ADVERTISEMENT

(വിജയം നേടുന്ന ഓരോ ബ്രാൻഡിനും പിന്നിൽ ബിസിനസ് സ്‌കൂളുകളിൽനിന്നു പഠിപ്പിച്ചു വിടുന്ന തിയറികളെക്കാൾ ഏറെ മുകളിൽ തങ്ങളുടെ കമ്പനിയെ, ഉൽപന്നത്തെ, ഉപഭോക്താക്കളെ, കൃത്യമായി തിരിച്ചറിഞ്ഞു ചേർത്തു നിർത്തുന്ന സാധാരണ തൊഴിലാളികളുടെ ഉൾക്കാഴ്ചകളുടെ കഥകളുണ്ടാകും, അത്തരത്തിലൊന്നാണ് സ്‌പൈസി ചീറ്റോസിന്റെ കഥ പറയുന്ന ‘ഫ്ലെമിന്‍ ഹോട്ട്’ എന്ന സിനിമ) 

 

വിജയത്തിന്റെ രുചിയെന്താണ്? മധുരം എന്നായിരിക്കും സാധാരണ എല്ലാവരും പറയുന്ന ഉത്തരം. എന്നാൽ മെക്സിക്കൻ വംശജനായ റിച്ചഡ് മൊണ്ടാനസ്സിനോട് ചോദിച്ചാൽ ഒരു നിമിഷം പോലും ചിന്തിക്കാതെ അയാൾ പറയും 'എരിവാ'ണ് വിജയത്തിന്റെ രുചിയെന്ന്. വെറുമൊരു ക്ലീനിങ് സ്റ്റാഫിൽ നിന്ന് താൻ ജോലി ചെയ്തിരുന്ന കമ്പനിയിലെ ഏറ്റവും ഉയർന്ന പദവിയിലെത്താൻ റിച്ചഡിനെ സഹായിച്ച സീക്രട്ട് ഫോർമുലയിലെ പ്രധാന ഘടകം നല്ല എരിവുള്ള മുളകാണ്. നിർവികാരതയുടെ വിളനിലമായ ചീറ്റോസ് പോലുള്ള ഉരുളക്കിഴങ്ങ് സ്നാക്സുകളെ, മലയാളിയുടെ ഭാഷയിൽ പറഞ്ഞാൽ നല്ല ചൊടിയുള്ളതാക്കി മാറ്റി, തന്റെ മാത്രമല്ല താൻ ജോലി ചെയ്യുന്ന കമ്പനിയുടെയും സഹപ്രവർത്തകരുടെയും ജീവിതം മാറ്റി മറിച്ച വ്യക്തിയാണ് പെപ്സികോയുടെ ഫ്രിറ്റോ ലെയ്‌സ് കമ്പനിയിൽ തൂപ്പുകാരനായി ജോലിക്ക് ചേർന്ന് മൾട്ടി കൾച്ചറൽ സെയിൽസ് ആൻഡ് മാർക്കറ്റിങ് ഹെഡ് ആയി വിരമിച്ച റിച്ചഡ് മൊണ്ടാനെസ്. അദ്ദേഹത്തിന്റെ എരിവും പുളിയുമുള്ള വിജയഗാഥയാണ് ഇപ്പോൾ ഡിസ്‌നി ഹോട്ട്സ്റ്റാറിലൂടെ ഇന്ത്യയിൽ റിലീസ് ആയ 'ഫ്ലെമിന്‍ ഹോട്ട്' എന്ന ഹോളിവുഡ് സിനിമ പറയുന്നത്.

 

വിവേചനങ്ങളുടെ വേദനയറിഞ്ഞ കുട്ടി

 

