ലൈസൻസ് ടു ത്രിൽ; മോൺസ്റ്റർ റിവ്യു
Mail This Article
അനിലും ഭാമിനിയും മകൾ കുഞ്ഞാറ്റയും അടങ്ങുന്ന ‘സന്തുഷ്ടമായ’ വീട്ടിലേക്ക് ഒരുദിവസം സാഹചര്യവശാൽ ഒരു സിങ് അതിഥിയായി (വലിഞ്ഞുകയറി) വരുന്നു. ആദ്യം ഇഷ്ടക്കേടുണ്ടായെങ്കിലും പിന്നീട് അയാളുടെ സാന്നിധ്യം അവർ ഇഷ്ടപ്പെട്ടുതുടങ്ങുന്ന നിമിഷം, കഥയുടെ ട്രാക്ക് മാറുന്നു. കാണുന്നതെല്ലാം സത്യമാകണമെന്നില്ല എന്ന് പ്രേക്ഷകൻ തിരിച്ചറിയുന്നു. സത്യത്തിൽ ആരാണ് ലക്കി സിങ്? അയാൾക്ക് മറ്റെന്തെങ്കിലും ഗൂഢോദ്ദേശ്യമുണ്ടോ?...
ഫീൽ ഗുഡ് തീമിൽ പോകുന്ന ആദ്യപകുതി, ത്രില്ലർ ട്രാക്കിലേക്ക് ഗിയർ മാറ്റുന്ന ഇടവേള, ഇനിയെന്ത് എന്ന ചങ്കിടിപ്പ് കൂട്ടുന്ന പ്രവചനാതീതമായ രണ്ടാംപകുതി, അമ്പരപ്പിക്കുന്ന ട്വിസ്റ്റുകളുമായി ക്ലൈമാക്സ്!... ഇതാണ് മോൺസ്റ്റർ എന്ന സിനിമ.
ബ്ലോക്ബസ്റ്റർ പുലിമുരുകനു ശേഷം ഹിറ്റ് മേക്കർ വൈശാഖും ഉദയകൃഷ്ണയും മോഹൻലാലും ഒരുമിക്കുമ്പോൾ വീണ്ടും പ്രേക്ഷകരുടെ പൾസറിഞ്ഞ ഒരു മാസ് ലാൽ സിനിമയാണ് യാഥാർഥ്യമായിരിക്കുന്നത്. ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലറായ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് മറ്റൊന്നാണ്. അതാദ്യമേ പറയാം. കമേഴ്‌സ്യൽ മലയാളസിനിമാസംവിധായകർ തൊടാൻ മടിച്ച ഒരു വിഷയത്തെ അതിന്റെ തീവ്രതയിൽ ആവിഷ്കരിച്ചിരിക്കുകയാണ് രണ്ടാംപകുതിയിൽ. ഒരുപക്ഷേ അടുത്തിടെയൊന്നും മലയാളസിനിമയിൽ ഇത്ര ചടുലമായി, ഇത്രയും ദൈർഘ്യത്തിൽ ഒരു സസ്പെൻസ് റിവീലിങ് സീൻ വന്നിട്ടുണ്ടാവില്ല. എണ്ണം പറഞ്ഞ ചില മുഹൂർത്തങ്ങൾ, അതിന് ഹരം പകരുന്ന ദീപക് ദേവിന്റെ ചടുലമായ സംഗീതം. സ്പോയിലർ ആകുമെന്നതിനാൽ അതിലേക്ക് കടക്കുന്നില്ല. ഒരുപക്ഷേ ചിത്രത്തിന് അധികം പ്രൊമോഷനുകളോ ഇന്റർവ്യൂകളോ നൽകാതിരുന്നതും പ്രേക്ഷകന് തിയറ്ററിൽ ലഭിക്കുന്ന ഈ സസ്പെൻസ് കിക്ക് നിലനിർത്താനായിരിക്കും.
