ADVERTISEMENT

‘‘നാട്ടിൽ അധികാരം വളർത്താൻ ഭയത്തേക്കാൾ വലുതായി മറ്റൊന്നില്ല..’’ ഭയം എന്ന വികാരം ഉപയോഗിച്ച് അടിച്ചുറപ്പിച്ച അന്ധവിശ്വാസങ്ങളുടെയും ദുരാചാരങ്ങളുടെയും മൂടുപടത്തിനുള്ളിൽ ജീവിക്കുന്ന ഒരു ജനതയുടെ കഥയാണ് കുമാരി. ആ പുകമറ വകഞ്ഞു നീക്കി പുറത്തേക്കു പോകാൻ മടിക്കുന്ന ഒരു കൂട്ടം ആളുകളുടെ കഥ കൂടിയാണിത്. ഇല്ലിക്കൽ ഗ്രാമത്തിന്റെ കഥ. ചാത്തനെയും മറുതയെയും കുടിയിരുത്തിയ ആ നാട്ടിലേക്ക് കുമാരി എന്ന പെൺകുട്ടി വരുന്നു. പിന്നീട് അവിടെ നടക്കുന്ന അസാധാരണമായ സംഭവങ്ങളാണ് ഈ ചിത്രം പറയുന്നത്.

മനോഹരമായ ഒരു മുത്തശ്ശിക്കഥയുടെ രൂപത്തിലാണ് കുമാരി എന്ന ചിത്രം ആരംഭിക്കുന്നത്. ഇല്ലിമല ചാത്തന്റെ ശാപം കിട്ടിയ നാടിന്റെ കഥ. ആ നാട് ഭരിക്കുന്ന കാഞ്ഞിരംകാട്ടുകാരുടെ കഥ. ഐതിഹ്യമാലയെ ഓർമിപ്പിക്കുന്ന തരത്തിൽ കഥ പറഞ്ഞു തുടങ്ങുമ്പോൾ, അതിൽ ഇല്ലിക്കൽ എന്ന ഗ്രാമവും അവിടുത്തെ നാട്ടുകാരെയും ആ നാട്ടുകാർ അനുഭവിച്ച ദുരന്തങ്ങളേയും എല്ലാം പ്രേക്ഷകരിലേക്ക് കൈമാറുകയാണ്. കാഞ്ഞിരംകാട്ടെ ഇളയതമ്പുരാൻ വേളി കഴിച്ചുകൊണ്ടുവരുന്നതാണ് കുമാരിയെ. സ്വന്തം വീട്ടിലും നാട്ടിലും പക്ഷിയെപ്പോലെ പാറിപ്പറന്നു നടന്നിരുന്ന അവൾ അവിടെ ഒറ്റപ്പെടുകയാണ്. ഒരു ഭ്രാന്തൻ തമ്പുരാനെ വേളി കഴിച്ചതിന്റെ പേരിൽ കുടുംബത്തിൽനിന്നു പോലും അവൾക്ക് ഒറ്റപ്പെടലുകൾ അനുഭവിക്കേണ്ടി വരുന്നു. എന്നാൽ ഏതൊരു ശിലയേയും അലിയിപ്പിക്കാനുള്ള മന്ത്രം അവൾക്ക് കൈവശമാണ് എന്നു തോന്നിപ്പിക്കുന്ന വിധത്തിൽ ആ ഭ്രാന്തൻ തമ്പുരാനെ അവൾ തന്നോടു ചേർത്തുനിർത്തുന്നു. വളരെ വൈകാതെ അവൾ അതുവരെ ആ നാട്ടിൽ കാണാത്ത ഒരു ലോകത്തേക്ക് എത്തിപ്പെടുന്നു. കാഞ്ഞിരംകാട്ട് തറവാട്ടിലെ രഹസ്യങ്ങൾ തിരിച്ചറിയുന്ന നിമിഷം മുതൽ കുമാരി തന്റെ സ്വത്വവും തിരിച്ചറിയുന്നു.

അടുത്ത തലമുറയ്ക്ക് വേണ്ടിക്കൂടിയാണ് നാം ജീവിക്കുന്നത് എന്ന സത്യത്തെ മറന്നു കൊണ്ട് മനുഷ്യൻ ജീവിക്കുമ്പോൾ അത് അവന്റെ തന്നെ നാശത്തിലേക്കു വഴി തെളിക്കുന്നു. അധികാരമോഹവും അഹങ്കാരവും കൊണ്ട് പലതും വെട്ടിപ്പിടിക്കാൻ കാടുകയറി ചെയ്യുന്ന പ്രവൃത്തികൾക്കുള്ള മറുപടി നൽകാൻ ഒരുപക്ഷേ ഒരു പുൽനാമ്പിനു പോലും സാധിക്കുമെന്ന് കുമാരി തെളിയിക്കുന്നു.