സ്കൂളിലും തെരുവുകളിലും മാത്രമല്ല, പോകുന്നിടങ്ങളിലെല്ലാം, മെക്സിക്കൻ കുടിയേറ്റക്കാരുടെ കണ്ണിയായതിന്റെ വേദന വേണ്ടതിലധികം അനുഭവിച്ചറിഞ്ഞ കുട്ടിയായിരുന്നു റിച്ചഡ്. സ്കൂളിൽ സമാധാനത്തോടെയിരുന്ന് ഉച്ചഭക്ഷണം പോലും കഴിക്കാൻ കഴിയാത്ത അവസ്ഥ. ഈ ദുരവസ്ഥയിൽ അവനു കൂട്ടായി മാറിയ കൂട്ടുകാരി ജൂഡി തന്നെയാണ് പിന്നീട് റിച്ചഡിന്റെ ജീവിതസഖിയും വിജയത്തിന്റെ വഴിവിളക്കുമായി മാറുന്നത്. സ്കൂളിലെ കുട്ടികൾക്കു ബാറിറ്റോസ് വിറ്റു കിട്ടിയ പണം കൊണ്ട് ജൂഡിക്കു സമ്മാനം വാങ്ങാൻ പോയ റിച്ചഡ് പൊലീസിന്റെ പിടിയിലാകുന്നു, ആ അറസ്റ്റ് മറ്റു പലരെയും പോലെ അവനെയും എത്തിച്ചത് കുറ്റകൃത്യങ്ങളുടെ പാതയിലേക്കാണ്. ഒരു വെള്ളക്കാരന്റെ കുട്ടിയായിരുന്നെങ്കിൽ തന്നെ ഒരിക്കലും അറസ്റ്റ് ചെയ്യില്ലായിരുന്നുവെന്ന് റിച്ചഡ് സ്വയം പറയുന്നുണ്ട്. കുട്ടിക്കാലത്തെ മറ്റൊരു സംഭവം പിന്നീട് തന്റെ നിശ്ചയദാർഢ്യത്തിനു പിന്നിലെ പ്രചോദനമായതിനെക്കുറിച്ചും റിച്ചഡ് കഥയുടെ ഒരു നിർണായക ഘട്ടത്തിൽ ഓർക്കുന്നുണ്ട്. സ്കൂളിൽ കുട്ടികളെ പഠിപ്പിക്കാൻ എത്തുന്ന വെള്ളക്കാരായ അധ്യാപകർ രണ്ടു വാഹനങ്ങളിൽ വച്ചാണ് കുട്ടികളെ കാണുന്നത്, ഒന്ന് വെള്ളക്കാർക്കും രണ്ടാമത്തേത് തവിട്ടു നിറമുള്ള തന്നെപ്പോലെ ഉള്ളവർക്കും വേണ്ടിയായിരുന്നുവെന്നു റിച്ചഡ് ഓർത്തെടുക്കുന്നുണ്ട്. വെള്ളക്കാരുടെ കുട്ടികൾ വാഹനത്തിൽ നിന്നിറങ്ങി വരുന്നത് കൈ നിറയെ കുക്കീസും കൊണ്ടായിരുന്നുവെന്നും താനൊരിക്കൽ രഹസ്യമായി അവിടെ കയറിപ്പറ്റി കൈ നിറയെ കുക്കീസുമായി തിരിച്ചു വന്നിട്ടുണ്ടെന്നും അതുകൊണ്ട്, അസാധ്യമായ പലതും ചെയ്യാൻ തന്നെക്കൊണ്ടു കഴിയുമെന്നും അയാൾ സ്വയം ബോധ്യപ്പെടുത്തുന്നുണ്ട്.  

 

flaming-hot-34

ജീവിതമെന്ന വിഷയത്തിലെ പിഎച്ച്ഡി

 

യൗവനത്തിൽ ലഹരിമരുന്നു വിതരണവും മോഷണങ്ങളും നടത്തി ജീവിക്കുമ്പോഴും കൂട്ടിനുണ്ടായിരുന്ന ജൂഡി ഗർഭിണിയായതോടെയാണ് താനിപ്പോൾ സഞ്ചരിക്കുന്ന കുറ്റകൃത്യങ്ങളുടെ പാതയിൽനിന്നു മാറി സഞ്ചരിക്കാൻ റിച്ചഡ് നിർബന്ധിതനാകുന്നത്. ജോലി തേടിയുള്ള ഒട്ടേറെ അലച്ചിലുകൾക്ക് ശേഷം, ലഹരിമരുന്നു കച്ചവടത്തിൽ തന്നോടൊപ്പമുണ്ടായിരുന്ന റോമെറോ എന്ന സുഹൃത്ത് വഴിയാണ് റിച്ചഡ് ഫ്രിട്ടോ ലെയ്സ് കമ്പനിയിൽ ജാനിറ്റർ ആയി ജോലിക്കു ചേരുന്നത്. തന്റെ ബയോഡേറ്റയിൽ നുണയെഴുതിയിട്ടു പോലും റിച്ചഡിനെ ജോലിക്ക് വയ്ക്കാനുള്ള സന്മനസ്സ് ലോണി മാൻസൺ എന്ന ഫ്ലോർ ഹെഡ് കാണിക്കുന്നു. തനിക്കു ഡിപ്ലോമ ഇല്ലെങ്കിലും പിഎച്ച്ഡി ഉണ്ടെന്നാണ് റിച്ചഡ് ലോണിയോടു പറയുന്നത്. റിച്ചഡിന്റെ ഭാഷയിൽ പൂവർ, ഹംഗ്രി ആൻഡ് ഡിറ്റർമിന്റ് എന്നാണ് പിഎച്ച്ഡിയുടെ അർഥം. 

