ADVERTISEMENT

യമുന പോലെ സുന്ദരമായി ഒഴുകുന്ന ജീവിതങ്ങള്‍. അവിടെ നാട്ടിന്‍പുറത്തിന്റെ സ്‌നേഹവും നിഷ്‌കളങ്കതയുമുണ്ട്. സൗഹൃദത്തിന്റെ ഊഷ്മളതയും തമാശകളുമുണ്ട്. പ്രതീക്ഷയുടെ പ്രകാശവും നന്മകളുമുണ്ട്. പ്രേക്ഷകരില്‍ ചിരിച്ച് ഉല്ലസിക്കാൻ പറ്റുന്ന നല്ല നിമിഷങ്ങൾ പകരുന്ന ചിത്രമാണ് നദികളില്‍ സുന്ദരി യമുന. പോയ കാലത്തിലെ നല്ല സിനിമകളുടെ ഓര്‍മപ്പെടുത്തലായി മാറാനുള്ള ശ്രമമാണ് ഈ ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം. അതുകൊണ്ടു കൂടിയാകാം ‘വെള്ളാരപ്പൂമല മേലെ’ എന്ന ഗാനം പതിറ്റാണ്ടുകള്‍ക്കിപ്പുറം തിയറ്ററില്‍ കേള്‍ക്കുമ്പോള്‍ ഗൃഹാതുരതയുടെ സംഗീതമായും പരിണമിക്കുന്നത്.

കടമ്പേരി എന്ന ഗ്രാമത്തിലെ നിഷ്‌കളങ്കനായ ചെറുപ്പക്കാരനാണ് കണ്ണന്‍. രാഷ്ട്രീയവും സൗഹൃദവും ആഘോഷമായി കൊണ്ടാടുന്ന കണ്ണന് കല്യാണപ്രായമായി എന്ന തോന്നല്‍ വന്നതോടെ അയാളുടെ ജീവിതം മാറിമറിയുകയാണ്. ഇതിനിടയില്‍, ശത്രുപക്ഷത്തുള്ള വിദ്യാധരനും പെണ്ണു തേടിയുള്ള യാത്രകള്‍ ഉഷാറാക്കി. രണ്ടുപേരുടെയും പെണ്ണുകാണല്‍ യാത്രകളും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് നദികളില്‍ സുന്ദരി യുമന.

തുടക്കം മുതല്‍ അവസാനം വരെ സിനിമ തമാശ കലര്‍ത്തി പറയാനാണ് ശ്രമിക്കുന്നത്. അതു തന്നെയാണ് ചിത്രത്തെ പ്രേക്ഷകരിലേക്കു കൂടുതൽ അടുപ്പിക്കുന്നതും. ലളിതമായൊരു കഥ, അത് സത്യസന്ധമായി തന്നെ അവതരിപ്പിച്ചിരിക്കുന്നു. അപ്പോഴും കുടുംബ ബന്ധങ്ങളുടെ ആഴം സിനിമയില്‍ കൃത്യമായി അടയാളപ്പെടുത്തുന്നത് കാണാം. കണ്ണനായി ചിത്രത്തില്‍ നിറഞ്ഞാടുന്ന ധ്യാനിന്റെ പ്രകടനമാണ് സിനിമയുടെ ജീവന്‍. ഒപ്പം അജു വര്‍ഗീസ് കൂടി ചേര്‍ന്നതോടെ സിനിമ പ്രേക്ഷകരെ പിടിച്ചിരുത്തുന്നുണ്ട്.

ചെറിയ തമാശകളുമായി ഒഴുക്കിനൊത്തു പോകുന്ന ആദ്യ പകുതി. രണ്ടാം പകുതിയാണ് പ്രേക്ഷകരെ സിനിമയിലേക്ക് കൂടുതല്‍ ചേര്‍ത്തു നിര്‍ത്തുന്നതും കഥയിലൊരു രസമുണ്ടാക്കുന്നതും. അപ്രതീക്ഷിതമായ ക്ലൈമാക്‌സ് സിനിമയ്ക്ക് വലിയ ജീവന്‍ നല്‍കുന്നുണ്ട്. ധ്യാനിന്റെ സാന്നിധ്യം ഒരോ സീനിനും കൂടുതല്‍ ജീവന്‍ പകരുന്നതാണ്. ചെറിയ മൂളലുകളില്‍പോലും തമാശ കലര്‍ത്തി ധ്യാന്‍ ചിരിക്കുള്ള വക നല്‍കുന്നുണ്ട്. കോമഡി ടൈമിങുകളിലൂടെ തന്റെ കഥാപാത്രത്തെ മികച്ചതാക്കാന്‍ അജു വര്‍ഗീസിനായി. പ്രതീക്ഷയേകുന്ന നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

കണ്ണൂരിന്റെ പശ്ചാത്തലം കൃത്യമായി അടയാളപ്പെടുത്താന്‍ സിനിമയ്ക്കു കഴിഞ്ഞു. അവിടുത്തെ രാഷ്ട്രീയം, വിശ്വാസം, ഭാഷ, അന്തരീക്ഷം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ സിനിമയ്ക്ക് കൂടുതല്‍ മിഴിവേകുന്നുണ്ട്.

വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഭാവിയിലും രസകരമായ സിനിമകൾക്കു വക നല്‍കുന്ന കൂട്ടുകെട്ടാണ് ഇരുവരുടേതും. ഫൈസല്‍ അലിയുടെ ഛായാഗ്രഹണം സിനിമയെ ആസ്വാദ്യമാക്കുന്നതില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. അരുണ്‍ മുരളീധരന്റെ പാട്ടുകളും ഹൃദ്യമാണ്. തമാശകളും നാടൻ ശൈലിയുമൊക്കെയായി പ്രേക്ഷകർക്കു മനസ്സറിഞ്ഞ് ചിരിക്കാവുന്ന മനോഹര ചിത്രമാണ് നദികളിൽ സുന്ദരി യമുന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com