ADVERTISEMENT

നമ്മളെ ഹാപ്പിയാക്കി വയ്ക്കുന്ന എന്തോ ഒരു ടെക്‌നിക്ക് പാച്ചുവിന്റെ കയ്യിലുണ്ട്. അതുകൊണ്ടാകാം ആ നന്മയും സ്‌നേഹവും കുഞ്ഞു മണ്ടത്തരങ്ങളുമൊക്കെ നമുക്ക് വല്ലാതെ ഇഷ്ടപ്പെടുന്നത്. അയാളുടെ മനസ്സിന്റെ അത്ഭുതവിളക്കിലുള്ളതും ഇതൊക്കെത്തന്നെ. അതിങ്ങനെ പ്രകാശം പരത്തുമ്പോള്‍ എങ്ങനെയാണ് പ്രേക്ഷകരുടെ മനസ്സ് നിറയാതിരിക്കുക! നല്ല സിനിമയുടെ അത്ഭുതവിളക്കാണ് അഖില്‍ സത്യന്‍ സംവിധാനം ചെയ്ത പാച്ചുവും അത്ഭുതവിളക്കും. പ്രേക്ഷകരുടെ കണ്ണും മനസ്സുമൊക്കെ ആവോളം നിറച്ച് നല്ല ഗംഭീര അനുഭവമായി മാറുകയാണ് ചിത്രം. പാച്ചുവായി നിറഞ്ഞാടി ഫഹദ് ഫാസില്‍ വീണ്ടും സാധാരണക്കാരനായി ജീവിച്ചു. കുറേ ചിരിപ്പിച്ചും ഹൃദയം നിറച്ചും കുടുംബപ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒന്നാംതരം ചിത്രമാണ് പാച്ചുവും അത്ഭുതവിളക്കും.

 

നല്ലൊരു കല്യാണമൊക്കെ കഴിച്ച് ജീവിതം സെറ്റിലാക്കാന്‍ കൊതിക്കുന്ന കേരളത്തിലെ ഉഴപ്പന്‍മാരായ ശരാശരി ചെറുപ്പക്കാരുടെ പ്രതിനിധിയാണ് മുപ്പത്തിനാലുകാരന്‍ പാച്ചു. ജീവിതം അങ്ങനെ ഇങ്ങനെ തട്ടിത്തടഞ്ഞ് കൊണ്ടുപോകുന്ന ചെറുപ്പക്കാരന്‍. ഒരു കാലത്ത് പുത്തന്‍ കാലത്തിന്റെ ചെറുപ്പക്കാരനെ തന്റെ സിനിമകളിലൂടെ നര്‍മ്മം കലര്‍ത്തി അവതരിപ്പിച്ച സത്യന്‍ അന്തിക്കാട് സിനിമകളുടെ തുടര്‍ച്ചയാണ് അഖില്‍ സത്യന്റേയും സിനിമ. തൊട്ടയിടത്തും പിടിച്ചയിടത്തുമൊക്കെ നല്ല അസ്സല്‍ തമാശകള്‍, വൈകാരികതയില്‍ നിറയുന്ന ബന്ധങ്ങളുടെ ഊഷ്മളത, പുത്തന്‍കാലത്തിന്റെ പ്രതിനിധികള്‍.... ഇതെല്ലാം ചേര്‍ന്നാല്‍ പാച്ചുവും അത്ഭുത വിളക്കുമായി. അപ്പോഴും ക്ലൈമാക്‌സില്‍ സിനിമ പറഞ്ഞ രാഷ്ട്രീയവും പുത്തന്‍ കാലത്തിന്റേതു തന്നെ.