 

അതിജീവനത്തിനായുള്ള പോരാട്ടം

 

ചെറുപ്പത്തിൽത്തന്നെ യന്ത്രങ്ങളെ സ്നേഹിക്കുകയും അവയുടെ പ്രവർത്തനം പഠിക്കാനും റിപ്പയർ ചെയ്യാനുമൊക്കെ താൽപര്യം കാണിക്കുകയും ചെയ്തിരുന്ന റിച്ചഡ് ആ കമ്പനിയിലെ മെയിന്റനൻസ് ലീഡ് ആയ ക്ലാരൻസ് സി.ബേക്കർ എന്ന സെൽഫ് മേഡ് എൻജിനീയറുടെ പ്രീതി പിടിച്ചു പറ്റുന്നു. കറുത്ത വർഗക്കാരനായ ക്ലാരൻസിനു റിച്ചഡിന്റെ മനസ്സ് എളുപ്പത്തിൽ വായിച്ചെടുക്കാൻ കഴിയുന്നു. അതുകൊണ്ടുതന്നെ തനിക്കറിയാവുന്ന കാര്യങ്ങൾ റിച്ചഡിനെക്കൂടി പഠിപ്പിക്കാനുള്ള സന്മനസ്സും അയാൾ കാണിക്കുന്നു. ജോലിയും കുടുംബവുമൊക്കെയായി റിച്ചഡിന്റെ ജീവിതം അല്ലലില്ലാതെ മുന്നേറുമ്പോഴാണ്‌ റൊണാൾഡ്‌ റീഗൻ ഭരണകൂടത്തിന്റെ നടപടികളുടെ അനന്തരഫലമായി സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതും പല കമ്പനികളിലെയും താഴെക്കിടയിലുള്ള തൊഴിലാളികളുടെ ജോലി നഷ്ടപ്പെട്ടു തുടങ്ങിയതും. ഈ സാഹചര്യത്തിൽ കമ്പനി തലവനായ റോജർ എൻറിക്കോ തന്റെ ജീവനക്കാർക്കായുള്ള ഒരു വിഡിയോ സന്ദേശം റെക്കോർഡ് ചെയ്തു. അതിൽ, ഓരോരുത്തരും താൻ കമ്പനിയുടെ സിഇഒ ആണെന്ന രീതിയിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്താലേ കമ്പനിക്ക് ഇനി രക്ഷയുള്ളൂ എന്നാണു പറഞ്ഞത്. ആരും ഗൗരവമായി കാണാത്ത ആ സന്ദേശത്തെ ശ്രദ്ധാപൂർവം വീക്ഷിക്കുകയും അതിനെ മനസ്സിൽ ചേർത്തു നിർത്തി തന്റെ കമ്പനിയുടെ പരാജയകാരണം മനസ്സിലാക്കാൻ ശ്രമിക്കുകയും അതിനു മികച്ച പരിഹാരം കാണുകയുമാണ് റിച്ചഡ് ചെയ്തത്.

flaming-hot-3

 

ഉപഭോക്താക്കളുടെ രുചിയറിയണം.

 

