ADVERTISEMENT

ബസ് യാത്രയ്ക്കിടെ അപ്രതീക്ഷിതമായാണ് അവർ കാണുന്നത്. അതും ആദ്യമായി. ടാക്കോ എന്ന വയോധികന്റെ തൊട്ടടുത്ത സീറ്റിൽ വന്നിരിക്കുകയായിരുന്നു ആ അപരിചിതൻ. യുവാവ്. അവർ തമ്മിൽ ഒരു സംഭാഷണവും ഉണ്ടായില്ല. യാത്ര തുടങ്ങി കുറച്ചു ദൂരമായപ്പോൾ തന്നെ ബസ് നിന്നു. സായുധ സൈനികർ ബസിനുള്ളിലേക്കു കടന്നു. ഓരോരുത്തരെയായി പരിശോധിക്കാൻ തുടങ്ങി. കണ്ണിനു മുകളിലേക്കു തൊപ്പി വച്ച് ഉറങ്ങിയ ചെറുപ്പക്കാരനെയാണ് അവർ ആദ്യം നോട്ടമിട്ടത്. ചോദ്യത്തിന് പെട്ടന്നെയിരുന്നു മറുപടി.

 

അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകുകയാണ്.സൈനികർ അടുത്തിരിക്കുന്ന ടാക്കോ യുടെ മുഖത്തേക്കു നോക്കി. ടാക്കോ പറയുന്ന മറുപടിയിലാണ് ആ യുവാവിന്റെ ജീവൻ. ഒരു നിമിഷം പോലും ടാക്കോ ആലോചിച്ചു നിന്നില്ല. അറച്ചില്ല. ശങ്കിച്ചില്ല. രണ്ടാമതൊരു ആലോചന ഉണ്ടായില്ല. എന്റെ മകനാണ് ഈ ചെറുപ്പക്കാരൻ. എന്നെ ആശുപത്രിയിലേക്കു കൊണ്ടുപോകുകയാണ്. ആ മറുപടി സൈനികർ വിശ്വസിച്ചു. അവർ പരിശോധന പൂർത്തിയാക്കി ബസ് വിട്ടിറങ്ങി. യാത്ര തുടർന്നു. ചെറുപ്പക്കാരൻ ടാക്കോയ്ക്ക് നന്ദി പറഞ്ഞു. തന്റെ കഴുത്തിൽ കിടന്ന മാല ഊരി ടാക്കോയ്ക്ക് കൊടുത്തു. ജീവിതത്തിലെ പല പ്രതിസന്ധികളിൽ തന്നെ രക്ഷിച്ച മാലയാണിത്. ഇതു കയ്യിൽ വയ്ക്കുക. എപ്പോഴെയങ്കിലും ആവശ്യം വന്നാൽ ഇതു കയ്യെലെടുക്കുക. ഒരു നിമിഷം പ്രാർഥിക്കുക.ടാക്കോ അതു കേട്ടു. അനുസരിച്ചു. ആ മാല കയ്യിൽ വാങ്ങി. അയാളുടെ യാത്ര തുടർന്നു.

 

കോവിഡ് സൃഷ്ടിച്ച അപരിചിതത്വത്തിനും അകൽച്ചയ്ക്കും ശേഷം പഴയ പ്രതാപത്തിലേക്കു തിരിച്ചു വന്ന കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദ്യ സിനിമ തന്നെ പ്രേക്ഷകരുടെ കണ്ണും മനസ്സും നിറയ്ക്കാൻ പര്യാപ്തമായിരുന്നു. റെഡ് ഷൂസ്. സ്പാനിഷ് ഭാഷയിലുള്ള 82 മിനിറ്റ് ചലച്ചിത്രം. ഇറ്റാലിയൻ- മെക്‌സിക്കോ സംയുക്ത സംരഭം. കാർലോസ് കൈസർ എയ്ച്ചൽമാൻ സംവിധാനം ചെയ്ത കോവിഡ് കാല പശ്ചാത്തലത്തിലെടുത്ത സിനിമ.