വൈശാഖിന്‍റെ സംവിധായക മികവിനോടൊപ്പം ഉദയകൃഷ്ണയുടെ ബ്രില്യന്‍റ് സ്ക്രിപ്റ്റും സിനിമയുടെ പ്ലസാണ്. ഒരു കമേഴ്‌സ്യൽ മാസ് സിനിമയ്ക്ക് വേണ്ട ചേരുവകളെല്ലാം സിനിമയിലുണ്ട്. എന്നാൽ ഇതുവരെ മലയാളത്തിൽ അധികം ചര്‍ച്ച ചെയ്യാത്ത ചിന്തയാണ് മോൺസ്റ്ററിനെ വേറിട്ടു നിർത്തുന്നത്.. മോഹൻലാലിനോടൊപ്പം ഹണി റോസും പ്രധാനവേഷം കൈകാര്യം ചെയ്തിരിക്കുന്നു. ലക്ഷ്മി മഞ്ജു, സിദ്ദീഖ്, ഗണേഷ് കുമാര്‍, സുദേവ് നായർ, ലെന, ജോണി ആന്റണി, കോട്ടയം രമേശ്, കൈലാഷ്, ഇടവേള ബാബു, സാധിക വേണുഗോപാൽ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.
ദുരൂഹമായ അടരുകളുള്ള സര്‍ദാര്‍ വേഷം മോഹൻലാൽ അവിസ്മരണീയമാക്കുന്നു. തലയിൽ ടർബനണിഞ്ഞുള്ള വേറിട്ട വേഷപ്പകർച്ചയിലൂടെയും കണ്ണിൽ മിന്നിമായുന്ന കുസൃതികളിലൂടെയും മോഹൻലാൽ ആദ്യപകുതിയിൽ പ്രേക്ഷകരെ കയ്യിലെടുക്കുന്നു.
ചിത്രത്തിലെ വില്ലൻ വേഷങ്ങൾ കൈകാര്യം ചെയ്തവരെ കുറിച്ചും പറയാതിരിക്കാനാകില്ല. ഇത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കാൻ ആ അഭിനേതാക്കൾ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കാതിരിക്കാനാകില്ല. നാല് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതത്തിൽ ആദ്യമായാകും മോഹൻലാൽ എന്ന താരം ഇങ്ങനെയൊരു എതിരാളിയെ സിനിമയിൽ നേരിട്ടിട്ടുണ്ടാവുക. ഹണി റോസിന്‍റെ ഭാമിനി എന്ന കഥാപാത്രവും ശക്തമാണ്. നടി ലക്ഷ്മി മഞ്ജു മലയാളത്തിലെ അരങ്ങേറ്റം മോശമാക്കിയില്ല. മികച്ച സിനിമകൾ ലഭിച്ചാൽ കത്തിക്കയറാനുള്ള കനൽ ഉണ്ടെന്ന് ഹണിയെപ്പോലെ ലക്ഷ്മിയും തെളിയിച്ചിട്ടുണ്ട്. മറ്റ് അഭിനേതാക്കൾ എല്ലാം തങ്ങളുടെ വേഷങ്ങൾ മനോഹരമാക്കിയിട്ടുണ്ട്.
ചിത്രത്തിന്റെ സാങ്കേതിക മേഖലകൾ മികവ് പുലർത്തുന്നു. സംവിധായകന്റെ ചില ബ്രില്യൻസുകളും ചിത്രത്തിൽ കാണാം. പ്രേക്ഷകർ ലാഘവത്തോടെ വിടുന്ന ഓപ്പണിങ് ക്രെഡിറ്റ് സീനുകളിൽപ്പോലും സിനിമയുടെ സസ്പെൻസിലേക്ക് വഴിതെളിക്കുന്ന സൂചകങ്ങൾ നൽകിയിട്ടുണ്ട്. അതിനാൽ ആദ്യം മുതൽ ശ്രദ്ധിച്ച് സിനിമകാണുക.
ചിത്രത്തിൽ ഗാനങ്ങൾക്ക് വളരെ പ്രാധാന്യമുണ്ട്. കഥയുടെ സാരം ചുരുളഴിയുന്നതുപോലും ഒരു ഗാനത്തിന്റെ അകമ്പടിയോടെയാണ്. ദീപക് ദേവ് ഈണമേകിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും സതീഷ് കുറുപ്പിന്‍റെ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദിന്‍റെ എഡിറ്റിങ്ങും സ്റ്റണ്ട് സിൽവയുടെ സംഘട്ടനവും ചിത്രത്തെ കൂടുതൽ ആസ്വാദ്യകരമാക്കി.
ചുരുക്കത്തിൽ, കൊച്ചിയിൽ ഫ്ലാറ്റ് വിൽക്കാനെത്തിയ ലക്കി സിങ് മടങ്ങുന്നത് പ്രേക്ഷകരുടെ നെഞ്ചിടിപ്പിന്റെ താളം ഉയർത്തിക്കൊണ്ടാണ്. തീര്‍ത്തും തിയറ്റർ മസ്റ്റ് വാച്ചാണ് ചിത്രം.