ഏതൊരുൽപന്നവും വലിയ വിജയമാകുന്നത്, ഉപഭോക്താക്കൾക്കു വേണ്ടതെന്തെന്നു കൃത്യമായി മനസ്സിലാക്കാൻ അതിന്റെ നിർമാതാക്കൾക്കു കഴിയുമ്പോഴാണ്. ഉപഭോക്താക്കൾ ഇഷ്ടപ്പെടുന്ന, അവർ തേടുന്ന രുചികളിലേക്ക് ഒരുൽ‌പന്നത്തിനെത്താൻ കഴിയുന്നില്ലെങ്കിൽ അവരതിനെ കൈ വിടുമെന്നതിൽ ഒട്ടും സംശയം വേണ്ട. ഫാക്ടറിയിൽ ജോലിയില്ലാത്ത സമയത്ത് സൂപ്പർ മാർക്കറ്റുകളിൽ തങ്ങളുടെ പ്രോഡക്ട് എത്തിക്കാനും അത് ഷെൽഫുകളിൽ അടുക്കി വയ്ക്കാനുമൊക്കെ സഹായിച്ചിരുന്ന റിച്ചഡ് തന്റെ സുഹൃത്തിനോട് പങ്കുവയ്ക്കുന്ന ഒരു സംശയമുണ്ട്. ‘‘തങ്ങൾക്ക് എന്തുകൊണ്ടാണ് തങ്ങളുടെ തന്നെ ഉൽപന്നങ്ങളുടെ രുചി പിടിക്കാത്തത്?’’. അതിനയാൾക്ക് ഉത്തരം കിട്ടുന്നത് അയാളെപ്പോലുള്ള മെക്സിക്കൻ വംശജരുടെ ഭക്ഷണ ശൈലിയിലേക്കു സ്വയം തിരിഞ്ഞു നോക്കുമ്പോഴാണ്. ഏതു ഭക്ഷണവും എരിവോടെ കഴിക്കാൻ ഇഷ്ടപ്പെടുന്ന അവർക്കെങ്ങനെ ഫ്രിട്ടോ ലെയ്‌സിന്റെ സാധാരണ ഫ്ലേവറുകൾ ഇഷ്ടമാകും? ഈ തിരിച്ചറിവിലാണ് തന്റെ ഭാര്യ ജൂഡിയുടെയും രണ്ടു പുത്രന്മാരുടെയും സഹായത്തോടെ, ആ നഗരത്തിൽ ലഭ്യമായ എല്ലാ മുളകു വകഭേദങ്ങളും വാങ്ങി ‘ഫ്ലെമിന്‍ ഹോട്ട്’ ചീറ്റോസ് ഉണ്ടാക്കാനുള്ള പരിശ്രമത്തിനു റിച്ചഡ് ഇറങ്ങിത്തിരിക്കുന്നത്. ഒട്ടേറെ പരാജയങ്ങൾക്ക് ശേഷം, റിച്ചഡിന്റെ രണ്ടാമത്തെ മകന്റെ ഭാഷയിൽ പറഞ്ഞാൽ ‘ബാഡ് ഹോട്ട്’ അല്ല ‘ഗുഡ് ഹോട്ട്’ അതായത് ‘നല്ല എരിവ്’ എന്ന ഫോർമുല അവർ കണ്ടെത്തുന്നു. അതുമായി ഫാക്ടറിയിൽ എത്തുന്ന റിച്ചഡിന് ഇനി വേണ്ടത് ഈ ഫ്ലേവർ തങ്ങളുടെ കമ്പനിയുടെ തലവനിലേക്ക് എത്തിക്കുക എന്നതാണ്. തന്റെ മേലുദ്യോഗസ്ഥരുടെ നിരുൽസാഹപ്പെടുത്തലുകൾ വകവയ്ക്കാതെ, പണ്ട് വെള്ളക്കാരുടെ ട്രെയ്‌ലറിൽ കയറി കുക്കീസ് എടുത്തു കൊണ്ടു വന്ന കുട്ടിയെപ്പോലെ, അതയാൾ നേടിയെടുക്കുന്നു.

 

പാറ്റിയുടെ 'ട്രാഫിക്' ആക്ട്

 

