ഏഴഴകുള്ള ഗോപുരം; ‘മാരിവില്ലിൻ ഗോപുരങ്ങൾ’ റിവ്യു
Marivillin Gopurangal Review
Mail This Article
സൗഹൃദം, പ്രണയം, വിവാഹം, കുട്ടികൾ– കാലമോ തലമുറയോ മാറി വന്നാലും ജീവിതത്തിലെ ഈ സമവാക്യത്തിൽ കാര്യമായ മാറ്റങ്ങളൊന്നും സംഭവിക്കാറില്ല. അങ്ങനെ ആവർത്തിക്കപ്പെടുന്ന ഈ ടെംപലേറ്റിൽ നിന്നുകൊണ്ട് കഥ പറയുന്ന സിനിമയാണ് അരുൺ ബോസ് സംവിധാനം ചെയ്ത മാരിവില്ലിൻ ഗോപുരങ്ങൾ. പ്രേമവും സൗഹൃദവുമെല്ലാം വിവാഹത്തോടെ ഇല്ലാതാകുമെന്ന ക്ലീഷെ സങ്കൽപത്തെ പൊളിച്ചെഴുതുകയാണ് സിനിമ. ഇതിലെ കഥാപാത്രങ്ങൾക്ക് പ്രേമവുമുണ്ട്, സൗഹൃദവുമുണ്ട്! അപ്പോൾ പിന്നെ കോൺഫ്ലിക്ട് എന്താണ്? അതാണ് ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവർ ഒന്നിച്ചെത്തിയ മാരിവില്ലിൻ ഗോപുരത്തെ പ്രമേയപരമായി വേറിട്ടു നിറുത്തുന്നത്.
പരസ്പരം ഇഴചേർന്നിരിക്കുന്ന നാലു വ്യക്തികൾ... ഒരു പ്രത്യേക സാഹചര്യത്തിൽ അവർ ഒരുമിച്ചൊരു ഫ്ലാറ്റിൽ ഒന്നിച്ചു ജീവിക്കാൻ തുടങ്ങുന്നു. ആ കൂട്ടുജീവിതത്തിലൂടെ അവർ ആർജിച്ചെടുക്കുന്ന ജീവിതപാഠങ്ങളാണ് സിനിമ. ഇന്ദ്രജിത് അവതരിപ്പിക്കുന്ന ഷിന്റോ ഒരു തിരക്കഥാകൃത്താണ്. സിനിമാമോഹവുമായി നടക്കുന്ന ഷിന്റോയുടെ ഭാര്യയാണ് ശ്രുതി രാമചന്ദ്രൻ അവതരിപ്പിക്കുന്ന ഷെറിൻ. ഷിന്റോയുടെ അനുജനാണ് സർജാനോ ഖാലിദ് അവതരിപ്പിക്കുന്ന റോണി. വിൻസിയുടെ മീനാക്ഷിയാണ് റോണിയുടെ കാമുകി. ഈ നാലു കഥാപാത്രങ്ങളുടെ ഒറ്റയ്ക്കും ഒരുമിച്ചുമുള്ള യാത്രകളിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്.
വിവാഹം കഴിഞ്ഞാൽ കൈ കെട്ടി, കുട്ടികളായാൽ കാലും കെട്ടിയെന്ന പൊതുബോധനിർമിതിയുടെ പല കാഴ്ചപ്പാടുകളിലൂടെയാണ് സിനിമയിലെ കഥാപാത്രങ്ങൾ യാത്ര ചെയ്യുന്നത്. പറയുമ്പോൾ ഏറെ ക്ഷമയും സമയവും ആരോഗ്യവും നിക്ഷേപിക്കേണ്ട ഉത്തരവാദിത്തമാണ് മാതാപിതാക്കളാവുക എന്നത്. അത്ര സുഖകരമല്ലാത്ത ആ യാത്രയെ ഒൽപമെങ്കിലും ലഘൂകരിക്കുന്നത് കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ സ്നേഹമാണ്. ആ സ്നേഹക്കാഴ്ചകളുണ്ട് മാരിവില്ലിൻ ഗോപുരത്തിൽ. അതിനൊപ്പം, ഓരോ കഥാപാത്രവും അതിജീവിക്കുന്ന തികച്ചും വ്യക്തിപരമായ ചില ഭയങ്ങളെയും സിനിമ സമാന്തരമായി അഭിസംബോധന ചെയ്യുന്നു.
ആദ്യ പകുതിയേക്കാൾ പ്രേക്ഷകർക്ക് വൈകാരിക അടുപ്പം തോന്നുന്നത് രണ്ടാം പകുതിയാണ്. ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവർ അവരവരുടെ സ്ഥിരം പാറ്റേണിലുള്ള പ്രകടനം തന്നെയാണ് ഈ ചിത്രത്തിലും ആവർത്തിക്കുന്നത്. വസിഷ്ട് ഉമേഷ്, ജോണി ആന്റണി, സലിം കുമാർ, വിഷ്ണു ഗോവിന്ദ്, ബിന്ദു പണിക്കർ, സായ് കുമാർ എന്നിവരും ചില പ്രധാന കഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിക്കുന്നുണ്ട്. കേന്ദ്ര കഥാപാത്രങ്ങളുമായുള്ള ഇവരുടെ കോംബിനേഷനുകൾ രസകരമായിരുന്നു.
ലൂക്ക, മിണ്ടിയും പറഞ്ഞും എന്നീ ചിത്രങ്ങൾക്കു ശേഷം അരുൺ ബോസ് സംവിധാനം ചെയ്ത ചിത്രം, പ്രമേയം കൊണ്ടും കാലികമാണ്. ആനിമേഷന്റെയും വിഎഫ്എക്സിന്റെയും സാധ്യതകൾ കഥ പറച്ചിലിൽ ഉപയോഗപ്പെടുത്തിയത് ആസ്വാദ്യകരമായി അനുഭവപ്പെട്ടു. ചിരിക്കുകയും, കണ്ണു നിറയുകയും, ഇമോഷനലി കണക്ട് ആവുകയും ചെയ്യുന്ന നിരവധി നിമിഷങ്ങൾ സിനിമയിലുണ്ട്. വിദ്യാസാഗറിന്റെ പാട്ടുകളും സംഗീതവും സിനിമയിൽ മറ്റൊരു പ്രത്യേകതയാണ്.
സംവിധായകൻ അരുൺ ബോസും ഷൈജൽ പി.വിയും ചേർന്നാണ് ചിത്രത്തിന്റെ എഡിറ്റ് നിർവഹിച്ചിരിക്കുന്നത്. ശ്യാമപ്രകാശ് എം.എസിന്റെ പ്രകാശം പരത്തുന്ന ഫ്രെയിമുകളാണ് ചിത്രത്തിന്റെ മൂഡിന് യോജിച്ചതായി. പ്രമോദ് മോഹന്റേതാണ് തിരക്കഥ. കോക്കേഴ്സ് എന്റർടെയ്ൻമെന്റ്സാണ് സിനിമ നിർമിച്ചിരിക്കുന്നത്. ചുരുക്കത്തിൽ, വലിയ സമ്മർദങ്ങളൊന്നുമില്ലാതെ കാണാൻ കഴിയുന്ന ഫീൽ ഗുഡ് സിനിമയാണ് മാരിവില്ലിൻ ഗോപുരങ്ങൾ.Arun