കാപ്പ കടുവയല്ല ‘പുലിയാണ്’: റിവ്യൂ
Kaapa Movie Review
Mail This Article
ചടുലതയാർന്ന ദൃശ്യങ്ങളിൽ വീണ്ടും തറപ്പിച്ച് സ്വന്തം പേരെഴുതി ഒപ്പിടുകയാണ് ഷാജി കൈലാസ് എന്ന് സംവിധായകൻ. ‘കടുവ’യുമായി ഈ വർഷത്തെ ടോപ്പ് കലക്‌ഷൻ ചാർട്ടിൽ ഇടംപിടിച്ച ഷാജി കൈലാസും പൃഥ്വിരാജ് സുകുമാരനും വർഷമവസാനിക്കുമ്പോൾ കാപ്പയുമായെത്തി വീണ്ടും കാണികളെ ഞെട്ടിക്കുകയാണ്. ഇമോഷൻസിനു പ്രാധാന്യം നൽകി ഒരുക്കിയ കാപ്പ പതിയെപ്പതിയെ കത്തിപ്പടരുന്ന തീ പോലെയാണ്. ഡബിൾ സ്ട്രോങ് കഥയാണ് കാപ്പയുടെ നട്ടെല്ല്.
വൃത്തിയും വെടിപ്പുമുള്ള ആക്‌ഷൻ സിനിമയെന്ന് ഒറ്റവാക്കിൽ കാപ്പയെ വിശേഷിപ്പിക്കാം. മാസ് മസാല– ഗാങ്സ്റ്റർ മൂവിയെന്ന പേരിൽ മലയാളത്തിൽ സമീപകാലത്ത് കാണുന്ന തട്ടിക്കൂട്ട് ഫോർമുലകളൊന്നും കൈകൊണ്ട് തൊടാതെയാണ് ഷാജി കൈലാസ് കാപ്പ ഒരുക്കിയിരിക്കുന്നത്. തിരക്കഥയാണ് ചിത്രത്തിന്റെ നട്ടെല്ല്, മാസ് ഗിമ്മിക്കുകളല്ല. പതിഞ്ഞ താളത്തിൽ തുടങ്ങുന്ന കാപ്പയിൽ മോശമല്ലാത്ത ആദ്യപകുതിയും ഇടിവെട്ട് രണ്ടാംപകുതിയുമാണ് കാണികളെ കാത്തിരിക്കുന്നത്. കാണികൾ ഇതുവരെ പ്രതീക്ഷിക്കാത്ത രീതിയിൽ കഥാഗതിയെ തിരിച്ചുവിട്ട് അവസാന അരമണിക്കൂറിൽ പതിവ് സിനിമാകാഴ്ചകളെ മാറ്റിയെഴുതുകയാണ് ഷാജി കൈലാസ്.
‘കേരള ആന്റി സോഷ്യൽ ആക്റ്റിവിറ്റീസ് പ്രിവൻഷൻ ആക്റ്റ്’ അഥവാ ‘കാപ്പ’യെന്ന നിയമം കേരളത്തിലെ ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കാനായാണ് പൊലീസ് പൊടിതട്ടിയെടുത്തത്. തിരുവനന്തപുരം നഗരത്തിൽ ഒരുകാലത്ത് അഴിഞ്ഞാടിയിരുന്ന ക്വട്ടേഷൻ ഗാങ്ങുകളുടെ തീരാത്ത കുടിപ്പകയുടെ കഥയാണ് കാപ്പയും പറയുന്നത്. പ്രമീളയെന്ന പെൺകുട്ടിയെ വിളിച്ചിറക്കി ജീവിതത്തിലേക്കു കൊണ്ടുവന്നതോടെ ക്വട്ടേഷൻ നേതാവായി മാറേണ്ടിവന്ന കൊട്ട മധുവിന്റെ കഥയാണ് കാപ്പ. കൊട്ട മധുവിന്റെ കൈകൊണ്ട് മരിക്കേണ്ടിവന്നയാളുടെ സഹോദരിയെ വിവാഹം കഴിച്ച് തിരുവനന്തപുരത്തേക്ക് വരുന്നയാൾ തന്റെ ഭാര്യയുടെ ഭൂതകാലത്തെക്കുറിച്ച് കൃത്യമായി ബോധവാനല്ല. ഒരു സായാഹ്നപത്രക്കാരൻ സൃഷ്ടിച്ച സാങ്കൽപിക ക്വട്ടേഷൻ ഗാങ്ങിന്റെ പേരിൽ തന്റെ കുടുംബം ഊരാക്കുടുക്കിൽ അകപ്പെട്ടെന്നു യുവാവ് തിരിച്ചറിയുന്നിടത്താണ് കഥ തുടങ്ങുന്നത്.
