മൊഞ്ചുള്ള ആയിഷ; റിവ്യൂ
Ayisha Movie Review
Mail This Article
മലപ്പുറം ജില്ലയിലെ ഒരു യാഥാസ്ഥിതിക മുസ്‌ലിം കുടുംബത്തിൽ ജനിച്ചു വളർന്ന പെൺകുട്ടി നാടക അരങ്ങിലെത്തി വെന്നിക്കൊടി പാറിച്ച ചരിത്രം നമുക്ക് മുന്നിലുണ്ട്. നിലമ്പൂർ ആയിഷ എന്ന ആ ‘ചരിത്ര’ത്തിന്റെ കഥ പറയുന്ന ‘ആയിഷ’ എന്ന സിനിമയും അവരുടെ ജീവിതം പോലെ തന്നെ സംഭവബഹുലമാണ്. മഞ്ജു വാരിയരെ ആയിഷയായി അവതരിപ്പിച്ച് വിപ്ലവത്തിന്റെയും ഹൃദയബന്ധങ്ങളുടെയും കനലെരിയുന്ന കഥ മലയാളികൾക്ക് മുന്നിൽ എത്തിച്ചുകൊണ്ട് ആമിർ പള്ളിക്കൽ എന്ന നവാഗത സംവിധായകൻ ആദ്യ ചിത്രത്തിലൂടെത്തന്നെ മലയാള സിനിമയിൽ തന്റെ ഇരിപ്പിടം ഉറപ്പിക്കുന്നു.
ഗദ്ദാമയായി അറബ് രാജ്യത്തെത്തുന്ന സ്ത്രീകളുടെ കഥകൾ നിരന്തരം വാർത്തകളിൽ നിറയാറുണ്ട്. നാട്ടിലെ ജീവിതച്ചൂടിൽ വെന്ത് മരുഭൂമിയിലെ മണൽക്കൊട്ടാരങ്ങൾക്കിടയിൽ പ്രതീക്ഷയുടെ തിരിനാളം തേടി എത്തുന്ന അവരിൽ പലർക്കും പറയാനുള്ളത് നല്ലതൊന്നുമാവില്ല. എന്നാൽ അതിൽനിന്നെല്ലാം വേറിട്ട കഥയാണ് ആഷിഫ് കക്കോടി എഴുതിയ ആയിഷയുടേത്. ഗദ്ദാമയായി റിയാദിലെ രാജകുടുംബത്തിലേക്ക് എത്തിപ്പെടുന്ന ആയിഷ എന്ന സ്ത്രീയും രാജകുടുംബത്തിലെ മാമ്മ എന്ന് എല്ലാവരും വിളിക്കുന്ന അമ്മയും തമ്മിലുള്ള അപൂർവ ഹൃദയബന്ധത്തിന്റെ കഥ വെളിപ്പെടുത്തുന്നത് ഹൃദയമുള്ളവരും അറബ് നാടുകളിലെ സമ്പന്നതയിൽ ഉണ്ടെന്നാണ്. മനുഷ്യരെല്ലാവരും ഒടുവിൽ എത്തിച്ചേരുന്നത് തുല്യതയിലേക്കാണെന്ന വലിയൊരു സത്യം കൂടി ആയിഷ പകരുന്നുണ്ട്; അത് നാട്ടിൻപുറത്ത് പലഹാരമുണ്ടാക്കി വിൽക്കുന്ന സ്ത്രീയായാലും രാജകുടുംബത്തിൽ ഏവരാലും ആദരിക്കപ്പെടുന്ന അമ്മയായാലും.
കടൽ കടന്ന് സൗദിയിലെ മണൽക്കാട്ടിൽ ഭാഗ്യം തേടിയെത്തിയ ആയിഷയ്ക്ക് ഒരൊറ്റ ലക്ഷ്യമേയുള്ളൂ; വീട്ടിൽ കാത്തിരിക്കുന്ന മകളുടെ ഭാവി കരുപ്പിടിപ്പിക്കുക. നിസ്സഹായരായ ഒരു കൂട്ടം ഗദ്ദാമമാരൊടൊപ്പം രാജകുടുംബത്തിന്റെ വിശാലമായ അടുക്കളയിൽ കഴിയുമ്പോഴും ആയിഷയുടെ ഉള്ളം നീറുന്നുണ്ട്. അന്യനാട്ടിലെത്തിയാലും ചിലർ സ്വാർഥരും തരം കിട്ടിയാൽ പാര പണിയുന്നവരുമായിരിക്കും എന്ന് ആബിദും ഹംസയും തെളിയിക്കുന്നു. ഗദ്ദാമമാരുടെ സീനിയർ ആയ സാറയ്ക്കാണ് പാലസിൽ സ്ഥാനമുള്ളത്. വന്ന വഴി മറന്ന സാറ തരം കിട്ടുമ്പോഴൊക്കെ മറ്റുള്ള ഗദ്ദാമമാരുടെ സ്വൈര്യം കെടുത്താറുണ്ട്. രോഗബാധിതയായ മാമ്മയുടെ കാര്യങ്ങൾ നോക്കുന്നത് സാറയാണ്. പക്ഷേ ഒരിക്കൽ മാമ്മയുടെ കണ്ണിൽ പുതുതായി വന്ന ഗദ്ദാമയായ ആയിഷ പെടുന്നു. പിന്നീടങ്ങോട്ട് മാമ്മക്ക് ആയിഷയായി എല്ലാം. മാമ്മയുടെ മകൾക്കും സാറയ്ക്കും ഈ അടുപ്പം തീരെ പിടിക്കുന്നില്ല. എന്നാൽ മാമ്മയുടെ മകന് അമ്മയുടെ സൗഖ്യമാണ് പ്രധാനം. നാട്ടിൽ കമ്യൂണിസ്റ്റ് വിപ്ലവത്തിന്റെ വിത്തെറിഞ്ഞ അനവധി നാടകങ്ങളിലും സിനിമയിലും തിളങ്ങി നിന്ന ആയിഷയ്ക്ക് രാജകുടുംബത്തിലെ അടുക്കളയിൽ ഏറെ നാൾ സ്വന്തം അസ്തിത്വം ഒളിച്ചു വയ്ക്കാൻ കഴിഞ്ഞില്ല. ആയിഷയെ തിരിച്ചറിയുന്ന പ്രവാസികൾ പിന്നീട് അവളെത്തേടി അവിടെ എത്തുന്നത് പുതിയ വഴിത്തിരിവിലേക്ക് വഴിതെളിക്കുന്നു.
