ശേഷം സിനിമയിൽ കസറി കല്യാണി; റിവ്യു
Sesham Mikeil Fathima Review
Mail This Article
കാൽപന്തിന്റെ ത്രസിപ്പിക്കുന്ന കമന്ററിയുടെ രസക്കൂട്ടുമായി ഫാത്തിമയുടെ നാളുകൾ തുടങ്ങുകയാണ്. എത്തിപ്പിടിക്കാൻ പറ്റാത്ത ദൂരത്തുകണ്ട സ്വപ്നത്തിലേക്കുള്ള ആദ്യ ചവിട്ടുപടി താണ്ടിക്കഴിഞ്ഞു ഫാത്തിമ. സിനിമയിലെ നായികയെപ്പോലെ, നക്ഷത്രദൂരമുണ്ടായിരുന്ന തന്റെ സ്വപ്നത്തിലേക്കുള്ള ആദ്യ പടി ചവിട്ടിkdകയറിയ മനു സി. കുമാർ എന്ന സംവിധായകന് ഇനി ചങ്കൂറ്റത്തോടെ തലയുയർത്തി നിൽക്കാം. ‘ശേഷം മൈക്കിൽ ഫാത്തിമ’ എന്ന തന്റെ ആദ്യ ചിത്രത്തിൽ തന്നെ മലയാള സിനിമയിൽ സ്വന്തം പേര് അടയാളപ്പെടുത്താൻ പാകത്തിനുള്ള സംവിധായകനാണ് താനെന്ന് മനു സി. കുമാർ തെളിയിക്കുകയാണ്. മനു കണ്ട സ്വപ്നത്തെ കല്യാണി പ്രിയദർശൻ എന്ന താരം ഒറ്റയ്ക്ക് ചുമലേറ്റി വിജയിപ്പിക്കുകയാണ് ‘ശേഷം മൈക്കിൽ ഫാത്തിമ’ എന്ന ചിത്രത്തിലൂടെ.
ഫുട്ബോളിനെ ഖൽബിലെ തുടിപ്പായി കൊണ്ടുനടക്കുന്ന, മലപ്പുറത്തെ ഒരു സാധാരണ മുസ്‌ലിം കുടുംബത്തിലെ അംഗമാണ് ഫാത്തിമ. കുഞ്ഞുന്നാൾ മുതൽ പ്രസരിപ്പോടെ നാട്ടുകാര്യങ്ങൾ തിരക്കി ഓടിനടക്കുന്ന വായാടിയായ ഫാത്തിമയെ നാട്ടുകാർ വിളിക്കുന്നത് ചെലമ്പച്ചി എന്നാണ്. ഉപ്പ മുനീറും ഇക്ക അസിയും ഫുട്ബോൾ ഭ്രാന്തന്മാരായതു കാരണം, ഗ്രൗണ്ടിൽ കളിച്ചു വളർന്ന ഫാത്തിമയുടെ കരളിലും ഫുട്ബോൾ കയറിക്കൂടി. ഫുട്ബോൾ കളിക്കണമെന്ന ആഗ്രഹമായിരുന്നില്ല, മറിച്ച് കളി കണ്ടുകണ്ട് കളിയുടെ പതിനെട്ടടവും പഠിച്ച ഫാത്തിമയ്ക്ക് ഫുട്ബോൾ കമന്റേറ്ററാകണമെന്നായിരുന്നു പൂതി. സ്വന്തം ഇക്ക നടത്തുന്ന കളിയുടെ തന്നെ കമന്ററി പറഞ്ഞ് ഫാത്തിമ തന്റെ സ്വപ്നത്തിലേക്കുള്ള ആദ്യ ചുവടുവച്ചു. പ്രായം കഴിയുന്നതിനു മുൻപ് മകളെ കെട്ടിച്ചയയ്ക്കണമെന്ന ഉപ്പയുടെ ആഗ്രഹം കാറ്റിൽ പറത്തി ഫാത്തിമ തന്റെ സ്വപ്ന സാക്ഷാത്കാരത്തിനായി കൊച്ചിക്കു വണ്ടികയറി. പക്ഷേ നഗരത്തിലെ കളി നാട്ടിൻപുറത്തെ കൊച്ചു ഗ്രൗണ്ടിലെ നന്മയുടെ കാൽപന്തുകളി ആയിരുന്നില്ല. ചതിയുടെയും വഞ്ചനയുടെയും കാലുവാരലിന്റെയും മൈതാനത്തിൽ ചെലമ്പച്ചി എന്ന ഫാത്തിമ ആദ്യമായി കാലിടറി വീണു.
