ADVERTISEMENT

ഇരയാക്കപ്പെടുമ്പോൾ അതിന്റെ വേദന അനുഭവിക്കുന്നത് അതിജീവിതയായ വ്യക്തി മാത്രമല്ല, കൂടെ നിക്കുന്നവരുമാണ്. ആദ്യത്തെ ഞെട്ടലും അനുബന്ധ സാമൂഹിക പ്രശ്‌നങ്ങളും ചർച്ചയിൽ നിന്നു മാഞ്ഞുപോകുന്നതോടെ ഇരയും ഏറ്റവുമടുത്തവരും ഒഴിച്ച് ബാക്കിയെല്ലാവരും വേദനകൾ മറക്കുകയും അവഗണിക്കുകയും ചെയ്യുന്നു. എന്നാൽ ഇരയുടെ വേദന തുടരുക തന്നെ ചെയ്യും. ഒരുപക്ഷേ ഒരു ജീവിതത്തിലുടനീളം. അതിനു ശേഷവും.

 

റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ മൈക്കൽ ബ്ലാക്കോ സംവിധാനം ചെയ്ത വിക്ടിം എന്ന ചിത്രം ഇരയുടെ ജീവിതമാണ് അനാവരണം ചെയ്യുന്നത്. എന്നാൽ സാധാരണ അർഥത്തിലുള്ള ഇരയല്ല ഇവിടെ കേന്ദ്ര കഥാപാത്രമാകുന്നത്. ചെക് റിപ്പബ്ലിക്കിലേക്കു കുടിയേറാൻ ശ്രമിക്കുന്ന ഒരു വീട്ടമ്മ പേപ്പറുകൾ ശരിയാക്കാൻ വേണ്ടി യുക്രെയ്‌നിൽ ആയിരിക്കുമ്പോഴാണു സിനിമ തുടങ്ങുന്നത്. അവർ വിവാഹമോചിതയാണ്. ഭർത്താവിനെക്കുറിച്ച് നിലവിൽ വിവരമൊന്നുമില്ല. കൗമാരക്കാരനായ മകൻ മാത്രമാണ് ഏക ആശ്രയം. ബ്യൂട്ടി സലൂൺ നടത്തിയാണ് വരുമാനത്തിനുള്ള മാർഗം കണ്ടെത്തുന്നത്. 

 

victim-2

എന്നാൽ മകൻ ക്രൂരമായി ആക്രമിക്കപ്പെട്ടെന്നും അപകടനിലയിലാണെന്നുമുള്ള വാർത്ത കേട്ട് അവർ ചെച്‌നിയയിലേക്കു തിരിച്ചുപോകാനുള്ള ശ്രമത്തിലാണ്. റോഡുകൾ ബ്ലോക്കാണ്. വാഹന ഗതാഗതം വല്ലപ്പോഴും മാത്രം. ടിക്കറ്റെടുത്ത ബസിൽ യാത്ര ചെയ്ത് ചെച്‌നിയിൽ എത്തു മ്പോഴേക്കും താമസിക്കും എന്നതിനാൽ കാറുകളിൽ ലിഫ്റ്റ് ചോദിക്കുകയാണവർ. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ഒരു കാറിൽ അവർ തിരിച്ചെത്തുന്നു. മകൻ ഇഗോറിന്റെ  കാര്യങ്ങൾ നോക്കാൻ ഒരു സുഹൃത്തിനെ അവർ ഏർപ്പെടുത്തിയിരുന്നു. അവർ എല്ലാ ദിവസവും രാവിലെയും വൈകിട്ടും അവനെ വിളിക്കുന്നുമുണ്ടായിരുന്നു. എന്നാൽ രാത്രിയിൽ എപ്പോഴോ ആണ് ആക്രമണം ഉണ്ടായതെന്നാണ് അമ്മയ്ക്ക് വിവരം ലഭിക്കുന്നത്.