 

ഈ വർഷത്തെ വെനീസ് ഫിലിം ഫെസ്റ്റിവലിൽ പ്രേക്ഷകരുടെ കയ്യടി നേടിയ സിനിമയുടെ തുടക്കം വിരസമാണ്. ടാക്കോ എന്ന വയോധികന്റെ ചുളിവുകൾ വീണ മുഖം പോലെ വികൃതവും വരണ്ടതു മായ കൃഷിയിടത്തിൽ കൊയ്ത്തുകാലത്തിൽ നിന്ന് എന്തെങ്കിലും സമ്പത്തു കിട്ടുമെന്ന പ്രതീക്ഷിക്കുന്ന മനസ്സ്. കടം വാങ്ങിക്കാനുള്ള അയാളുടെ എല്ലാ ശ്രമങ്ങളും പരാജയപ്പെടുന്നു. സ്ഥലം വിറ്റാൽ പണം തരാമെന്നു പറയുന്നവരെ അയാൾ അകറ്റിനിർത്തുന്നു. ആകെയുള്ള കൃഷിയിടം അയാളുടെ ഓർമകളുടെ ഭാഗമാണ്. ജീവിതത്തിന്റെ ഭാഗമാണ്. അതു വിട്ടുകൊടുക്കാൻ അയാൾ തയാറല്ല. ഈ വാർധക്യത്തിൽ അയാൾക്ക് എന്തിനാണു പണം എന്ന ചോദ്യമുണ്ടാകും. ആ ചോദ്യത്തിന്റെ ഉത്തരമാണ് റെഡ് ഷൂസ്. വയോധികൻ വാങ്ങിക്കാൻ ആഗ്രഹിക്കുന്ന ഷൂസിന്റെ കഥ കൂടിയാണ് ചിത്രം. എന്നാൽ ഷൂസ് അയാൾക്കു വേണ്ടിയല്ല. മകൾക്കു വേണ്ടിയാണ്. മകൾ എവിടെ എന്ന ചോദ്യത്തിന് ഉത്തരം കിട്ടേണ്ടതുണ്ട്. അത് ആ ബസ് യാത്രയിലാണ് വെളിപ്പെടേണ്ടത്. 

 

മറ്റൊരു ബസ് യാത്ര. ഇത്തവണ ടാക്കോയുടെ കയ്യിൽ എന്തെക്കൊയോ സാധനങ്ങളുണ്ട്. അയാൾ നെഞ്ചോട് അമർത്തിപ്പിടിച്ചിട്ടുണ്ട് ഒരു ബാഗ്. അതിനുള്ളിൽ ഷൂസാണ്. മകൾ ഏറ്റവും കുടുതൽ ആഗ്രഹിച്ച ഷൂസ്. ആ ഷൂസ് നെഞ്ചോട് അടുക്കിപ്പിടിച്ച് അയാൾ യാത്ര ചെയ്യുമ്പോൾ പെട്ടന്നു ബസ് നിൽക്കുന്നു.   ഇത്തവണ സൈനികരല്ല, അക്രമികളാണ് ബസ് തടയുന്നത്. അവർ യാത്രികരെ ഒന്നൊന്നായി കൊള്ളയടിക്കുന്നു. വൃദ്ധന്റെ കയ്യിലുള്ള ബാഗും തട്ടിയെടുക്കുന്നു. അതിനുള്ളിൽ അയാൾ കൊതിച്ചു വാങ്ങിയ ഷൂസ് ഉണ്ട്. പിന്നെ ഒരു വർഷത്തെ അധ്വാനത്തിന്റെ ഫലമായി അയാൾ കൊയ്തുകൂട്ടിയ വിളവിന്റെ ഫലമായ പണവും. എല്ലാം അക്രമികൾ കൊള്ളയടിക്കുന്നു. ബസ് ലക്ഷ്യസ്ഥാനത്ത് എത്തുന്നു. എന്നാൽ വയോധികൻ ലക്ഷ്യം മറന്ന യാത്രക്കാരനെപ്പോലെ അലയുകയാണ്. അയാൾ എന്തിനാണോ യാത്ര ചെയ്തത് ആ യാത്രയുടെ ലക്ഷ്യം അയാളിൽ നിന്ന് അകന്നുപോകുകയാണ്. കയ്യിൽ പണം ഇല്ല. ആഗ്രഹിച്ച ഷൂസും നഷ്ടപ്പെട്ടു. കൂട്ട് ഹോട്ടലിൽ നിന്നു പരിചയപ്പെട്ട ഒരു കോൾ ഗേൾ മാത്രം. അവൾക്കു വേണ്ടത് പണമാണ്. പണം കിട്ടാൻ വേണ്ടി വൃദ്ധന്റെ കൂടെ കിടക്കാനും അവർ തയാറാണ്. മറ്റന്തെു ത്യാഗത്തിനും. എന്നാൽ പണമില്ലെങ്കിൽപ്പോലും മകളെ കാണുക എന്ന ലക്ഷ്യത്തിൽ നിന്നു വൃദ്ധൻ വ്യതിലചിക്കുന്നില്ല.

