ശക്തമായ രാഷ്ട്രീയം, വഴുതിവീഴാതെ വരാൽ –റിവ്യു
Mail This Article
കുറ്റകൃത്യങ്ങൾ ഒന്നും പെട്ടെന്ന് ഒരു ദിവസം യാദൃശ്ചികമായി സംഭവിക്കുന്നതല്ല. അതിനു പിന്നിൽ കുറെയധികം കൈകൾ ഉണ്ടാവും ചിലപ്പോൾ വലിയൊരു നെറ്റ്‌വർക്ക് തന്നെ ഉണ്ടാവും. കോർപ്പറേറ്റുകളും ഭരണകൂടങ്ങളും അണിനിരക്കുന്ന അവസാനം ഇല്ലാത്ത കുറെയധികം കളികളുടെ ഫലമാണ് ഇന്നത്തെ രാഷ്ട്രീയം എന്ന് പറയുകയാണ് കണ്ണൻ സംവിധാനം ചെയ്ത വരാൽ എന്ന പുതിയ ചിത്രം.
ഹീറോയുമല്ല, വില്ലനുമല്ല വഴുതിപോകുന്ന ഒരു 'വരാൽ' ആണ് ഡേവിഡ് ജോൺ മേടയിൽ. കേരള രാഷ്ട്രീയത്തെ ഞെട്ടിക്കുന്ന ഒരു തിരഞ്ഞെടുപ്പ് നടക്കാനിരിക്കുമ്പോൾ അതിലേക്കുള്ള മുഖ്യമന്ത്രിയെ ഹൈകമാൻ്റ് നിർദ്ദേശിക്കുന്നു. പാർട്ടിയിലെ തന്നെ മുതിർന്ന നേതാക്കൾ ഇരിക്കവേ ഡേവിഡ് ജോൺമേടയിലിനെ മുഖ്യമന്ത്രി പദത്തിലേക്ക് നിർദേശിക്കുമ്പോൾ പാർട്ടിക്കുള്ളിൽ പലതരം അസ്വാരസ്യങ്ങൾ ഉടലെടുക്കുന്നു. പതിവിൽ നിന്നും വ്യതിചലിച്ച്, യുവരക്തത്തെ കളത്തിലിറക്കി, കൈവിട്ട അധികാരം തിരികെപ്പിടിക്കാൻ എതിർചേരിയിൽ നിന്നും കച്ചകൾ ഒരുങ്ങുമ്പോൾ എന്താണ് അവിടെ സംഭവിക്കുന്നത് എന്നും ചിത്രം പറയുന്നുണ്ട്. പിന്നീട് ഒരു ഹണി ട്രാപ്പിലൂടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കുടുക്കുമ്പോൾ അതിനു പിന്നിൽ ആരാണ് എന്ന് ചോദ്യമാണ് ചിത്രത്തിൻ്റെ ആദ്യപാദിയിൽ പറയുന്നത്. നിയുക്ത മുഖ്യമന്ത്രി സ്ഥാനാർത്ഥി അതിൽ നിന്ന് എങ്ങനെയാണ് രക്ഷപ്പെടുന്നത് എന്നും അയാളുടെ കുടുംബം അയാളെ എങ്ങനെയാണ് സപ്പോർട്ട് ചെയ്യുന്നത് എന്നും ഒക്കെ ആണ് രണ്ടാം പാതിയിൽ പറയുന്നത്. ശമ്പളം കിട്ടാത്ത ശംഭുവിനെപ്പോലെയാണ് പാർട്ടിക്കുള്ളിൽ ചിലർ പെരുമാറുന്നത് എന്ന് മുതിർന്ന നേതാക്കൾ തന്നെ വിളിച്ചു പറയുമ്പോൾ അവർക്കിടയിലെ പ്രശ്നങ്ങൾ രാഷ്ട്രീയത്തിലും കുരുക്കുകൾ സൃഷ്ടിക്കുമെന്ന് അവർ ചിന്തിക്കുന്നില്ല. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഭരണത്തുടർച്ച ഉണ്ടാവുമോ അതിനിടയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമോ എന്നൊക്കെ ചിത്രം സംസാരിക്കുന്നുണ്ട്. പതിവ് രാഷ്ട്രീയക്കാരുടെ വേഷത്തെയും ചിത്രം വിമർശിക്കുന്നുണ്ട്. വേഷത്തിനുള്ളിൽ ഇരിക്കുന്ന കറുത്ത ഹൃദയത്തെക്കാൾ എത്രയോ നല്ലതാണ് കറുത്ത വേഷത്തിലുള്ള വെളുത്ത ഹൃദയം എന്ന് അയാൾ പറയുന്നുണ്ട്. രാഷ്ട്രീയത്തിലെ സ്ത്രീ സാന്നിധ്യം ഇല്ലായ്മയും ചിത്രത്തിൽ ചൂണ്ടിക്കാണിക്കുന്നു. ശക്തമായ ഒരു രാഷ്ട്രീയ നിരീക്ഷണമാണ് 'വരാൽ' എന്നും പറയാം. കേരള രാഷ്ട്രീയത്തിന്റെ ഒരു ചെറുപതിപ്പാണ് സിനിമയെന്ന് പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല. ജീവിച്ചിരിക്കുന്ന പലരുമായും സാദൃശ്യം ഉണ്ടെന്ന് തോന്നുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
അച്യുതമേനോൻ ആയി പ്രകാശ് രാജ് തിളങ്ങുമ്പോൾ ഒപ്പം സുരേഷ് കൃഷ്ണ, രൺജി പണിക്കർ, സണ്ണി വെയ്ൻ, സെന്തിൽ കൃഷ്ണ രാജാമണി, നിത പ്രോമി എന്നിവരുടെ വേഷങ്ങളും ശ്രദ്ധിക്കപ്പെടുന്നു.