 

മകൻ സംസാരിക്കാൻ പോലും ആവാതെ ആശുപത്രിയിൽ ചികിത്സയിലാണ്. അത്യാഹിത വിഭാഗത്തിൽ. ഗുരുതരമായ പരുക്കുകൾ ശരീരത്തിലുണ്ട്. സംഭവത്തെക്കുറിച്ച്  അന്വേഷിക്കുന്ന പൊലീസിന് മൊഴി കൊടുക്കാൻ പോലും മകന് കഴിയുന്നില്ല. ആക്രമണത്തെക്കുറിച്ച് തനിക്കു ലഭിച്ച വിവരങ്ങൾ അമ്മ പൊലീസിനു കൈമാറുന്നു. അവർ അന്വേഷണം ഊർജിതമാക്കുന്നു. എന്നാൽ വ്യക്തമായ വിവരങ്ങളുടെ അഭാവത്തിൽ ആരെയും അറസ്റ്റ് ചെയ്യാൻ കഴിയുന്നുമില്ല. മൂന്നു പേർ ആക്രമിച്ചെന്ന സൂചനയെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. എന്നാൽ ആക്രമണത്തിന്റെ പിന്നിലുള്ള ലക്ഷ്യം വ്യക്തമായിട്ടില്ല. അത് രഹസ്യമാണ്. ഇഗോറിനു മാത്രം അറിയാവുന്നത്. പൊലീസ് എന്നതുപോലെ അമ്മയും നിരന്തര ശ്രമത്തിലാണ് പ്രതികളെ കണ്ടുപിടിക്കാൻ. ഒപ്പം സാമൂഹിക പ്രവർത്തകരും മാധ്യമങ്ങളും രംഗത്തുണ്ട്. സമൂഹ മാധ്യമങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രതിഷേധം തെരുവിലേക്കും പടരുന്നു. പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്നു. ചാനലുകളിൽ വലിയ വാർത്തകൾ വരുന്നു.

 

നല്ല ജീവിത മാർഗം തേടി എത്രയും പെ്‌ട്ടെന്ന് ചെക് റിപ്പബ്ലിക്കിൽ എത്താനാണ് അമ്മയും മകൻ ഇഗോറും ശ്രമിക്കുന്നത്. കേസ് നീണ്ടുപോകുകയും പ്രതികളെ കിട്ടാതാകുകയും ചെയ്താൽ ഒരുപക്ഷേ കുടിയേറാനുള്ള പേപ്പറുകൾ ശരിയാകാൻ വൈകിയേക്കാം എന്ന ഭീതിയുമുണ്ട്. പൊലീസ് എല്ലാ കാര്യങ്ങളും പൂർണ്മായി വിശ്വസിച്ചിട്ടില്ല. അവർക്കു സംശയങ്ങളുണ്ട്. എന്നാൽ വ്യക്തമായി ഒന്നും അറിയുകയുമില്ല. പ്രതികളെ പിടിക്കാനുള്ള തീവ്രശ്രമത്തിലാണ് അവരും. എന്നാൽ ഇഗോർ വ്യക്തമായി ഒന്നും പറയാത്തിടത്തോളം അന്വേഷണത്തിൽ എത്രമാത്രം പുരോഗതിയുണ്ടാകും എന്ന പ്രശ്‌നവുമുണ്ട്.

 

യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം പുരോഗമിക്കുന്നത്. എന്നാൽ വാർത്തകൾ എത്തുന്നുണ്ടെങ്കിലും യുദ്ധത്തിന്റെ പേരിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെങ്കിലും നേരിട്ടുള്ള ചിത്രീകരണം സിനിമയിലില്ല. യുദ്ധം സൃഷ്ടിക്കുന്ന മാനസിക പ്രശ്‌നങ്ങളിലാണ് ചിത്രത്തിന്റെ ഊന്നൽ.എവിടെയാണ് സ്വന്തം മാതൃരാജ്യം എന്ന് അറിയാത്ത ഒരു തലമുറയെയാണ് മൈക്കൽ ബ്ലാക്കോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഇര ഇഗോർ എന്ന ചെറുപ്പക്കാരൻ മാത്രമല്ല. അവന്റെ അമ്മ മാത്രമല്ല. ഒരു ജനത മുഴുവനുമാണ്. അവരുടെ പ്രശ്‌നങ്ങൾ എന്ന്, എപ്പോൾ അവസാനിക്കും എന്നതിനെക്കുറിച്ച് സൂചനകളുമില്ല.  ആർക്കാണ് സൂചനകൾ താരാനാവുന്നത്. സാധാരണ ജനതയുടെ പ്രശ്‌നങ്ങൾ രാജ്യാന്തര തർക്കങ്ങളിൽ വിഷയമല്ലല്ലോ. അതു തുടരുക തന്നെ ചെയ്യും എന്നാണ് വിക്ടിം വ്യക്തമായി പറയുന്നത്.