ഈ കഥയെ വഴി തിരിച്ചു വിടുന്ന കഥാപാത്രം ഏതാണെന്നു ചോദിച്ചാൽ ഞാൻ നിസ്സംശയം പറയും പെപ്സികോ തലവനായ റോജർ എൻറികോയുടെ പഴ്സനൽ സെക്രട്ടറി പാറ്റി ആണെന്ന്. ഒരു കമ്പനിയുടെ തലപ്പത്തിരിക്കുന്ന ഒരാളെ നേരിട്ടു വിളിക്കാൻ ധൈര്യം കാണിച്ച അതേ കമ്പനിയിലെ തന്നെ തൂപ്പുകാരന്റെ ഫോൺ കോൾ അവർക്ക് അവഗണിക്കാമായിരുന്നു, ഈ അവിവേകം കാണിച്ചതിന് അയാൾക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യാമായിരുന്നു. അതിനു പകരം അവൾ ചെയ്തത് ആ കാൾ എൻറിക്കോക്ക് കണക്ട് ചെയ്തു എന്ന ഏറ്റവും വലിയ കാര്യമാണ്. തന്നെ വിളിച്ച തൂപ്പുകാരന്റെ കയ്യിലുള്ള ഐഡിയയെക്കാൾ എൻറിക്കോയിൽ അദ്ഭുതം ഉണർത്തിയത് താൻ മനസ്സിൽ തട്ടി റെക്കോർഡ് ചെയ്ത വിഡിയോ സന്ദേശം തന്റെ കമ്പനിയിലെ ജീവനക്കാരിൽ ഒരാളെങ്കിലും കേട്ടുവെന്നതും അതിൽ താൻ ആവശ്യപ്പെട്ടതുപോലെ, ആ ജീവനക്കാരൻ സിഇഒ ചിന്തിക്കുന്ന പോലെ ചിന്തിക്കാൻ ആരംഭിച്ചു എന്നുള്ളതുമാണ്. ഒരു കമ്പനി ഉടമയ്ക്ക് ഇതിൽ പരം സന്തോഷവും അഭിമാനവും എന്താണുള്ളത്?

 

എൻറിക്കോയുടെ നിർദ്ദേശ പ്രകാരം റിച്ചഡ് സ്‌പൈസി ചീറ്റോസ് സാംപിളുകളുണ്ടാക്കി ഹെഡ് ഓഫിസിലേക്ക് അയയ്ക്കുന്നു. അതിന്റെ ‘ഗുഡ് ഹോട്ട്’ രുചി ഇഷ്ടപ്പെട്ട എൻറിക്കോ ഫാക്ടറിയിലേക്ക് നേരിട്ടെത്തുകയും ഫ്ലെമിന്‍ ഹോട്ട് ചീറ്റോസ് ഉൽപാദിപ്പിക്കാൻ ഔദ്യോഗികമായി തീരുമാനിക്കുകയും റിച്ചഡിനു വേണ്ട സഹായം ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്യുന്നു. ചൂടൻ ചീറ്റോസ് നിർമാണം പൊടിപൊടിക്കുകയും സൂപ്പർ മാർക്കറ്റിലെ ഷെൽഫുകളിൽ സാദാ ചീറ്റോസിനൊപ്പം ഫ്ലെമിന്‍ ഹോട്ട് പാക്കറ്റുകളും സ്ഥാനം പിടിക്കുന്നു. എന്നാൽ റിച്ചഡിന്റെയും ടീമിന്റെയും പ്രതീക്ഷകളെ തകിടം മരിച്ചു കൊണ്ട് ഒരൊറ്റ പാക്കറ്റ് പോലും വിറ്റു പോകാതെ ഫ്ലെമിന്‍ ഹോട്ട് ഒരു വൻ പരാജയമായി മാറുന്നു.

 

പരസ്യമില്ലാതെ കച്ചോടമില്ല! 

 

തന്റെ നാടിന്റെ രുചിയിൽ താൻ നിർമിച്ച ഫ്ലെമിന്‍ ഹോട്ട് എങ്ങനെ പരാജയമായി എന്ന് എത്ര ചിന്തിച്ചിട്ടും റിച്ചഡിനു പിടികിട്ടുന്നില്ല. പക്ഷേ അത്രയൊന്നും തല പുകയ്ക്കാതെ തന്നെ റിച്ചഡിന്റെ മൂത്ത മകന് അതിന്റെ കാരണം കണ്ടെത്താനാകുന്നു. കാരണം ലളിതമാണ്. ഫ്രിട്ടോ ലെയ്സിന്റെ മറ്റെല്ലാ ഉൽപന്നങ്ങൾക്കും പരസ്യമുണ്ട്. ഫ്ലെമിന്‍ ഹോട്ടിന് മാത്രം പരസ്യമില്ല. പരസ്യമില്ലാതെ എങ്ങനെ ആളുകൾ ഇത്ര നല്ലൊരുൽപന്നം മാർക്കറ്റിൽ എത്തിയിട്ടിട്ടുണ്ട് എന്നറിയും? സംഗതി സത്യമാണെന്നു മനസ്സിലാക്കുന്ന റിച്ചഡ്, ഫ്ലെമിന്‍ഹോട്ട് കണ്ണു വയ്ക്കുന്ന മാർക്കറ്റിലേക്ക് കൃത്യമായി എങ്ങനെ ഉൽപന്നത്തിന്റെ സാംപിൾ എത്തിക്കാമെന്നാലോചിക്കുന്നു. അതിനായി അയാൾ തിരഞ്ഞെടുക്കുന്നത് തന്റെ യൗവനകാലത്ത് തന്നോടൊപ്പം ലഹരിമരുന്നു വിറ്റുനടന്ന സംഘത്തെയാണ്. അവർക്കു വിൽക്കാൻ കഴിയാത്തതായി ഒന്നുമില്ല എന്ന കാര്യം ബോധ്യപ്പെടുത്തിയാണ് റിച്ചഡ് ഫ്രിട്ടോ ലെയ്സിലെ തന്റെ സഹപ്രവർത്തകരെ വിശ്വാസത്തിലെടുക്കുന്നത്. ഈ സംഘത്തിന്റെ സഹായത്തോടെ ഫ്ലെമിന്‍ ഹോട്ട് നാടിന്റെ നാനാഭാഗത്തുമെത്തിച്ചതോടെ ഫ്രിട്ടോ ലെയ്സിന്റെ ചരിത്രത്തിൽ വിജയത്തിന്റെ ഒരു പുതിയ അധ്യായം ആരംഭിക്കുകയായി.