 

അതോടെ റെഡ് ഷൂസ് എന്ന ചലച്ചിത്രം മനുഷ്യബന്ധങ്ങളുടെ സങ്കീർണതകളിലേക്കു കടക്കുകയാണ്. വയോധികനും മകളും തമ്മിലുള്ള ബന്ധം. അസാധാരണവും അത്യപൂർവവുമായ ബന്ധം. ആ ബന്ധത്തിന്റെ കഥ കേട്ട് കോൾ ഗേൾ പറയുന്ന സ്വന്തം കഥ. കണ്ണീരിന്റെയും രക്തത്തിന്റെയും നനവുള്ള ബന്ധത്തിന്റെയും സ്‌നേഹത്തിന്റെയും സാഹസിക കഥ. കഥയിൽ ഒതുക്കാവുന്നതല്ല റെഡ് ഷൂസ്. സംഭാഷണങ്ങളെക്കാൾ ദൃശ്യങ്ങളിലൂടെയാണ് കഥ പറയുന്നത്. ഓരോ ദൃശ്യവും ഒന്നൊന്നര ദൃശ്യങ്ങളാണ്. ഓരോ മുഖഭാവവും വല്ലപ്പോഴും മാത്രമുണ്ടാവുന്ന സംഭാഷണങ്ങളും പ്രേക്ഷകരുടെ നെഞ്ചിൽ തീ കോരിയിടുകയാണ്.

 

ചുവന്ന കടൽ പോലെ, ആളിക്കത്തുന്ന തീ പോലെ പടർന്നുകയറുന്ന അനുഭവമാണ് റെഡ് ഷൂസ്. കേരളം എന്തുകൊണ്ട് ചലച്ചിത്രമേളയെ ഹൃദയം കൊടുത്തു സ്‌നേഹിക്കുന്നു എന്ന ചോദ്യത്തിന്റെ ഉത്തരം. ഡിസംബറിനു വേണ്ടി മലയാളികൾ എന്തിനു വേണ്ടി ആറ്റുനോറ്റിരിക്കുന്നു എന്ന സംശയത്തിന്റെ സമാധാനം. കോവിഡ് കാലത്തും നല്ല സിനിമയുടെ വേരറ്റിട്ടില്ല എന്ന സാന്ത്വനം. ഒരിക്കൽക്കൂടി നല്ല സിനിമയുടെ വിളംബരവും ഉറച്ച പ്രഖ്യാപനവുമാവുകയാണ് രാജ്യാന്തര ചലച്ചിത്ര മേള. ഇതിലും നന്നായി ഒരു ചലച്ചിത്രമേള തുടങ്ങാനാവില്ല എന്ന ഓർമപ്പെടുത്തലും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com