ADVERTISEMENT

രാഷ്‌ടീയക്കാരുടെ അധികാരത്തോടുള്ള ആർത്തിയും സാധാരണക്കാരന്റെ ജീവിക്കാനുള്ള ആർത്തിയും ഇടകലർത്തി നർമത്തിന്റെ മേമ്പൊടിയുമായെത്തിയ ചിത്രമാണ് ‘മദനോത്സവം’. ‘ന്നാ താൻ കേസ് കൊട്’, ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ’ തുടങ്ങിയ ചിത്രങ്ങളുമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ തൂലികയിൽ പിറന്ന മദനോത്സവവും പ്രേക്ഷകനെ ചിരിപ്പിക്കാനും ചിന്തിക്കാനുമാകുന്ന ഒരുഗ്രൻ പൊളിറ്റിക്കൽ സറ്റയറാണ്. രതീഷിന്റെ തിരക്കഥയോട് കൂറുപുലർത്തുന്ന മേക്കിങ്ങാണ്‌ സംവിധായകൻ സുധീഷ് ഗോപിനാഥും ചെയ്തിരിക്കുന്നത്.

 

കോഴിക്കുഞ്ഞുങ്ങളെ നിറമടിച്ച് വിൽപന നടത്തുന്ന മദനൻ എന്ന യുവാവിനെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ നടക്കുന്നത്. കുഞ്ഞിലേ തന്നെ അച്ഛനുമമ്മയും നഷ്ടപ്പെട്ട മദനനെ വളർത്തിയത് അമ്മായിയാണ്. വിവാഹപ്രായം കഴിഞ്ഞിട്ടും പെണ്ണുകിട്ടാത്ത മദനന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായിട്ടാണ് കാറ്റിൽ മറിഞ്ഞു വീണ കദളിക്കുലപോലെ ആലീസ് എന്ന വിധവയും അവളുടെ മകളും എത്തുന്നത്. ഒരുമിച്ചുള്ള ജീവിതമെന്ന സ്വപ്നം നെയ്തു തുടങ്ങിയ മദനനെ തേടി ഒരിക്കൽ അകന്ന ബന്ധുവായ ചെണ്ടൻ എളേപ്പൻ  എത്തുന്നു.  നിസ്സഹായതയുടെ ആൾരൂപമായ മദനനു പാരയായത് അയാളുടെ പേരുതന്നെയായിരുന്നു. തിരഞ്ഞെടുപ്പിന് മത്സരിക്കുന്ന ബിഡിഎഫ് സ്ഥാനാർഥി മദനൻ മഞ്ഞക്കാരനെ തോൽപ്പിക്കാൻ എതിരാളികൾ കണ്ട വഴി അതെ പേരിലുള്ള മദനൻ എന്ന കോഴിവിൽപ്പനക്കാരനെ സ്വതന്ത്ര സ്ഥാനാർഥിയാക്കുകയായിരുന്നു. 

 

അതിന് പ്രതിഫലമായി ചെണ്ടൻ എളേപ്പൻ ഒരു വലിയ തുക പാർട്ടിക്കാരുടെ കയ്യിൽ നിന്ന് വാങ്ങിയെങ്കിലും അതൊന്നും മദനന്റെ വീട്ടിൽ എത്തിയില്ല. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ മദനനെ കിഡ്നാപ്പ് ചെയ്തു ദൂരെ ഒരിടത്ത് ഒളിച്ചു പാർപ്പിക്കാൻ പാർട്ടി ഏർപ്പെടുത്തിയ ക്വട്ടേഷൻ ഗുണ്ടകളായ ശങ്കരൻ നമ്പൂതിരിയും അച്യുതൻ നമ്പൂതിരിയും ഇല്ലത്ത് അടുപ്പ് പുകയാതെ വന്നപ്പഴാണ് ഈ പണിക്കിറങ്ങിയത്. മദനനെപ്പോലെ തന്നെ അവരും നിസ്സഹായരാണ്. അതിശക്തനായ മദനൻ മഞ്ഞക്കാരന്റെയും പ്രതിപക്ഷപാർട്ടിയുടെയും രാഷ്ട്രീയ കുതന്ത്രങ്ങൾക്കിടയിൽപെട്ട് പിന്നീട് മദനൻ എന്ന ചെറുപ്പക്കാരന്റെ ജീവിതം ചവിട്ടിയരയ്ക്കപ്പെടുകയാണ്.