 

വിശ്വസിക്കേണ്ടത് കാഴ്ചകളെ അല്ല, കാഴ്ചപ്പാടുകളെയാണ്

 

‘എന്തിനാണ് ഈ തൂപ്പുകാരന്റെ ആശയത്തിനായി നിങ്ങൾ ഇത്ര ഇൻവെസ്റ്റ്‌മെന്റ് നടത്തുന്നത്?’ എന്ന് കമ്പനിയിലെ ഉന്നതാധികാരികൾ ചോദിക്കുമ്പോൾ പെപ്സികോ തലവൻ റോബർട്ട് എൻറിക്കോ പറയുന്നൊരു ഉത്തരമുണ്ട്. ‘‘ഞാൻ ഇൻവെസ്റ്റ് ചെയ്യുന്നത് തൂപ്പുകാരനിലല്ല, അയാളുടെ വിഷനിൽ ആണ്. ‘നിറമുള്ള’വരുടെ രുചികളുടെ വർണങ്ങൾ തിരിച്ചറിയാനും അതിലൂടെ ഒരു വലിയ മാർക്കറ്റ് തങ്ങൾക്കായി തുറന്നു നൽകാനുമുള്ള അയാളുടെ കഴിവിലും വിശ്വാസത്തിലുമാണ്.’’ അതുകൊണ്ട് തന്നെയാണ് തൂപ്പുകാരനിൽനിന്ന് അയാൾ പെപ്സികോയുടെ മൾട്ടി കൾച്ചറൽ സെയിൽസ് ആൻഡ് മാർക്കറ്റിങ് തലവനായി ഉയർത്തപ്പെടുന്നതും.

 

ഒരു നടി സവിധായികയാകുമ്പോൾ

 

ബോക്സ്ഓഫിസിലും നിരൂപകർക്കിടയിലും ഒരു പോലെ മികച്ച അഭിപ്രായം നേടിയ ‘ഫ്ലെമിന്‍ ഹോട്ട്’ സംവിധാനം ചെയ്തിരിക്കുന്നത് മെക്സിക്കൻ വംശജയായ ഹോളിവുഡ് നടി ഈവ ലോംഗോറിയയാണ്. തന്റെ ആദ്യ സംവിധാന സംരഭത്തിന് അവർ ആധാരമാക്കിയത് റിച്ചഡ് മൊണ്ടാനസ്സിന്റെ ആത്മകഥയായ A Boy, a Burrito, and a Cookie, and Flamin' Hot: The Incredible True Story of One Man's Rise from Janitor to Top Executive എന്ന പുസ്തകത്തെയാണ്. മനോഹരമായ അഭിനയമികവോടെ റിച്ചഡ് മോന്റൻസിനെ സ്‌ക്രീനിൽ അവതരിപ്പിച്ചിരിക്കുന്നത് ജെസ്സി ഗാർഷ്യ എന്ന യുവ നടനാണ്. 2007 ൽ മികച്ച നടനുള്ള അൽമ അവാർഡ് നേടുകയും അവഞ്ചേഴ്സിൽ ഒരു കാമിയോ റോളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുള്ള ഈ നടന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് ആണ് ഫ്ലെമിന്‍ ഹോട്ടിലേത്. എടുത്തു പറയേണ്ട മറ്റൊരു പെർഫോമൻസ് ആണ് ക്ലാരൻസ് സി ബേക്കർ ആയി വേഷമിട്ട ഡെന്നിസ് ഹേയ്സ്ബെർട്ടിന്റേത്. ലൂസിഫർ, 24 തുടങ്ങിയ വെബ് സീരീസുകളിലൂടെ ഇന്ത്യൻ പ്രേക്ഷകർക്കും പരിചിതനായ ടെന്നിസിന്റെയും കരിയറിലെ മികച്ച വേഷങ്ങളിൽ ഒന്നാണ് ക്ലാരൻസ് എന്ന സെൽഫ് മെയ്ഡ് എൻജിനീയറുടേത്.

