ADVERTISEMENT

സിനിമ കണ്ടിറങ്ങി കഴിഞ്ഞാലും ഏറെ നേരം ഈ ഒഴിയാബാധ നിങ്ങളെ വിട്ടുപോകില്ല. ഇതു തന്നെയാണ് ജിന്ന് എന്ന സൗബിൻ ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. കാസർകോട് പശ്ചാത്തലത്തിൽ കുറച്ചേറെ സിനിമകൾ അടുത്ത കാലത്ത് മലയാളത്തിൽ വന്നിരുന്നു. ആ കൂട്ടത്തിൽ കെട്ടുറപ്പും ദൃശ്യ ഭംഗിയുമുള്ള ഒരു ചിത്രമാണ് ജിന്ന്. മനുഷ്യ മനസിന്റെ അവസ്ഥാന്തരങ്ങൾ വരച്ചു കാണിക്കാൻ സിനിമക്ക് കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഗംഭീരമായ കഥാപശ്ചാത്തലമല്ലെങ്കിലും പുതുമയുള്ള തിരക്കഥയും സംവിധാന ശൈലിയും ചിത്രത്തിലെ വേറിട്ടതാക്കുന്നു

 

നാട്ടിൻപുറത്ത്‌ ജീവിക്കുന്ന ലാലപ്പൻ എന്ന കഥാപാത്രമായിട്ടാണ് സൗബിൻ എത്തുന്നത്. ഇയാൾക്ക്  ചെറിയ മാനസിക കുഴപ്പങ്ങൾ ഉണ്ട് എങ്കിലും നാട്ടുകാർക്ക് പ്രിയങ്കരനാണ്. ചില സമയങ്ങളിൽ മാത്രം മനസിന്റെ താളം തെറ്റുന്ന ലാലപ്പൻ പതിയെ ചിലർക്കെങ്കിലും ബാധ്യതയാവുന്നു. അവിടെ നിന്നും നാടുവിട്ടുള്ള അദ്ദേഹത്തിന്റെ യാത്രയാണ് ജിന്ന്. 

 

ലാലപ്പൻ എന്ന കഥാപാത്രത്തിന്റെ ജീവിത യാത്ര തന്നെയാണ് ഒരർഥത്തിൽ ഈ സിനിമ. സൗബിൻ ശരിക്കും നമ്മളെ അമ്പരപ്പിക്കുന്നുണ്ട്. സൗബിന്റെ വേഷ പകർച്ചകൾ ഏറെ മനോഹരമായിട്ടുണ്ട്. നാട്ടിൻപുറത്തുള്ള ഒരൽപ്പം  താളം തെറ്റിയ മനസിനുടമയാണ് ലാലപ്പൻ. സുഹൃത്തിന്റെ നിർബന്ധത്തിന് വഴങ്ങി മംഗലാപുരം നഗരത്തിൽ എത്തുന്ന അയാളെ കാത്തിരുന്നത് അദ്ഭുതങ്ങൾ ആയിരുന്നു. ആ യാത്ര അയാളുടെ ജീവിതം തന്നെ മാറ്റി മറിക്കുകയാണ്. 

 

സൗബിന്റെ പ്രകടനം തന്നെയാണ്. ചിത്രത്തിന്റെ ഹൈലൈറ്റ്. സഫ എന്ന കഥാപാത്രമായി ശാന്തി ബാലചന്ദ്രനും അബൂക്ക എന്ന കഥാപാത്രമായി നിഷാന്ത് സാഗറും തിളങ്ങി. കെപിഎസി ലളിത എന്ന നടിയെ അവസാനമായി സ്ക്രീനിൽ കാണാനും സാധിച്ചു. രണ്ടു വ്യത്യസ്ത ഐഡന്റിറ്റികളിൽ സൗബിൻ തിളക്കമാർന്ന പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. ഷൈൻ ടോം ചാക്കോ, സാബുമോൻ, ലിയോണ ലിഷോയ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

 

കലി എന്ന ചിത്രത്തിന് ശേഷം രാജേഷ് ഗോപിനാഥൻ ഒരുക്കിയ തിരക്കഥയോട് നീതിപുലർത്താൻ സംവിധായകൻ സിദ്ധാർത്ഥ് ഭരതന് കഴിഞ്ഞു. ഗിരീഷ് ഗംഗാധരൻ എന്ന പ്രതിഭാശാലിയായ ക്യാമറമാൻ ഈ ചിത്രത്തിന് വേണ്ടി ഒരുക്കിയത് മനോഹരമായ ദൃശ്യങ്ങൾ ആണ്. സിദ്ധാർത്ഥ് ഭരതന്റെ മറ്റൊരു മികച്ച സിനിമയാണ് ജിന്ന്. പ്രശാന്ത് പിള്ളയുടെ സംഗീതവും ചിത്രത്തിന്റെ ആത്മാവിനെ തഴുകിയാണ് കടന്നുപോകുന്നത്. സ്ട്രൈറ്റ് ലൈൻ സിനിമാസിന്റെ ബാനറിൽ സുധീർ വി.കെ, മനു വലിയവീട്ടിൽ എന്നിവരാണ് ചിത്രം നിർമിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com