 

നിഷ്കളങ്കനും നിസ്സഹായനുമായ യുവാവായി സുരാജ് വെഞ്ഞാറമൂട് അരങ്ങു തകർക്കുകയായിരുന്നു. രാഷ്ട്രീയക്കാരിൽ നിന്ന് ജീവിതം പഠിച്ച നിഷ്കളങ്കനായ മദനനിൽ നിന്ന്  കൗശലക്കാരനായ മദനനിലേക്കുള്ള സുരാജിന്റെ പകർന്നാട്ടം അവിസ്മരണീയമാണ്. സീരിയസ് വേഷങ്ങൾക്കിടയിൽ എവിടെയോ പ്രേക്ഷകർക്ക് നഷ്ടപ്പെട്ട പഴയ കോമഡി താരത്തെ വീണ്ടും കണ്ടെടുക്കുന്ന പ്രകടനമാണ് സുരാജ് കാഴ്ചവച്ചത്.  മദനോത്സവത്തെ ഒരു കാർണിവൽ ആക്കിമാറ്റിയത് രാജേഷ് മാധവനും രഞ്ജി കാങ്കോലും അവതരിപ്പിച്ച നമ്പൂതിരിമാരാണ്. മദനനെ ദൈന്യത നിറഞ്ഞ ജീവിതത്തിൽ നിന്ന് തട്ടിയെടുത്ത് ശിഷ്ടജീവിതം ഒരുത്സവമാക്കി മാറ്റിയത് ഇവരുടെ തകർപ്പൻ കഥാപാത്രങ്ങളാണ്.  ന്നാ താൻ കേസ് കൊട് എന്ന സിനിമയിൽ അവിസ്മരണീയനായ ജഡ്ജി വേഷം ചെയ്ത പി.പി. കുഞ്ഞികൃഷ്ണൻ ചെണ്ടൻ എളേപ്പനായി മദനോത്സവത്തിലും തകർത്തു. ആലീസ് ആയി ഭാമ അരുൺ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.  മദനന്റെ അമ്മായിയായി എത്തിയ നടിയും എടുത്തുപറയേണ്ട പ്രകടനമാണ് കാഴ്ചവച്ചത്. എന്തിനും മടിക്കാത്ത രാഷ്രീയക്കാർ മദനൻ മഞ്ഞക്കാരനായി ബാബു ആന്റണി ഏറെ വ്യത്യസ്തമായ പ്രകടനം കാഴ്ചവച്ചു. രതീഷ് ബാലകൃഷ്ണൻ പൊതുവാളും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

 

ഇ. സന്തോഷ് കുമാറിന്റെ ചെറുകഥയെ അടിസ്ഥാനമാക്കിയാണ് രതീഷ് മദനോൽസവത്തിന്റെ തിരക്കഥ രചിച്ചത്. സമകാലിക രാഷ്ട്രീയത്തിനനുസരിച്ച് തിരക്കഥയിൽ പല മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. രാഷ്ട്രീയ നീക്കങ്ങളിൽ കരുവാക്കപ്പെടുന്ന സാധാരണക്കാരനായ യുവാക്കളുടെ നീറുന്ന ജീവിതമാണ് രതീഷും സുധീഷും കൂടി അഭ്രപാളിയിൽ എത്തിച്ചത് എങ്കിലും ഓരോ മുക്കിലും മൂലയിലും ചിരിക്കുള്ള വക കണ്ടുവച്ച തിരക്കഥയുടെ ബ്രില്ല്യൻസ് ആണ് ചിത്രത്തിന്റെ നട്ടെല്ല്. കാസർഗോഡ് ജില്ലയിലെ ബളാൽ എന്ന ഗ്രാമവും നാട്ടുവഴികളും വളരെ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. കാസർകോഡ് ഭാഷയും ശൈലികളുമാണ് ചിത്രത്തിൽ ഉടനീളം ഉപയോഗിച്ചിരിക്കുന്നത്.  കഥാപാത്രത്തിന്റെ അവസ്ഥയ്ക്കിണങ്ങുന്ന സംഗീതം ചിത്രത്തിന് ഏറെ അനുയോജ്യമായിരുന്നു.   

 

‘ന്നാ താൻ കേസ് കൊട്’ പോലെ കാസർകോഡുള്ള ഒരു ഉൾഗ്രാമത്തിലെ നിഷ്കളങ്കരായ കുറെ മനുഷ്യരുടെ കഥ നർമ്മത്തിൽ ചാലിച്ച് കുടുംബബന്ധങ്ങളുടെ ചൂടും ചൂരും സമംചേർത്ത് പ്രേക്ഷകരെ പൊട്ടിചിരിപ്പിക്കുകയും ഇടയ്ക്കു അൽപം കണ്ണുനനയിക്കുകയും ചെയ്യുന്ന ഒരുഗ്രൻ കോമഡി എന്റർടെയ്നറാണ് മദനോത്സവം. സുരാജ് വെഞ്ഞാറമൂട് എന്ന സൂപ്പർ താരത്തിന്റെ കോമഡിയിലേക്കുള്ള ഒരു വമ്പൻ തിരിച്ചു വരവ് കൂടിയാകുമ്പോൾ വീണ്ടും തിയറ്ററുകൾ ഉണരുന്ന കാഴ്ചയാണ് വരാനിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com