ADVERTISEMENT

നമ്മുക്കിടയിലൊക്കെ ഉണ്ടാകും ഒരു കിറുക്കൻ കൂട്ടുകാരൻ. അവന്റെ ആഗ്രഹവും സ്നേഹവും കരുതലുമൊക്കെ അൽപം കിറുക്കത്തരം നിറഞ്ഞതാകും. അങ്ങനെയൊരു കൂട്ടുകാരന്റെയും അവന്റെ ഏറ്റവും അടുത്ത ചങ്ങാതിമാരുടെയും സൗഹൃദത്തിന്റെ മനോഹരമായ ഒരു യാത്രയാണ് റോഷൻ ആൻഡ്രൂസിന്റെ സാറ്റര്‍ഡേ നൈറ്റ്.

 

സ്റ്റാൻലി, പൂച്ച സുനിൽ, അജിത് എബ്രഹാം, ജസ്റ്റിൻ... ഒന്നിച്ചു പഠിച്ച നാലു കൂട്ടുകാർ. ഒരു വാട്‌സ്ആപ്പ് വോയ്സ് ചാറ്റിലൂടെ വളരെ പെട്ടെന്ന് തന്നെ ഈ സുഹൃത്തുക്കൾക്കിടയിൽ ഉള്ള പ്രശ്നങ്ങൾ കാണിച്ചു കൊണ്ടാണ് ചിത്രത്തിന്റെ തുടക്കം. കൂട്ടത്തിൽ ആത്മാർഥത കൂടുതൽ സ്റ്റാൻലിക്കും സുനിലിനുമാണ്. അജിതും ജസ്റ്റിനും ആ സൗഹൃദത്തിന് വലിയ മൂല്യമൊന്നും കൊടുക്കുന്നില്ല. ചങ്ങാതിമാർക്കൊപ്പം എല്ലാം മറന്ന് ഉല്ലസിക്കണം എന്നതിൽ കഴിഞ്ഞ് സന്തോഷമുള്ള ഒന്നും സ്റ്റാൻലിയുടെ ജീവിതത്തിലുമില്ല. കക്ഷിക്ക് അൽപം കിറുക്കുണ്ടെന്നും പറയാം.

 

പ്രൈവറ്റ് ജെറ്റ് പൈലറ്റായ സ്റ്റാൻലി അവധിക്ക് എത്തുന്നതുതന്നെ, കൂട്ടുകാർക്കൊപ്പം മൂന്ന് ദിവസം അടിച്ചുപൊളിക്കണം എന്ന ആഗ്രഹത്തോടെയാണ്. എന്നാൽ പലവിധ കാരണങ്ങളാൽ സ്റ്റാൻലിയുടെ ആ സ്വപ്നം നടക്കാതെ പോവുന്നു. ചില പിണക്കങ്ങളുടെ പേരിൽ ആ ചങ്ങാതികൂട്ടം പിരിയുന്നു. എന്നാൽ പിണങ്ങി അകന്നുപോയവർ വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ടുമുട്ടുകയാണ്. അതിനു കാരണക്കാരനാകുന്നത് പൂച്ച സുനിലും. എന്നാൽ സുനിലിന്റെ ഉദ്ദേശ്യം മറ്റൊന്നായിരുന്നു. അത് തിരിച്ചറിയാതെയാണ് ദുബായിലുള്ള ജസ്റ്റിൻ നാട്ടിലെത്തുന്നത്. അവിടെ വച്ച് അജിത്തിനെയും ജസ്റ്റിൻ കൂടെ കൂട്ടുന്നു. അവർക്കിടയിലേക്ക് സ്റ്റാൻലി കൂടെ എത്തുന്നതോടെ ആ പഴയ സൗഹൃദം വീണ്ടും തളിർക്കുകയാണ്.

 

സ്റ്റാൻലിയായി നിവിൻ അഴിഞ്ഞാടുന്നു. അജുവിന്റെ പൂച്ച സുനിൽ എന്ന കഥാപാത്രവും പ്രേക്ഷകരുടെ ഇഷ്ടം കവരുന്ന കഥാപാത്രമാണ്. ഇടയ്ക്ക് പിണങ്ങിയും ഇണങ്ങിയും തിരിച്ചറിവുകളിലൂടെ കടന്നുപോകുന്ന അജിത്തിനെയും ജസ്റ്റിനിനെയും അവതരിപ്പിക്കുന്നത് സിജു വിത്സനും സൈജു കുറുപ്പുമാണ്. ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പൻ, വിജയ് മേനോൻ, പ്രതാപ് പോത്തൻ, ശാരി, മാളവിക ശ്രീനാഥ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

 

ദാമ്പത്യ ജീവിതത്തിലും ജോലിത്തിരക്കിലും പെട്ട് ജീവിതം വിരസമായി പോകുമ്പോൾ പലർക്കും നഷ്ടമാവുന്നത്സത്യസന്ധമായ സൗഹൃദബന്ധങ്ങളാണ്. നഷ്ടപ്പെട്ടുപോകുന്ന സൗഹൃദത്തിന്റെ അർഥയും ആഴവും എത്ര മനോഹരമാണെന്ന് ഈ ചിത്രത്തിലൂടെ സംവിധായകൻ കാണിച്ചുതരുന്നു. നർമരസമുള്ള ചില മുഹൂർത്തങ്ങളും പ്രേക്ഷകനെ പിടിച്ചിരുത്തുന്ന തരത്തിലുള്ള കഥാ സന്ദർഭങ്ങളും കോർത്തിണക്കിയ തിരക്കഥ. രസകരമായ കഥാസന്ദർഭങ്ങൾക്ക് റോഷൻ ആൻഡ്രൂസ് നൽകിയ മനോഹരമായ ദൃശ്യ ഭാഷ പ്രേക്ഷകരെ ആദ്യാവസാനം ചിത്രത്തോട് ചേർത്ത് നിർത്തി. 

 

അസ്‌ലം കെ. പുരയിൽ ആണ് ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഒരു കളർഫുൾ എന്റര്‍ടെയ്നറായി മാറ്റുന്നതിൽ അസ്‌ലത്തിന്റെ പങ്ക് വളരെ വലുതാണ്.ടി ശിവാനന്ദേശ്വരന്റെ എഡിറ്റിങും നീതിപുലർത്തി. ജേക്സ് ബിജോയ്‌യുടെ സംഗീതവും ചിത്രത്തിന്റെ വികാരത്തിനൊപ്പം ചേർന്നു നില്‍ക്കുന്നു.

 

സാറ്റര്‍ഡേ നൈറ്റ് ഒരാഘോഷമാണ്. മനസ്സിലെ ആശങ്കകളും ആകുലതകളുമൊക്കെ മാറ്റിവച്ച് ആസ്വദിക്കാൻ കഴിയുന്ന മനോഹരമായ ചിത്രം. സൗഹൃദം മനസ്സിൽ സൂക്ഷിക്കുന്നവർക്കും, നഷ്ടമായവർക്കും, വീണ്ടെടുക്കാൻ ആഗ്രഹിക്കുന്നവർക്കുമെല്ലാം ഈ ചിത്രം സമ്മാനിക്കുന്നത് പറഞ്ഞറിയിക്കാൻ സാധിക്കാത്ത അനുഭൂതിയായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com