 

Pachuvum-Athbutha-Vilakkum

മുംബൈയില്‍ ആയുര്‍വേദ മെഡിക്കല്‍ ഷോപ്പ് നടത്തുന്ന പ്രശാന്ത് എന്ന പാച്ചു. കുറേ പെണ്ണൊക്കെ കണ്ടെങ്കിലും കല്യാണം സെറ്റാകുന്നില്ല. ഇതിനിടയില്‍ വളരെ അവിചാരിതമായി നാട്ടില്‍ നിന്ന് മുംബൈയിലേക്ക് എത്തുമ്പോള്‍ അയാള്‍ക്കൊപ്പം കൂടുന്ന ലൈല ഉമ്മ. പക്ഷേ ആ ഉമ്മച്ചി പാച്ചുവിനായി കരുതിയിരുന്ന ഒരു അത്ഭുതവിളക്കുണ്ട്. ആ അത്ഭുതവിളക്കിന്റെ പ്രകാശം തേടിയുള്ള പാച്ചുവിന്റെ യാത്രയാണ് സിനിമ പറയുന്നത്. സിനിമയിലൂടനീളമുള്ള തമാശകളോരൊന്നും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നുണ്ട്. നല്ലൊരു സിനിമ കുടുംബസമേതം കാണാന്‍ കൊതിക്കുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് പാച്ചുവും അത്ഭുതവിളക്കും.

 

മലയാള സിനിമയ്ക്ക് പാച്ചുവിലൂടെ മികച്ചൊരു സംവിധായകനെയും എഴുത്തുകാരനെയും കൂടിയാണ് ലഭിച്ചിരിക്കുന്നത്. ഓരോ രംഗവും അതിന്റെ തീവ്രത ചോരാതെ കൃത്യമായി അവതരിപ്പിക്കാന്‍ അഖില്‍ സത്യനു കഴിഞ്ഞിട്ടുണ്ട്. ചിത്രത്തിന്റെ ചിത്രസംയോജകനും അഖില്‍ തന്നെയാണ്. കഥാഗതിയുടെ വളര്‍ച്ച, കഥാപാത്രങ്ങള്‍ക്കിടയിലെ ബന്ധങ്ങളുടെ ആര്‍ദ്രത, അവരിലെ ആത്മസംഘര്‍ഷവും ഇഴുകിച്ചേരലുമൊക്കെ രസകരമായാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇന്നസെന്റും മുകേഷും വന്നുപോയ രംഗങ്ങളിലൊക്കെ ചിരി പടര്‍ത്തി. ഏറെ നാളുകള്‍ക്കു ശേഷം മികച്ചൊരു വേഷത്തില്‍ വിനീതിനേയും ഈ ചിത്രത്തിലൂടെ മടക്കി വിളിച്ചു. പിന്നെ നായിക മുതല്‍ നീണ്ടു നില്‍ക്കുന്ന പുത്തന്‍ താരനിരയും മലയാള സിനിമയ്ക്ക് നല്‍കുന്ന പ്രതീക്ഷ ചെറുതല്ല. അഞ്ജന ജയപ്രകാശ്, വിജി വെങ്കിടേശ്, ധ്വനി രാജേഷ് എന്നിവരുടെ പ്രകടനവും ആസ്വാദകരെ പിടിച്ചിരുത്തുന്നുണ്ട്.

 

ഹൃദ്യമായി, ആഴത്തില്‍ സിനിമയിലേക്ക് പ്രേക്ഷകനെ കൂട്ടികൊണ്ടു പോകുന്ന ഛായാഗ്രാഹകന്‍ ശരണ്‍ വേലായുധന്‍ സിനിമയ്ക്കു നല്‍കുന്ന മിഴിവ് ശ്രദ്ധേയമാണ്. കഥാഗതിയ്ക്ക് അനുസരിച്ച് പുതുമയും അതില്‍ പരീക്ഷണവുമൊക്കെ ചേര്‍ത്ത് ജസ്റ്റിന്‍ പ്രഭാകരന്‍ ഒരുക്കുന്ന പശ്ചാത്തല സംഗീതവും പാച്ചുവിനെ കളറാക്കി. മനു മഞ്ജിത്ത് - ജസ്റ്റിന്‍ പ്രഭാകര്‍ കൂട്ടുകെട്ടിലെ ഗാനങ്ങള്‍ ഏറെ ഹൃദ്യവുമാണ്. പാച്ചുവും അത്ഭുതവിളക്കും ഒരു 'ഭയങ്കര സിനിമയല്ല, ഒരു നല്ല സിനിമയാണെന്ന്' കണ്ടിറങ്ങുന്നവരൊക്കെ ഉറപ്പായും പറയും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com