്യയുടെ അവസാന ഓർമകൾ നിൽക്കുന്നതുകൊണ്ടാണോ അയാൾ അവിടെ തുടരുന്നത് ? അല്ലെങ്കിൽ നാട്ടുകാരനായ സതീശൻ പറയുന്നതുപോലെ ‘ഇയാൾ ഈ പട്ടിക്കാട്ടിൽ വന്നത്’ േവറെന്തെങ്കിലും ഉദ്ദേശ്യത്തിലാണോ?
അതുവരെ കണ്ട രീതിയിലല്ല സിനിമ പിന്നീടു നീങ്ങുന്നത്. സസ്പെൻസുകൾ പൊളിച്ചുള്ള കഥ പറച്ചിലും മലയാളത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത ആഖ്യാനശൈലിയുമായി റോഷാക്ക് പ്രേക്ഷകനെ കീഴടക്കും. പറഞ്ഞുവരുമ്പോൾ പഴയൊരു പ്രതികാര കഥയാണെങ്കിലും പറയുന്ന രീതി പുതുപുത്തനാണ്. കൊറിയൻ ഡ്രാമകളിലും ഹോളിവുഡ് സ്ലോ പേസ് ത്രില്ലറുകളിലുമൊക്ക കണ്ടിട്ടുള്ള തരം ഇന്റൻസ് രംഗങ്ങൾ പ്രേക്ഷകനെ അസ്വസ്ഥനാക്കും. സൈക്കളോജിക്കൽ റിവഞ്ച് ത്രില്ലറെന്നോ പാരാനോർമൽ സൂപ്പർ നാച്ചുറൽ ത്രില്ലറെന്നോ ഒക്കെ ഈ ചിത്രത്തെ വിശേഷിപ്പിക്കാം.
സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ ദുരൂഹതയാണ്. കഥാപാത്രങ്ങൾ കടന്നുപോകുന്നത് അതിസങ്കീർണമായ അവസ്ഥയിലൂടെയും മനോവ്യാപാരത്തിലൂടെയുമായതിനാൽ ആ തീവ്രത പ്രേക്ഷകനിലും പ്രതിഫലിക്കും. മലയാളത്തിലെന്നല്ല ഇന്ത്യൻ സിനിമയിൽ പോലും ഒരു സൂപ്പർതാരം ചെയ്യാൻ മടിക്കുന്ന രംഗം ഈ സിനിമയിൽ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. പേടി തോന്നും വിധത്തിലുള്ള അപരിചിതത്വം നിറഞ്ഞ ലൂക്ക് ആന്റണിയായി പുതിയൊരു മമ്മൂട്ടിയെ റോഷാക്കിൽ കാണാം.
മാറി സഞ്ചരിക്കുന്ന അവതരണരീതിയും പരിചിതമെങ്കിലും അപരിചിതത്വം തോന്നുന്ന കഥാപാത്രങ്ങളും കഥാ പരിസരവുമാണ് റോഷാക്കിന്റേത്. പ്രേക്ഷകരിൽ ഭയം ജനിപ്പിക്കുന്ന അഭിനയമാണ് ബിന്ദു പണിക്കര്‍ കാഴ്ചവയ്ക്കുന്നത്. ജഗദീഷുമായുള്ള കോംബിനേഷൻ സീനിൽ ബിന്ദു പണിക്കരുടെ ഡയലോഗും അഭിനയവും അപാരമെന്നു പറയാം. സുജാത എന്ന കഥാപാത്രമായി എത്തുന്ന ഗ്രേസ് ആന്റണിയുടെ പ്രകടനം എടുത്തുപറയേണ്ടതാണ്. മമ്മൂട്ടിക്കൊപ്പമുള്ള തീവ്രവൈകാരിക സന്ദർഭങ്ങളിൽ ഗ്രേസ് മികച്ചു നിന്നു. സഞ്ജു ശിവറാം, ജഗദീഷ്, ഷറഫുദ്ദീൻ, മണി ഷൊര്‍ണൂർ, കോട്ടയം നസീർ ഇവരെല്ലാം ഇതുവരെ ചെയ്യാത്ത തരത്തിലുള്ള കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. റിയാസ്, ശ്രീജ രവി, കീരിക്കാടൻ ജോസ്, ഗീതി സംഗീത, ജിലു ജോസഫ്, ജോർഡി പൂഞ്ഞാർ, സീനത്ത് എന്നിവരാണ് മറ്റു താരങ്ങൾ. മമ്മൂട്ടിയുടെ സന്തത സഹചാരിയായ ജോർജും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്.
അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് എന്നീ ചിത്രങ്ങളുടെ രചന നിർവഹിച്ച സമീർ അബിൻ ആദ്യ രണ്ട് സിനിമകളിലും ഫാന്റസിയാണ് കൈകാര്യം ചെയ്തതെങ്കിൽ ഇൗ സിനിമയിൽ അൽപം സൂപ്പർനാച്ചുറൽ എലമെന്റ്സും ചേർത്താണ് രചന നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിലെ മിസ്റ്ററി മൂഡ് നിലനിർത്താൻ മിഥുൻ മുകുന്ദന്റെ പശ്ചാത്തല സംഗീതം വഹിച്ച പങ്ക് ചില്ലറയല്ല. സൗണ്ട് ഡിസൈനിങ്ങും ഗംഭീരം. നിമിഷ് രവിയുടെ ഛായാഗ്രഹണവും എടുത്തുപറയേണ്ടതാണ്. കിരൺ ദാസിന്റെ എഡിറ്റിങ്ങും മനോഹരം.
പതിഞ്ഞ താളത്തിൽ പറഞ്ഞു പോകുന്ന ആഖ്യാനം. ഓരോ ഫ്രെയ്മിലും കൊണ്ടുവരുന്ന വിഷ്വൽ ട്രീറ്റ്മെന്റ്. കഥയുടെ സ്വഭാവത്തോട് ചേർന്നുനിൽക്കുന്ന ലൊക്കേഷനുകൾ. സംവിധായകനായ നിസാം ബഷീർ വലിയ കയ്യടി അർഹിക്കുന്നു. സംവിധാനത്തിൽ അങ്ങേയറ്റത്തെ സൂക്ഷ്മത അദ്ദേഹം കാത്തു സൂക്ഷിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഒരു ചിത്രം നിർമിക്കാൻ ധൈര്യം കാണിച്ച മമ്മൂട്ടി എന്ന നിർമാതാവിനും അഭിനന്ദനം. പരീക്ഷണ സ്വഭാവമുള്ള ആഖ്യാനത്തിനൊപ്പം സാങ്കേതിക മികവും തികവുറ്റ മേക്കിങ്ങും ചേരുന്ന റോഷാക്ക് സമകാല മലയാള സിനിമയുടെ വേറിട്ടൊരു മുഖമാണ് അവതരിപ്പിക്കുന്നത്.
കേട്ടു പരിചയിച്ച കഥയാണ് പറയുന്നതെങ്കിലും കണ്ടു ശീലിച്ച കാഴ്ചകളല്ല റോഷാക്കിലുള്ളത്. മമ്മൂട്ടി മുതൽ സംവിധാനവും രചനയും സംഗീതവും വരെ പുതുമ നിറഞ്ഞത്. പല ത്രില്ലർ ചിത്രങ്ങളും ട്വിസ്റ്റുകളിലേക്ക് യാത്ര ചെയ്യുമ്പോൾ റോഷാക്ക് ട്വിസ്റ്റുകളിൽ നിന്നാണ് യാത്ര തുടങ്ങുന്നതുതന്നെ. മാറുന്ന ചലച്ചിത്രാസ്വാദന കാലത്ത് മാറ്റങ്ങളുടെ തമ്പുരാനായ മമ്മൂട്ടി നമുക്കായി ഒരുക്കുന്ന ഇൗ ചലച്ചിത്രാനുഭവം തിയറ്ററിൽ തന്നെ ആസ്വദിച്ചറിയണം.