യുവാവായും മധ്യവയസ്കനായും രണ്ടു ഗെറ്റപ്പുകളിൽ കൊട്ട മധുവിനെ അവതരിപ്പിച്ച് പൃഥ്വിരാജ് സ്ക്രീനിൽ നിറഞ്ഞുനിൽക്കുമ്പോൾ ആസിഫ് അലി, അപർണ ബാലമുരളി, അന്ന ബെൻ, ദിലീഷ് പോത്തൻ, മിനോൺ എന്നിവർ അഭിനയത്തികവുകൊണ്ട് ശക്തമായ പിന്തുണ നൽകുന്നു. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിനു മുന്നിലൂടെ പോവുന്ന ഏതൊരു തിരുവനന്തപുരംകാരന്റെയും നെറ്റിയിൽ കാണുന്ന കറുത്ത പൊട്ടാണ് കൊട്ട മധുവിന്റെ നെറ്റിയിലുള്ളത്. ജീൻസും മുറിക്കയ്യൻ ഷർട്ടുമിട്ട് വെട്ടാനുംകുത്താനും നടന്ന യുവാവായ കൊട്ട മധുവല്ല, മധ്യവയസ്കനായ കൊട്ട മധു. ചെയ്ത തെറ്റുകളുടെ കണക്കുപുസ്തകം തുറന്ന് കൂട്ടിയും കിഴിച്ചും നോക്കുന്നയാൾ. ഭാര്യയും കുട്ടിയുമടങ്ങുന്ന കുടുംബത്തോടുള്ള കരുതൽ. തേച്ചു വടിപോലെയാക്കിയ വെള്ള ഡബിൾ പോക്കറ്റ് ഷർട്ടിനും കറുത്ത പൊട്ടിനും പിന്നിൽ കൊട്ട മധു തന്റെ ജീവിതം മാറ്റിയെഴുതാൻ ശ്രമിച്ചു പരാജയപ്പെടുന്നുണ്ട്. പൃഥ്വിരാജിന്റെ കണിശതയുള്ള പ്രകടനം, ആക്‌ഷൻ രംഗങ്ങളിലെ കയ്യടക്കം എന്നിവ കൊട്ട മധുവിന്റെ മാറ്റുകൂട്ടുന്നുണ്ട്. ജഗദീഷിന്റെ കരിയറിലെ തികച്ചും വ്യത്യസ്തമായ കഥാപാത്രമാണ് കാപ്പയിലേത്.
അഭിനേതാവെന്ന നിലയിൽ ആസിഫ് അലിയുടെ വളർച്ച അടയാളപ്പെടുത്തിയ വർഷമാണ് 2022. ജയപരാജയങ്ങളുടെ കണക്കുകളല്ല. മികച്ച കഥാപാത്രങ്ങൾ അവതരിപ്പിക്കാനുള്ള പക്വതനേടിയ നടനാണെന്ന് ആസിഫ് അലി തെളിയിച്ച വർഷമാണിത്. കുറ്റവും ശിക്ഷയും, കൂമൻ, കൊത്ത് തുടങ്ങിയ ചിത്രങ്ങളിലെ കരുത്തുറ്റ അഭിനയം. വർഷാവസാനമിറങ്ങിയ കാപ്പയിലൂടെ ഈ പ്രകടനങ്ങളിലേക്ക് ഒരു പൊൻതൂവൽ കൂടി ആസിഫ് അലി ചേർത്തുവയ്ക്കുന്നുണ്ട്.
മലയാള സാഹിത്യത്തിൽ തന്റേതായ ഇടം സൃഷ്ടിച്ച എഴുത്തുകാരനാണ് ജി.ആർ. ഇന്ദുഗോപൻ. വായനക്കാരെ ഉദ്വേഗത്തിന്റെ മുനയിൽ നിർത്തുകയും എന്നാൽ സാഹിത്യമൂല്യങ്ങളിൽ കോട്ടംതട്ടാതെ കഥ പറയുകയും ചെയ്യുന്ന അപൂർവ ശൈലിയുടെ ഉടമയാണ് ഇന്ദുഗോപൻ. ഇന്ദുഗോപന്റെ ശംഖുമുഖിയെന്ന ലഘുനോവലാണ് ഷാജി കൈലാസ് കാപ്പയാക്കി വെള്ളിത്തിരയിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. ചിത്രത്തിനു തിരക്കഥയൊരുക്കിയതും ഇന്ദുഗോപനാണ്.
കാണികളെ ചിരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സിനിമയിൽ പതിവായി വലിച്ചുനീട്ടി വികൃതമാക്കി അവതരിപ്പിക്കുന്ന ആ തിരുവനന്തപുരം ഭാഷയല്ല കാപ്പയുടേത്. സാധാരണ തിരുവനന്തപുരത്തുകാർ സംസാരിക്കുന്ന നാട്ടുഭാഷയിലാണ് കഥ പറയുന്നത്. ഒരു നാടോടിക്കഥ പോലെ മുറുക്കിയും മാറ്റിക്കെട്ടിയും ഇഴചേർത്തുണ്ടാക്കിയ കഥപറച്ചിൽ രീതിയാണ് ഇന്ദുഗോപൻ കാപ്പയിൽ സ്വീകരിച്ചിരിക്കുന്നത്. മനോഹരദൃശ്യങ്ങൾ മലയാളികൾക്കു സമ്മാനിച്ച ഛായാഗ്രാഹകൻ ജോമോൻ ടി.ജോണിന്റെ ക്യാമറ ഷാജി കൈലാസിനു മികച്ച പിന്തുണ നൽകുന്നു. ഒരിടത്തും മുഴച്ചുനിൽക്കാത്ത പശ്ചാത്തല സംഗീതം കാപ്പയുടെ കഥപറച്ചിലിനു കരുത്താവുന്നുണ്ട്.
കാപ്പയെന്ന സിനിമയ്ക്കു പിന്നിലെ നന്മ ഇതിനോടകം ചർച്ചയായിക്കഴിഞ്ഞതാണ്. പോയകാലത്ത് മലയാളികളെ ത്രസിപ്പിച്ച അനേകം എഴുത്തുകാർ ഇന്ന് അവശരാണ്. മാസം അയ്യായിരം രൂപയെങ്കിലും കിട്ടിയാൽ ജീവിതം മുന്നോട്ടുകൊണ്ടുപോവാമെന്ന് പ്രതീക്ഷിക്കുന്ന ആ എഴുത്തുകാരുടെ ജീവിതം സുരക്ഷിതമാക്കാനാണ് ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മയായ ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ കാപ്പ നിർമിക്കാൻ തീരുമാനിച്ചത്. ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ് ഫ്ലിക്സാണ് സ്വന്തമാക്കിയിരിക്കുന്നത്.