 

യഥാർഥത്തിൽ ഇഗോറിനു നേരെ ഉണ്ടായത് വംശീയ ആക്രമണമായിരുന്നില്ല. എന്നാൽ രഹസ്യം പുറത്തുവന്നാൽ അത് അയാളെ മാത്രമല്ല അമ്മയെ മാത്രമല്ല, അയാൾക്കു വേണ്ടി പോരാടുന്ന മുഴുവൻ പേരെയും ബാധിക്കാം. ഇഗോറിനു വേണ്ടി തെരുവിൽ പ്രതിഷേധം സംഘടിപ്പിക്കുന്നതിൽ മുന്നിലുള്ളത് നിയോ നാസികളാണെന്ന സംശയമുണ്ട്. വംശീയ ചെരിതിരിവ് ഉണ്ടാക്കി സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നവർ സംഭവം ദുരുപയോഗിക്കുകയാണോ എന്ന ഭീതിയുമുണ്ട്. അത് ഇഗോറിന്റെ അമ്മ തുടക്കം മുതൽ പ്രകടിപ്പിക്കുന്നുമുണ്ട്. എന്നാൽ പ്രക്ഷോഭത്തിന്റെ മുൻനിരയിലുള്ളവർ അത് ആദ്യമേ തള്ളിക്കളയുന്നു. സത്യം പുറത്തുകൊണ്ടു വരിക എന്നതാണ് തങ്ങളുടെ ലക്ഷ്യം എന്നവർ തീർത്തുപറയുന്നു.

 

ഇഗോറിന്റെ അയൽ വീട്ടിൽ നിന്നുള്ള ഒരു ചെറുപ്പക്കാരൻ ഇതിനിടെ ആക്രമണത്തിന്റെ പേരിൽ പിടിയിലാകുന്നു. എന്നാൽ അയാളല്ല പ്രതിയെന്ന് ഇഗോറിന് അറിയാം. അവൻ അത് അമ്മയോട് പറയുന്നു. അതോടെ തന്റെ മകനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്ന അതേ തീവ്രതയോടെ അയൽക്കാരിയുടെ മകനെ രക്ഷപ്പെടുത്താനുള്ള പോരാട്ടവും അവർക്കു നടത്തേണ്ടിവരുന്നു. എന്നാൽ പ്രക്ഷോഭകാരികൾ അതുൾക്കൊള്ളാൻ തയാറല്ല. അവർ പ്രതിഷേധം ആളിക്കത്തിക്കാൻ ശ്രമിക്കുകയാണ്. പെട്ടെന്ന് സമരത്തിൽ നിന്ന് പിൻമാറാൻ ഇഗോറിനോ അമ്മയ്ക്കു കഴിയില്ല. എന്നാൽ സമരവുമായി മു‌ന്നോട്ടുപോയാൽ പൗരത്വ പ്രശ്‌നത്തിൽ തീർപ്പ് ഉണ്ടാക്കുക എന്നത് നീണ്ടുപോകുകയും ചെയ്യാം. ഇരയാണ് യുക്രെയ്ൻ ജനത. യുദ്ധത്തിന്റെ കെടുതികൾ അനുഭവിക്കുന്ന സാധാരണക്കാർ എല്ലാവരും. അവരുടെ പ്രശ്‌നങ്ങളെ ലോകത്തിനു മുന്നിൽ തീവ്രതയോടെ അവതരിപ്പിക്കുകയാണ് ഒന്നരമണിക്കൂർ മാത്രം ദൈർഘ്യമുള്ള ചിത്രം വിജയകരമായി ചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com