വാൽക്കഷ്ണം

 

ബ്രാൻഡുകൾ ഉണ്ടാകുന്നത് ഇങ്ങനെയാണ്.

 

റിച്ചഡിന്റെ ഐഡിയ കേൾക്കാൻ പെപ്സികോ തലവൻ റോജർ എൻറിക്കോ റിച്ചഡ് ജോലി ചെയ്യുന്ന ഫ്രിട്ടോ ലെയ്സ് ഫാക്ടറിയിലേക്കു ചെല്ലാൻ തീരുമാനിക്കുന്നതോടെ, തന്റെ ഐഡിയ ഒരു പ്രസന്റേഷൻ ആയി എൻറിക്കോക്ക് മുന്നിൽ അവതരിപ്പിക്കേണ്ട ചുമതല റിച്ചഡിൽ പതിക്കുന്നു. ഹൈസ്കൂൾ പോലും പാസാകാത്ത, കംപ്യൂട്ടർ പരിജ്ഞാനമില്ലാത്ത റിച്ചഡ് എങ്ങനെ ഒരു ബിസിനസ് പ്രസന്റേഷൻ നടത്തും? അതിനായി ഭാര്യ അയാളെ ലൈബ്രറിയിൽ കൊണ്ടു പോകുന്നു. ഭാര്യയും മക്കളും ചേർന്ന് അയാളെ പല കാര്യങ്ങളും പഠിപ്പിക്കുന്നു, പ്രസന്റേഷന്റെ തലേന്ന് പുതിയ വസ്ത്രങ്ങൾ വാങ്ങാൻ ചെല്ലുന്ന കടയിൽ റിച്ചഡിന്റെ ഭാര്യ ജൂഡി അയാൾക്കായി ഒരു ടൈ കണ്ടെത്തുന്നു. വെറും മൂന്നു ഡോളറിന് ‘വെർസാചെ’ എന്ന ലക്‌ഷ്വറി ഫാഷൻ ബ്രാൻഡിന്റെ ടൈ കിട്ടിയതിൽ അവൾ ആദ്യം സന്തോഷിക്കുന്നുണ്ടെങ്കിലും രണ്ടാമത്തെ നോട്ടത്തിൽ, സമാനമായ പേരുള്ള ഒരു ഡ്യൂപ്ലിക്കേറ്റ് ബ്രാൻഡ് ആണ് അതെന്നു അവൾ തിരിച്ചറിയുന്നു. ടൈ ഏതു ബ്രാൻഡിന്റെതാണെങ്കിലും അതെങ്ങനെ ധരിക്കണമെന്ന് റിച്ചഡിനു വശമുണ്ടായിരുന്നില്ല; ജൂഡിക്കും. തന്റെ പിതാവിന്റെ സഹായത്തോടെ ജീവിതത്തിൽ ആദ്യമായി ടൈ ധരിച്ചു പ്രസന്റേഷനു പോയ റിച്ചഡ് അവസാനം തനിക്കു മൾട്ടി കൾച്ചറൽ സെയിൽസ് ആൻഡ് മാർക്കറ്റിങ് ഹെഡ് പദവി ലഭിച്ചപ്പോൾ തന്റെ ഭാര്യയെ വിളിച്ചു പറയുന്നത് ഇതാണ്: ‘‘ജൂഡി, നമുക്കിനി കുറെ അധികം ടൈ വേണ്ടി വരും!’’

 

English Summary: Flamin’ Hot movie review: Eva Longoria’s Cheetos film is exciting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com