മഞ്ജു വാരിയരുടെ അസാധ്യ പ്രകടനമാണ് ചിത്രത്തെ സമൃദ്ധമാക്കുന്നത്. ഗദ്ദാമയായുള്ള മഞ്ജുവിന്റെ രൂപമാറ്റം വളരെ മനോഹരമാണ്. നൃത്തത്തിനും നടനത്തിനും ഏറെ പ്രധാന്യമുള്ള ചിത്രത്തിൽ മഞ്ജു നിറഞ്ഞാടുകയായിരുന്നു. ഇതുവരെ മഞ്ജു വാരിയർ അഭിനയിച്ച കഥാപാത്രങ്ങളിൽ മുൻനിരയിൽ തന്നെ നിൽക്കും ആയിഷ. ആബിദ് എന്ന പ്രധാനപ്പെട്ട കഥാപാത്രമായി നടൻ കൃഷ്ണ ശങ്കറും ഹംസയായി ഷംസുവും ചിത്രത്തിലുണ്ട്. ക്ലാസ്സ്‌മേറ്റ് ഫെയിം രാധികയും മറ്റൊരു ഗദ്ദാമയായി അഭിനയിക്കുന്നുണ്ട്. ഒട്ടനവധി വിദേശ താരങ്ങൾ വളരെ മികച്ച പ്രകടനവുമായി ചിത്രത്തിലുണ്ട്. മാമ്മയായി എത്തിയ താരവും മഞ്ജുവുമായുള്ള കെമിസ്ട്രി ഏവരുടെയും കണ്ണ് നനയ്ക്കും. നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ യുഎഇ താരം സലാമാ അൽ മസ്റൂ അർവ എന്ന കഥാപാത്രമായി എത്തുന്നു. ജെന്നിഫർ എന്ന ഇന്തൊനീഷ്യൻ താരവും മോണ, സഫറീന, ലത്തീഫ തുടങ്ങിയ ആഫ്രിക്കൻ, ടുണീഷ്യൻ, അറബ്, ശ്രീലങ്കൻ, പാകിസ്ഥാനി അഭിനേതാക്കളഉം മികച്ച പ്രകടനവുമായി എത്തുന്നു.
എം.ജയചന്ദ്രന്റെ മാജിക്കൽ സംഗീതമാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. അറബ് ഗായകർ പാടിയ ഒരു അറബി ഗാനവും ചിത്രത്തിന്റെ മികവിന് മാറ്റ് കൂട്ടുന്നു. 90 കളിൽ നടക്കുന്ന തിരക്കഥയിൽ കാലഘട്ടത്തെ സാധൂകരിക്കുന്ന തരത്തിലുള്ള വസ്ത്രാലങ്കാരം എടുത്തുപറയേണ്ടതാണ്. ഒട്ടും ബോറടിപ്പിക്കാതെ ഗൾഫ് നാടിന്റെയും തൊണ്ണൂറുകളിലെ കേരളത്തിന്റെയും ഭംഗി ഒരുപോലെ ഒപ്പിയെടുത്ത ഛായാഗ്രഹണം മനോഹരമാണ്. ഏഴു ഭാഷകളിൽ എടുത്ത ചിത്രത്തിൽ കൂടുതലും അറബിയും ഹിന്ദിയും ഇംഗ്ലിഷുമാണ് സംസാരഭാഷ എന്നിരുന്നാലും ഹൃദയത്തിന്റെ ഭാഷ സ്നേഹമാണെന്ന് പറയുന്നതുപോലെ ഭാഷയുടെ പരിമിതി ചിത്രം പ്രേക്ഷകരിലെത്താൻ ഒരു വിഘാതമാകുന്നില്ല.
തികച്ചും വ്യത്യസ്ത പശ്ചാത്തലത്തിലെടുത്ത ഒരു സ്ത്രീപക്ഷ സിനിമയാണ് ആയിഷ. കുടുംബപ്രേക്ഷകരെ ആകർഷിക്കാനുതകുന്ന ഹൃദയബന്ധങ്ങളുടെ ശക്തമായ ആവിഷ്കാരം കൂടിയാണ് ഈ ചിത്രം. ജോലി തേടി വിദേശത്ത് പോയിട്ടുള്ള പ്രവാസികൾക്ക് ഈ സിനിമ കുറച്ചുകൂടി അനുഭവവേദ്യമാകും. സിനിമയിലെ തന്നെ ഒരു ഡയലോഗ് കടമെടുത്താൽ, പ്രേക്ഷകരുടെ ഹൃദയം നിറച്ചുകൊണ്ടാണ് ആയിഷ കടന്നുപോകുന്നത്.