പേരിൽ ഒളിപ്പിച്ചുവച്ച കൗതുകം: ചാൾസ് എന്റർപ്രൈസസ് റിവ്യൂ
Charles Enterprises Movie Review
Mail This Article
കോവിഡ്കാല പ്രതിസന്ധിയിൽ കഷ്ടപ്പെടുന്ന ഒരു മിഡിൽ ക്ലാസുകാരൻ യുവാവിന്റെ കഥ നർമത്തിനൊപ്പം ലാളിത്യത്തോടെ പറഞ്ഞുവയ്ക്കാൻ ശ്രമിക്കുകയാണ് ‘ചാൾസ് എന്റർപ്രൈസസ്’. കോഫി ഷോപ്പിലെ ചെറിയ ജോലി കൊണ്ട് ജീവിതം കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്ന രവിക്കുട്ടൻ എന്ന രവി കുമാരസ്വാമിയുടെ കഥയിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. ബോറടിക്കാതെ കുടുംബത്തോടൊപ്പം രണ്ടു മണിക്കൂർ ആസ്വദിക്കാവുന്ന ക്ലീൻ ഫാമിലി എന്റർടെയ്നാറാണ് ഈ ചിത്രം.
ജീവിത പ്രാരബ്ധങ്ങൾക്കൊപ്പം കാഴ്ച വൈകല്യവും രവിക്കു വെല്ലുവിളിയാകുന്നുണ്ട്. പല കല്യാണാലോചനകളും ഇതു മൂലം മുടങ്ങിപ്പോകുന്നുമുണ്ട്. അങ്ങനെ മൊത്തത്തിൽ വഴിമുട്ടി നിൽക്കുമ്പോൾ രവിയുടെ ജീവിതത്തിലേക്കൊരു ഗണേശ വിഗ്രഹം കടന്നു വരുന്നു. ഈ വിഗ്രഹം രവിയുടെ പ്രശ്നങ്ങൾക്കു പരിഹാരമാകുമോ? അതോ അയാളെ കൂടുതൽ പ്രശ്നങ്ങളിലേക്ക് തള്ളിവിടുമോ? ഈ സസ്പെൻസ് നിലനിർത്തിയാണ് നവാഗതനായ സുഭാഷ് ലളിതാ സുബ്രഹ്മണ്യൻ സംവിധാനം ചെയ്ത സിനിമ മുന്നോട്ട് പോകുന്നത്. രവിയായി ബാലു വർഗീസും അമ്മയുടെ വേഷത്തിൽ ഉർവശിയും എത്തുന്നു. രവിയുടെ അച്ഛനായി വേഷമിടുന്നത് തമിഴ് താരം ഗുരു സോമസുന്ദരമാണ്.
കൊച്ചിയുടെ പശ്ചാത്തലത്തിൽ കേരള, തമിഴ് സംസ്കാരങ്ങളെ ഇഴചേർത്താണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. തമിഴ് ബ്ലാക്ക് കോമഡി ത്രില്ലർ സിനിമയുടെ ശൈലിയിലാണ് ചാൾസ് എന്റർപ്രൈസസിന്റെ മേക്കിങ്. പതിവ് പോലെ ഉർവശി മികവാർന്ന അഭിനയം പുറത്തെടുക്കുമ്പോൾ പ്രകടനം കൊണ്ട് വിസ്മയിപ്പിക്കുന്നത് തമിഴ് നടൻ കലൈയരസനാണ്. 2018 ചിത്രത്തിലെ ഗംഭീര പ്രകടനത്തിനു ശേഷം വീണ്ടും കലൈയരസൻ സ്ക്രീനിൽ നിറഞ്ഞാടുന്നു.
ചാൾസ് എന്ന ടൈറ്റിൽ കഥാപാത്രത്തിലാണ് അദ്ദേഹം എത്തുന്നത്. ചാൾസിന്റെയും രവിയുടെയും സൗഹൃദത്തിന്റെ കൂടി കഥയാണിത്. പർവതം എന്ന കഥാപാത്രമായി അഭിജ ശിവകലയും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു. ടൈപ്പ് കാസ്റ്റ് ചെയ്പ്പെട്ടുപോയ കഥാപാത്രങ്ങളിൽ നിന്ന് അഭിജയ്ക്കു മികച്ചൊരു ബ്രേക്കാകും പർവതം എന്നതിൽ സംശയമില്ല.
സംവിധായകൻ സുഭാഷിന്റേത് തന്നെയാണ് തിരക്കഥ. സിനിമയുടെ രസച്ചരട് പൊട്ടാതെ ആദ്യാവസാനം പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്താൻ സുഭാഷിനു കഴിയുന്നുണ്ട്. സ്വരൂപ് ഫിലിപ്പിന്റെ ക്യാമറകാഴ്ചകളും അശോക് പൊന്നപ്പന്റെ പശ്ചാത്തല സംഗീതവും സിനിമയ്ക്കു കൂടുതൽ ദൃശ്യ-ശ്രവ്യ മികവേകുന്നു. റിലീസിനു മുമ്പേ യൂട്യൂബിൽ ട്രെൻഡിങ്ങായ പാട്ടുകൾക്ക് പിന്നിൽ സുബ്രഹ്മണ്യൻ കെ.വി.യുടെ ഈണങ്ങളാണ്. തങ്കമയിലേ എന്നു തുടങ്ങുന്ന തമിഴ് ഫോക്ക് ടച്ചുള്ള ഗാനം അതീവ ഹൃദ്യമാണ്. മേക്കിങ്ങിൽ മിതത്വം പാലിക്കുന്ന ഒരു ഫീൽ ഗുഡ് മൂവിയാണ് ‘ചാൾസ് എന്റർപ്രൈസസ്’. എന്താണ് ‘ചാൾസ് എന്റർപ്രൈസസ്’ എന്ന പേരിനു പിന്നിലെന്നു ചിന്തിക്കുന്നവർക്ക് അതിന്റെ ഉത്തരം ലഭിക്കാൻ ക്ലൈമാക്സ് വരെ കാത്തിരിക്കേണ്ടി വരും. പേരിൽ ഒളിപ്പിച്ചുവച്ചിരിക്കുന്ന ഈ കൗതുകം തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്.