വ്‌ളോഗർ ബീവാത്തുവായുള്ള ‘തല്ലുമാല’യിലെ തകർപ്പൻ പ്രകടനത്തിനു ശേഷം കല്യാണി പ്രിയദർശൻ തകർത്തഭിനയിച്ച കഥാപാത്രമാണ് ഫാത്തിമ. കല്യാണിയുടെ ഒറ്റയാൾ പോരാട്ടമാണ് ഈ ചിത്രത്തിന്റെ വിജയത്തിന് പിന്നിൽ. സിനിമയുടെ തുടിപ്പും പ്രസരിപ്പും ജീവനും ഊർജവും കല്യാണിയാണ്. സംവിധായകനായ അച്ഛനും നടിയായ അമ്മയും ഉള്ളതുകൊണ്ട് ശുപാർശയോടെ വെറുതെ സിനിമയിലേക്കു കടന്നുവന്നതല്ല താനെന്ന് കല്യാണി വീണ്ടും വീണ്ടും തെളിയിക്കുകയാണ്. മലയാളം സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്ന കല്യാണി നല്ല ഒഴുക്കോടെ മലപ്പുറം ഭാഷാശൈലി സംസാരിച്ച് സ്വയം ഡബ്ബ് ചെയ്തതും ചിത്രത്തിന്റെ പ്രത്യേകതയാണ്. പ്രേക്ഷകരെ ഏറെ രസിപ്പിച്ചും ചിരിപ്പിച്ചും ഇടയ്ക്കിടെ കണ്ണ് നനയിച്ചും തന്റെ കൂടെ കൂട്ടുകയാണ് കല്യാണിയുടെ ഫാത്തിമ.
‘മിന്നൽ മുരളി’യിലൂടെ സിനിമയിലേക്കെത്തിയ ഫെമിന ജോർജ് ആണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടൻ സുധീഷ് ഫാത്തിമയുടെ ഉപ്പയായും അനീഷ് മേനോൻ ഇക്കയായും അഭിനയിക്കുന്നു. ഷഹീൻ സിദ്ദീഖ്. മാല പാർവതി, സാബുമോൻ അബുസമദ്, നവാസ് വള്ളിക്കുന്ന്, സരസ ബാലുശ്ശേരി, ഷാജു, ഉണ്ണിമായ പ്രസാദ് എന്നിവരോടൊപ്പം ഗൗതം മേനോനും ഷൈജു ദാമോദരനും ബാലചന്ദ്രൻ ചുള്ളിക്കാടും അതിഥി താരങ്ങളായി എത്തുന്നുണ്ട്.
ശേഷം ഫാത്തിമയിലൂടെ മലയാള സിനിമയ്ക്ക് മികച്ചൊരു സംവിധായകനെയും എഴുത്തുകാരനെയും കൂടി ലഭിക്കുകയാണ്. ഒരു രംഗം പോലും ബോറടിപ്പിക്കാതെ, വലിച്ചു നീട്ടാതെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒരു ടെക്നിക് ഈ ചിത്രത്തിലുണ്ട്. കാൽപന്തുകളിയുടെ മാസ്മരികതയത്രയും നിറച്ച കമന്ററിയുടെ എഴുത്ത് മാത്രം മതി ഫുട്ബാൾ പ്രേമികളെ തീയേറ്ററിലേക്ക് ആവാഹിക്കാൻ. ഷൈജു ദാമോദരന്റെ ‘നിങ്ങളിത് കാണുക’ എന്ന കമന്ററിക്ക് കയ്യടിച്ച ആസ്വാദകർ ഫാത്തിമയുടെ മലപ്പുറം ശൈലിയിലെ ഫുട്ബോൾ കമന്ററിക്കും കയ്യടിക്കും. ഫുട്ബോൾ ഗ്രൗണ്ടിന്റെ സൗന്ദര്യം അപ്പാടെ ഒപ്പിയെടുത്ത് പ്രേക്ഷകനെ ഹൃദ്യമായി സിനിമയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഛായാഗ്രാഹകൻ സന്താന കൃഷ്ണ രവിചന്ദ്രന്റെ കൈവിരുന്ന് ശ്രദ്ധേയമാണ്. പുതുതലമുറയെ പിടിച്ചിരുത്തുന്ന ത്രില്ലടിപ്പിക്കുന്ന പശ്ചാത്തല സംഗീതവും ഗാനങ്ങളുമാണ് ഹിഷാം അബ്ദുൽ വഹാബിന്റെ സമ്മാനം. ചിത്രത്തിൽ അനിരുദ്ധ് രവിചന്ദ്രർ പാടിയ ടട്ട റ്റട്ടാറ എന്ന ഗാനം നേരത്തേ തന്നെ വൈറലായിരുന്നു.
കമന്‍ററിയാണ് കളിയുടെ ജീവൻ എന്ന ടാഗ് ലൈനോടെ വന്ന ചിത്രം അക്ഷരാർഥത്തിൽ നീതി പുലർത്തിയിട്ടുണ്ട്. ഫാത്തിമയുടെ കമന്ററി തന്നെയാണ് ചിത്രത്തിന്റെ ജീവൻ. പ്രണയവും തല്ലും ത്രില്ലറുമില്ലാതെ കാണികളെ പിടിച്ചിരുത്താൻ കഴിയും എന്ന് മനു എന്ന നവാഗത സംവിധായകൻ തെളിയിക്കുകയാണ്. ഫുട്ബോൾ പ്രേമികളെ മാത്രമല്ല എല്ലാ തരം പ്രേക്ഷകരെയും തിയറ്ററുകളിലേക്ക് ആകർഷിക്കാൻ പോന്ന ചിത്രം തന്നെയാണ് ‘ശേഷം മൈക്കിൽ ഫാത്തിമ’.