രാഷ്ട്രീയ ചിത്രമായ ലൂസിഫറിലെ പല ഘടകങ്ങളും ഓർമ്മപ്പെടുത്തുന്നതാണ് 'വരാലിന്റെ' മേക്കിങ്. എഡിറ്റിംഗ് ടേബിളിലെ മികവും ചിത്രത്തില് പ്രകടമാണ്. കഥയുടെ ഗൗരവത്തെ പിന്താങ്ങുന്ന പശ്ചാത്തല സംഗീതമാണ് ഗോപി സുന്ദർ ഒരുക്കിയിട്ടുള്ളത്. മനോഹരമായ ഗാനങ്ങൾ കൊണ്ടും സമ്പന്നമാണ് ഈ ചിത്രം.
കണ്ടു പഴകിയ പല മുഖങ്ങളുടെയും സാഹചര്യങ്ങളുടെയും രാഷ്ട്രീയ നാടകങ്ങളുടെയും ബിഗ് സ്ക്രീൻ പുനരവതരണം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുമ്പോൾ കയ്യടക്കമുള്ള ഒരു തിരക്കഥ കൂടി അതിനോട് ചേരുകയാണ്. യഥാർത്ഥ സംഭവങ്ങളെ സെല്ലുലോയിഡിലേക്ക് കൊണ്ട് വരുമ്പോൾ കാണിക്കുന്ന ക്ളീഷേ കോമ്പ്രമൈസുകളോ വെള്ള പൂശലുകളോ ഒന്നും തന്നെയില്ല എന്നു പറയാം. കഥാനായകൻ ഉൾപ്പെടെ ആരും അത്ര നിഷ്കളങ്കരല്ല എന്ന് തുടക്കത്തിലേ പ്രസ്താവിച്ച ചിത്രത്തിന്റെ ഫ്രയിമുകൾ ഇവരുടെ സ്വഭാവത്തെ നന്നായി പ്രൊജക്ട് ചെയ്യുന്നുമുണ്ട്.
രവിചന്ദ്രന്റെ ക്യാമറയാണ് പ്രേക്ഷകനെ ചിത്രത്തിലേക്ക് ആകർഷിക്കുന്ന മറ്റൊരു ഘടകം. പ്രേക്ഷകനെ ആകാംഷയുടെ മുൾമുനയിൽ നിർത്താൻ പരിചയസമ്പന്നനായ ഛായാഗ്രാഹകനായി.
ട്വിസ്റ്റോ ആക്ഷൻ രംഗങ്ങളോ ഇല്ലാത്ത ഒരു രാഷ്ട്രീയ ചിത്രമായാണ് വരാൽ ഒരുക്കിയിരിക്കുന്നത്. അനൂപ് മേനോൻ്റെ മികച്ച തിരക്കഥ സിനിമയെ മുന്നോട്ടു കൊണ്ടുപോകുന്നതിൽ ഒരു നല്ല പങ്ക് വഹിക്കുന്നു. വളരെ സാവധാനം കഥ പറഞ്ഞു പോകുന്ന, ഒപ്പം ഒരു മിസ്റ്ററി മൂഡ് സമ്മാനിച്ച് കൊണ്ട് പ്രേക്ഷകനെ പിടിച്ചിരുത്തുന്നതുമായ ഒരു വ്യത്യസ്ത സിനിമാനുഭവമാണ് വരാൽ.