ത്രില്ലടിപ്പിക്കുന്ന ഫൺ റൈഡ്; ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’ റിവ്യു
Once Upon A Time In Kochi Review
Mail This Article
ഒരു രാത്രിയില്‍ കൊച്ചിയിൽ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവ വികാസങ്ങളും വഴിത്തിരിവുകളും നിറഞ്ഞ ഫൺ റൈഡ് ആണ് നാദിർഷയുടെ ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’ എന്ന ചിത്രം പറയുന്നത്. കൊച്ചിയിലെ മയക്കുമരുന്ന് മാഫിയയും അതിനുപിന്നാലെയുള്ള ഒരു പൊലീസ് ഓഫിസറുടെ അന്വേഷണത്തിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്.
തരികിട പരിപാടികളുമായി ജീവിതം മുന്നോട്ടുനീക്കുന്ന ഹൈബിയും യുകെയിൽ പോയി ജോലി ചെയ്ത് ജീവിക്കണമെന്ന് ആഗ്രഹിച്ചു നടക്കുന്ന ജാനകിയുമാണ് കഥയിലെ നായകനും നായികയും. ഇവരുടെ ജീവിതത്തിലേക്ക് എസ്ഐ ആയ ആനന്ദ് എത്തുന്നതോടെ സംഭവിക്കുന്ന ട്വിസ്റ്റുകളിലൂടെ സിനിമ മറ്റൊരു തലത്തിലേക്കെത്തുന്നു.
സമകാലീനമായ വിഷയങ്ങളും ചിത്രം ചർച്ച ചെയ്യുന്നുണ്ട്. പുതുതലമുറയെ കാർന്നു തിന്നുന്ന മയക്കു മരുന്ന് കച്ചവടവും അതിന്റെ പിന്നാമ്പുറ രഹസ്യങ്ങളും സിനിമയിൽ പറഞ്ഞുപോകുന്നു. കോമഡിക്കൊപ്പം തന്നെ ത്രില്ലർ മൂഡിലാണ് കഥയുടെ സഞ്ചാരം. ക്രൈം ഡ്രാമയ്ക്കൊപ്പം തന്നെ സൗഹൃദവും പ്രണയവും മനോഹരമായി തിരക്കഥയിൽ എഴുതി ചേർത്തിരിക്കുന്നു.
സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയുടെ മകൻ മുബിൻ എം. റാഫിയാണ് ഹൈബിയായെത്തുന്നത്. പുതുമുഖതാരമെന്നു തോന്നിപ്പിക്കാത്ത വിധത്തിലുള്ള പ്രകടനമാണ് മുബിൻ കാഴ്ചവച്ചിരിക്കുന്നത്. ഈ സിനിമയുടെ തിരക്കഥയും റാഫിയുടേതാണ്. നാദിർഷ - റാഫി കൂട്ടുകെട്ട് ഇത് ആദ്യമായാണ് ഒരുമിക്കുന്നത്.
എസ്ഐ ആനന്ദായി അർജുൻ അശോകനും ജാനകിയായി ദേവിക സഞ്ജയ്‌യും എത്തുന്നു. ഷൈൻ ടോം ചാക്കോ, ജോണി ആന്റണി, മാളവിക മേനോൻ, നേഹ സക്സേന, സമദ് സുലൈമാൻ, സുധീർ കരമന, സാജു നവോദയാ, റിയാസ് ഖാൻ, ജാഫർ ഇടുക്കി, കലാഭവൻ റഹ്മാൻ, കലാഭവൻ ജിന്റോ, സുധീർ സുകുമാരൻ, ശിവജിത്ത്, അഭിഷേക് ശ്രീകുമാർ, അശ്വത് ലാൽ, സ്മിനു സിജോ, റാഫി, അരുൺ നാരായണൻ, ബൈജു സന്തോഷ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ
ഹിഷാം അബ്ദുൽ വഹാബിന്റെ സംഗീതം സിനിമയോട് ഇഴചേർന്നു നിൽക്കുന്നു. ഷാജികുമാർ ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിങും ഒരുക്കിയിരിക്കുന്നു.
കോമഡി ട്രാക്കിൽ വൈവിധ്യം നിറഞ്ഞ പ്രമേയം ഒരുക്കാൻ നാദിർഷയ്ക്കു കഴിഞ്ഞുവെന്ന് നിസംശയം പറയാം. സംവിധായകന്റെ മുൻപുള്ള സിനിമകളിലേതു പോലെ തന്നെ തിയറ്ററുകളിൽ പോയി ആസ്വദിച്ചു കാണാവുന്ന സിനിമയാണ് ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’.