ഒരു കെട്ടുകഥയെ, പ്രത്യേകിച്ചും പഴയ കേരളത്തിന്റെ പശ്ചാത്തലത്തിൽ ഉറങ്ങിക്കിടക്കുന്ന ഒരു ഐതിഹ്യ കഥയെ വളരെ മനോഹരമായാണ് സംവിധായകൻ നിർമ്മൽ സഹദേവ് സ്ക്രീനിൽ അവതരിപ്പിച്ചിരിക്കുന്നത്. കുമാരിയായി ഐശ്വര്യ ലക്ഷ്മി അഭിനയ ജീവിതത്തിൽ ഒരുപടി കൂടി മുന്നോട്ടു വച്ചിരിക്കുകയാണ്. സ്ഫടികം ജോർജ് എന്ന കലാകാരന്റെ അഭിനയ സാധ്യതകൾ വളരെ നന്നായി ഈ ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട്. സുരഭി ലക്ഷ്മിയും ഷൈൻ ടോം ചാക്കോയും ഒന്നിനൊന്നു മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ച വച്ചിരിക്കുന്നത്. അധികാരമോഹം തലയ്ക്കുപിടിച്ച ഭ്രാന്തൻ തമ്പുരാനായി ഷൈൻ ടോം ചാക്കോ ചിത്രത്തിൽ ഉടനീളം ഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ജിജോ ജോൺ, തൻവി റാം, സ്വാസിക, രാഹുല്‍ മാധവ്, ശിവജിത്ത് നമ്പ്യാര്‍, ശ്രുതി മേനോൻ തുടങ്ങിയവർ അവരുടെ മികച്ച പ്രകടനവുമായി ഒപ്പത്തിനൊപ്പം നിൽക്കുന്നു.

ഗ്രാമീണ പശ്ചാത്തലത്തിൽ ഒരു മികച്ച തിയറ്ററിക്കൽ എക്സ്പീരിയൻസ് നൽകുന്ന ചിത്രമാണ് കുമാരി. വിഎഫ്എക്സിന്റെ സാധ്യതകൾ അതിഗംഭീരമായി ഉപയോഗപ്പെടുത്തിയിരിക്കുന്ന ചിത്രം ഫാന്റസിയുടെ മനോഹരമായ അനുഭവം സമ്മാനിക്കുന്നു.

കൈതപ്രം, ജ്യോതിഷ് കാശി, ജോപോൾ എന്നിവരുടെ വരികൾക്ക് ജേക്സ് ബിജോയ് ഒരുക്കിയിരിക്കുന്ന സംഗീതവും വളരെ മനോഹരമായിരിക്കുന്നു. രണ്ട് കാലഘട്ടത്തെ സിനിമയിലേക്ക് പകർത്തുമ്പോൾ അതിലെ വേഷവിധാനങ്ങൾക്കോ ചമയങ്ങൾക്കോ കോട്ടം തട്ടാത്ത തരത്തിലുള്ള സമീപനം എടുത്തതിന് ഒരു മികച്ച കയ്യടി തന്നെ നൽകാം. അതിനോടൊപ്പം തന്നെ ചേർന്ന് നിൽക്കുന്ന ഛായാഗ്രഹണവും കൂടി ആയപ്പോൾ ഒരു ഫാന്റസി കഥ സ്ക്രീനിൽ കാണുന്നതിന്റെ പൂർണത കൈവന്നതുപോലെ. കെട്ടുറപ്പുള്ള ഒരു തിരക്കഥയുടെ പിൻബലം, മനോഹരമായ ഗാന രംഗങ്ങൾ, അതിനു മിഴിവു കൂട്ടുന്ന പശ്ചാത്തലങ്ങൾ തുടങ്ങിയ പല ഘടകങ്ങൾ കൊണ്ടും കുമാരി മുന്നിട്ടുനിൽക്കുന്നു.

അതേ, കുമാരി ഒരു സങ്കൽപ്പിക ദേശത്തിന്റെ മാത്രം പ്രതീകമല്ല. ഓരോ വീടിന്റെയും ഓരോ നാടിന്റെയും പ്രതീകമാണ്. ഭരണാധികാരി ആണോ പെണ്ണോ എന്നുള്ളതല്ല, അവർക്ക് അതിനുള്ള കഴിവുണ്ടോ എന്നു കൂടി ചിന്തിക്കണമെന്ന് കുമാരി ഓർമിപ്പിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com